ബംഗളുരു: ഡിസംബര്‍ ഒന്നിന് ഭാരത ബന്ദിന് ആഹ്വാനം. രാജവ്യാപകമായ ഭാരത ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത് ശ്രീ രാജ്പുത് കര്‍ണി സേനയാണ്. ബോളിവുഡ് ചിത്രം ‘പദ്മാവതി’ റിലീസ് ചെയ്യാനൊരുങ്ങുന്ന ഡിസംബര്‍ ഒന്നിനാണ്് രാജ്യവ്യാപക ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. സിനിമയ്‌ക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ കൂടുതല്‍ പ്രമുഖര്‍ പ്രക്ഷോഭകാരികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുന്നത് തുടരുകയാണ്.
രാജസ്ഥാന്‍ മന്ത്രി കിരണ്‍ മഹേശ്വരിയാണ് ഏറ്റവുമൊടുവില്‍ പ്രതിഷേധത്തോട് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ചത്. ചരിത്ര വസ്തുതകളെ വളച്ചൊടിക്കുന്നത് അംഗീകരിക്കാന്‍ കഴില്ലെന്നു പ്രഖ്യാപിച്ച് ബി.ജെ.പി. രാജസ്ഥാന്‍ അധ്യക്ഷന്‍ അശോക് പര്‍ണാമി, കോണ്‍ഗ്രസ് രാജ്യസഭാംഗം സഞ്ജയ് സിങ്, ഉദ്യപുര്‍ രാജകുടുംബാംഗം ലക്ഷ്യരാജ് സിങ് മേവാര്‍ എന്നിവര്‍ നേരത്തേ തന്നെ രംഗത്തു വന്നിരുന്നു.
‘പദ്മാവതി’യിലെ ഏതെങ്കിലും രംഗം ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തുന്നതാണെങ്കില്‍ അതിനെതിരേ നടപടി േവണമെന്നു കോണ്‍ഗ്രസും ആവശ്യമുന്നയിച്ചു.
താന്‍ ‘പദ്മാവതി’ കണ്ടുവെന്ന വാര്‍ത്ത സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷി നിഷേധിച്ചു. ജോഷി സിനിമ കണ്ടുവെന്നും അതില്‍ എതിര്‍ക്കപ്പെടേണ്ടതൊന്നും കണ്ടില്ലെന്നും നേരത്തേ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചിത്രം ക്രമസമാധന പ്രശ്‌നങ്ങള്‍ക്കു കാരണമാകുമോ എന്നാരാഞ്ഞു രാജസ്ഥാന്‍ വനിതാ കമ്മിഷന്‍, സെന്‍സര്‍ ബോര്‍ഡിന് കത്തയച്ചു. അതിനിടെ, രാജ്‌സമന്ദ് ജില്ലയിലെ കുംഭാല്‍ഗഡ് കോട്ടയുടെ കവാടത്തില്‍ രജപുത്ര വിഭാഗക്കാര്‍ ഉപരോധം സംഘടിപ്പിച്ചു. ചരിത്രപുരുഷനായ മഹാറാണാ പ്രതാപിന്റെ ജന്മസ്ഥലമായ കുംഭാല്‍ഗഡ് രാജസ്ഥാനിലെ പ്രമുഖ സഞ്ചാര കേന്ദ്രങ്ങളിലെന്നാണ്.
കഴിഞ്ഞ ദിവസം ചിത്തോര്‍ഗഡ് കോട്ടയുടെ കവാടത്തിലും പ്രതിഷേധം നടന്നിരുന്നു.
‘പദ്മാവതി’യുടെ റിലീസ് തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന ചിത്രത്തിലെ നായിക ദീപികാ പദുകോണിന്റെ പ്രസ്താവന പ്രകോപനപരമാണെന്ന് കര്‍ണി സേനാ നേതാവ് ലോകേന്ദ്ര സിങ് കാല്‍വി പറഞ്ഞു. മുസ്ലിം വിഭാഗത്തില്‍നിന്നു പോലും തങ്ങളുടെ വാദത്തിനു പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശ്‌നത്തില്‍ ഇടപെടണമെന്നും കാല്‍വി ആശ്യപ്പെട്ടു. ഗുരുഗ്രാം, പട്‌ന, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കാനും കര്‍ണി സേനയ്ക്ക് പദ്ധതിയുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ തയ്യറായിരിക്കണമെന്ന് യു.പി. ഡി.ജി.പി. സുല്‍ഹാന്‍ സിങ് പോലീസിനു നിര്‍ദേശം നല്‍കി. ബംഗളുരുവിലും ചിത്രത്തിനെതിരേ പ്രതിഷേധ പ്രകടനം നടന്നു.
Post Your Comments