‘സിപിഐയെ ഭയന്നുകൊണ്ട് കേരളത്തിലെ സിപിഎമ്മിന് എത്രനാൾ മുന്നോട്ട് പോകാനാവും?’. കുറേനാളായി പലരുടെയും മനസിലുള്ള ചോദ്യമാണിത്. മാർക്സിസ്റ്റ് പാർട്ടിക്കാർ അത് പലവട്ടം ചിന്തിച്ചിരിക്കണം. കിട്ടുന്ന അവസരത്തിലൊക്കെ സിപിഎമ്മിനെ ‘പിന്നിൽനിന്ന് കുത്തുന്ന’ ശീലം അവർ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ലല്ലോ. പലപ്പോഴും സിപിഐ നേതാക്കൾ പുണ്യവാളൻ ചമയുന്നതാണ് കാണുന്നത്. പിന്നെ സാധാരണ നാട്ടിൽ പറയാറുള്ളതുപോലെ ‘പുരകത്തുമ്പോൾ വാഴവെട്ടുന്ന’ സമ്പ്രദായവും. തോമസ് ചാണ്ടി പ്രശ്നത്തിൽ അവർ എടുത്ത നിലപാട് യഥാർഥത്തിൽ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം നാണക്കേടുണ്ടാക്കി എന്നുമാത്രമല്ല തല പുറത്തുകാണിക്കാൻ കഴിയാത്ത വിധത്തിലാക്കുകയും ചെയ്തു. എനിക്ക് തോന്നുന്നു, മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ‘ ഇതിങ്ങനെ എത്രനാൾ …….’ എന്ന് മനസ്സിൽ തോന്നിയിരിക്കും, തീർച്ച. ഒരു മുന്നണിയിൽ നിൽക്കുമ്പോൾ പാലിക്കേണ്ടുന്ന ചില ധർമ്മമൊക്കെയുണ്ട്…… ആ ധാര്മികതയാണ് കൂട്ടുകെട്ട് രാഷ്ട്രീയത്തിന്റെ അടിത്തറ. അതാണിവിടെ ലംഘിക്കപ്പെട്ടിരിക്കുന്നത്. ഇതൊക്കെ പറയുമ്പോൾ സിപിഎമ്മും സിപിഐയും തമ്മിലടിക്കുമ്പോൾ നിങ്ങൾക്കെന്ത് കാര്യമെന്ന് ചിലരെങ്കിലും ചിന്തിച്ചേക്കാം. സിപിഐയും സിപിഎമ്മും തമ്മിലടിക്കുന്നത് നല്ലതല്ലേ എന്ന് ആരായുന്നവരുമുണ്ടാവാം. എന്നാൽ ഇത് ഒരു രാഷ്ട്രീയ പ്രശ്നം മാത്രമല്ലല്ലോ. ഒരു മുഖ്യമന്ത്രിയിൽ വിശ്വാസമില്ലെന്ന് മന്ത്രിസഭയിലെ ഒരു കൂട്ടം പരസ്യമായി പറയുന്നു എന്നതല്ലേ. ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലക്ക്, ഒരു രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലക്ക് ഇതൊക്കെ കാണാതെ പോകാനാവില്ലല്ലോ.
ഇടതുമുന്നണി യോഗം തോമസ് ചാണ്ടി പ്രശ്നത്തിൽ ചില നിലപാടുകൾ എടുത്തിരുന്നു; അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തു. അതുസംബന്ധിച്ച ചർച്ചകൾ ബുധനാഴ്ച മുഖ്യമന്ത്രി നടത്തിയതാണ് . അതിനിടയിലാണ് പതിവ് മന്ത്രിസഭാ യോഗം. തോമസ് ചാണ്ടി പ്രശ്നത്തിൽ എന്താണ് മുഖ്യമന്ത്രി തീരുമാനിച്ചത് എന്നത് വ്യക്തമാവും മുൻപേ സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽനിന്ന് വിട്ടുനിൽക്കുന്നു. തോമസ് ചാണ്ടിക്കൊപ്പം മന്ത്രിസഭായോഗത്തിൽ സംബന്ധിക്കാൻ കഴിയില്ല എന്നതായിരുന്നു അവരുടെ നിലപാട്. മന്ത്രിസഭായോഗത്തിൽനിന്ന് വിട്ടുനിൽക്കുന്ന കാര്യം അവരുടെ മുതിർന്ന മന്ത്രി ഇ. ചന്ദ്രശേഖരൻ മുഖ്യമന്ത്രിയെ രേഖാമൂലം അറിയിക്കുകയും ചെയ്തു. അതായത് മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാൻ സിപിഐ മന്ത്രിമാർ തീരുമാനിക്കുകയായിരുന്നു എന്നത് രേഖാമൂലം ധരിപ്പിച്ചിരിക്കുന്നു. അതാവട്ടെ മുഖ്യമന്ത്രിയോടുള്ള അഭിപ്രായഭിന്നത കൊണ്ടും. എന്താണിത് കാണിക്കുന്നത്…..?. സംശയമേയില്ല, മുഖ്യമന്ത്രിയിൽ വിശ്വാസമില്ലെന്ന് ആ നാല് മന്ത്രിമാർ പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. അത് ഒരർഥത്തിൽ ഒരു വലിയ പ്രശ്നം തന്നെയാണ്.
ഇന്ത്യയുടെ ചരിത്രത്തിൽ ഇത്തരമൊരു സംഭവമുണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. എന്റെ ഓർമ്മയിൽ അങ്ങനെയൊന്ന് വരുന്നില്ല. കേരളത്തിൽ അതൊന്നും കേട്ടിട്ടേയില്ല. ജനത പാർട്ടി കേന്ദ്രത്തിൽ അധികാരത്തിലുള്ള കാലത്താണ് ഒരു മന്ത്രിസഭയിൽ ഏറ്റവുമധികം ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടായിരുന്നത്. മന്ത്രിമാർ ഗ്രൂപ്പ് തിരിഞ്ഞുപടവെട്ടിയ നാളുകളാണ് അന്നുണ്ടായിരുന്നത്. ഏതാണ്ടൊക്കെ സമാനമായ സ്ഥിതി അക്കാലത്ത് ചില സംസ്ഥാനങ്ങളിലും ജനത പാർട്ടി സർക്കാരുകൾക്ക് കീഴിലുണ്ടായിരുന്നു. പക്ഷെ അപ്പോൾ പോലും ഇതുപോലെ എന്തെങ്കിലും കാര്യങ്ങൾ ചൂണ്ടിക്കാട്ടി, മുഖ്യമന്ത്രിയിൽ അവിശ്വാസമർപ്പിച്ചുകൊണ്ട് , മന്ത്രിസഭാ യോഗം കൂട്ടത്തോടെ ബഹിഷ്കരിച്ചത് കേട്ടിട്ടില്ല. അങ്ങിനെ സംഭവിച്ചിരുന്നുവെങ്കിൽ, ജനതാ പാർട്ടിയിലെ ഭിന്നതകൾക്കിടയിൽപോലും, ആ മന്ത്രിമാർ പുറത്താവുമായിരുന്നു എന്ന് കരുതുന്നയാളാണ് ഞാൻ. അതിനുതക്ക അംഗീകാരവും അധികാരവും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കുമൊക്കെ അന്നുമുണ്ടായിരുന്നു. പിന്നെ അന്ന് ഇടഞ്ഞുനിന്നിരുന്നത് ചരൺ സിംഗിനെയും ജഗജീവൻ റാമിനെയും പോലുള്ള കരുത്തരായ നേതാക്കളായിരുന്നു എന്നതുമോർക്കുക; ഇത്തിക്കണ്ണികളെപ്പോലെ കഴിഞ്ഞുകൂടുന്നവരല്ല. അതാണ് കേരളത്തിലെ മുഖ്യമന്ത്രിയും സിപിഎമ്മും ഓർമ്മിക്കേണ്ടത്.
സിപിഐ മന്ത്രിമാർ ചെയ്തതിനെ പരസ്യമായി ന്യായീകരിക്കാൻ അവരുടെ സംസ്ഥാന സെക്രട്ടറി തയ്യാറായതും കണ്ടു. ‘ജനയുഗം’ പത്രത്തിൽ കാനം രാജേന്ദ്രന്റെ പേരുവെച്ചുള്ള മുഖപ്രസംഗം അക്ഷരാർഥത്തിൽ സിപിഎമ്മിനും മുഖ്യമന്ത്രിക്കും നേരെയുള്ള പരസ്യ വെല്ലുവിളിയാണ്. മുഖ്യമന്ത്രിയിലുള്ള അവിശ്വാസമാണ് മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിൽക്കാൻ കാരണം എന്ന് അദ്ദേഹം പറയുന്നുണ്ട്. മുഖപ്രസംഗത്തിലെ ഒരു ഭാഗം നോക്കൂ… ” ഇന്നലത്തെ മന്ത്രിസഭാ യോഗത്തിൽ നിന്നും സിപിഐ പ്രതിനിധികളായ നാല് മന്ത്രിമാരും വിട്ടുനില്‍ക്കുകയുണ്ടായി. പാര്‍ട്ടി നിര്‍ദ്ദേശാനുസരണമാണ് തങ്ങൾ യോഗത്തിൽ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന വിവരം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചിരുന്നു. മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിൽ സിപിഐ മന്ത്രിമാരുടെ നടപടി അസാധാരണമാണെന്ന് പറയുകയുണ്ടായി. തങ്ങളുടെ നടപടി അസാധാരണമാണെന്ന ഉത്തമബോധ്യത്തോടെയാണ് സിപിഐ മന്ത്രിമാരും അവരെ നയിക്കുന്ന പാര്‍ട്ടിയും അതിന് മുതിര്‍ന്നത്. അസാധാരണമായ സാഹചര്യമാണ് അസാധാരണമായ നടപടിക്ക് സിപിഐയെ നിര്‍ബന്ധിതമാക്കിയത്. അത് പ്രതീക്ഷിച്ച ഫലപ്രാപ്തിയിലേക്കാണ് കേരള രാഷ്ട്രീയത്തെ നയിച്ചത്…………”. അതുകൊണ്ടും തീരുന്നില്ല സിപിഐയുടെ വെല്ലുവിളി. അതേ മുഖപ്രസംഗത്തിൽ കാനം തുടരുന്നു……. ” തോമസ് ചാണ്ടിക്കും കുടുംബത്തിനും മുഖ്യ പങ്കാളിത്തമുള്ള ലേക് പാലസ് റിസോര്‍ട്ടിനെതിരെ ഉയര്‍ന്നിട്ടുള്ള കായൽ കയ്യേറ്റ ആരോപണങ്ങളിൽ നാളിതുവരെ നടന്ന അന്വേഷണങ്ങൾ എല്ലാം അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സ്ഥാപനത്തെയും പ്രതിക്കൂട്ടിൽ നിര്‍ത്തുന്നവയാണ്. കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ തുടര്‍നടപടികൾ സ്വീകരിക്കാമായിരുന്നിട്ടും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിന് ഭംഗം വരുത്തുന്ന യാതൊരു നടപടിക്കും റവന്യൂവകുപ്പ് മന്ത്രി മുതിര്‍ന്നില്ല. ഏ ജിയുടെ നിയമോപദേശം, ഹൈക്കോടതിയിൽ തോമസ് ചാണ്ടി നല്‍കിയ ഹര്‍ജിയിലെ തീര്‍പ്പ് തുടങ്ങിയ നിയമപരമായ എല്ലാ സാധ്യതകൾ ക്കും സിപിഐ ക്ഷമാപൂര്‍വം കാത്തിരുന്നു. ……… എല്ലാ സാധ്യതകളും പൂര്‍ണമായി പ്രയോജനപ്പെടുത്തിയശേഷവും എല്‍ഡിഎഫിനെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളുടെയും ന്യായമായ വികാരങ്ങളെ നിരാകരിക്കുന്നിടത്തോളം സംഭവങ്ങൾ എത്തിച്ചേര്‍ന്ന ഘട്ടത്തിലാണ് കര്‍ശനമായ നിലപാടുകളിലേയ്ക്ക് നീങ്ങാൻ സിപിഐ നിര്‍ബന്ധിതമായത് “.
എന്താണതിന്റെ അർഥം?. ആവശ്യമായ നടപടി സ്വീകരിക്കാമായിരുന്നിട്ടും മുഖ്യമന്ത്രി അതിന് തയ്യാറായില്ല എന്നും അതുകൊണ്ടാണ് സിപിഐ മന്ത്രിമാർ വിട്ടുനിന്നത് എന്നുമല്ലേ……. “ന്യായമായ വികാരങ്ങളെ നിരാകരിക്കുന്നിടത്തോളം സംഭവങ്ങൾ എത്തിച്ചേര്‍ന്നു…” എന്നല്ലേ സിപിഐ കുറ്റപ്പെടുത്തുന്നത് . അങ്ങിനെത്തന്നെയാണ് ആക്ഷേപം, സംശയമില്ല. അതാണ് ആദ്യമേ സൂചിപ്പിച്ചത്, മുഖ്യമന്ത്രിയിലുള്ള അവിശ്വാസമാണ് സിപിഐയും അവരുടെ മന്ത്രിമാരും പരസ്യമായി പ്രകടിപ്പിച്ചത് എന്ന്. ഇവിടെയാണ് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാടുകൾ എന്താണ് എന്നറിയാൻ കേരളം ആഗ്രഹിക്കുന്നത്.
സിപിഐ കേരളത്തിൽ ഒരു ചെറിയ കക്ഷിയാണ് എന്നതിൽ ആർക്കാണ് സംശയം; എനിക്ക് തോന്നുന്നു സിപിഐക്കാർക്കൊഴികെ മറ്റാർക്കും ഇക്കാര്യത്തിൽ സംശയമുണ്ടാവാനിടയില്ല. പക്ഷെ ഇടതുമുന്നണിയുടെ തണലിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കുന്നതും അവരാണ്. തനിച്ചുനിന്നാൽ കേരളത്തിലെ ഒരൊറ്റ നിയോജക മണ്ഡലത്തിലും ജയിക്കാൻ പോയിട്ട് കെട്ടിവെച്ചതുക നേടാൻ അവർക്കാവുമോ എന്നത് സംശയാസ്പദമാണ്. അത്രയേ എനിക്ക് പറയാനാവൂ. അതൊക്കെ നന്നായി അറിയുന്നവരാണ് സിപിഎമ്മുകാർ. പരസ്യ പ്രസ്താവനകൾ കൊണ്ട് ജീവിക്കുന്നവരാണിവർ, ഒരുപരിധിവരെ. സി അച്യുതമേനോനും, ഇ ചന്ദ്രശേഖരൻ നായരും പികെ ശ്രീനിവാസനും എംഎൻ ഗോവിന്ദൻ നായരും പികെവിയുമൊക്കെ നേതൃത്വത്തിൽ ഉണ്ടായിരുന്ന കക്ഷിയാണിത്. ശരിയാണ് , കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ വെച്ച് തലയെടുപ്പുള്ള നേതാക്കൾ പലരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവർക്ക് അവരുടെ കാലഘട്ടത്തിൽ രാഷ്ട്രീയരംഗത്ത് ഒരു ആഭിജാത്യം പുലർത്താൻ കഴിഞ്ഞിരുന്നു. അതുപോലെയാണോ ഇന്നുള്ളവർ?.
‘ജനയുഗ’ത്തിലൂടേയും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി വാർത്താസമ്മേളനത്തിലൂടെയും നൽകിയ വിശദീകരണത്തിനും അവർ നടത്തിയ വിമർശനത്തിനും ‘ദേശാഭിമാനി’ മറുപടി നൽകിയിട്ടുണ്ട്. കോടിയേരിയുടെ വാർത്താസമ്മേളനത്തിന് പിന്നാലെയാണ് ‘ദേശാഭിമാനി’യുടെ കടന്നാക്രമണം. “ഒരു മുന്നണി എന്നനിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഏതെങ്കിലും ഒരു പാര്‍ടിയുടെ നിലപാട് മറ്റുള്ളവരെല്ലാം അംഗീകരിക്കണമെന്ന സമീപനം പ്രായോഗികമല്ല. അത് മുന്നണിമര്യാദയുമല്ല. അതുകൊണ്ടാണ് കക്ഷികള്‍തമ്മില്‍ ഉഭയകക്ഷിചര്‍ച്ചയും മുന്നണിക്കകത്തുനിന്നുള്ള ചര്‍ച്ചയും എന്ന രീതി പലപ്പോഴും സ്വീകരിക്കുന്നത്. ഓരോസന്ദര്‍ഭത്തിലും ഉയര്‍ന്നുവരുന്ന സങ്കീര്‍ണമായ പ്രശ്നങ്ങളെ സമചിത്തതയോടെ കൈകാര്യംചെയ്താണ് 1980മുതല്‍ എല്‍ഡിഎഫ് പ്രവര്‍ത്തിച്ചുവരുന്നത്. എന്നാല്‍, കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായ സംഭവങ്ങള്‍ ശത്രുക്കള്‍ക്ക് മുതലെടുപ്പ് നടത്താന്‍ സഹായകവും ഇടതുപക്ഷമുന്നണിയെ ദുര്‍ബലപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന വിഭാഗങ്ങള്‍ക്ക് താല്‍ക്കാലികാശ്വാസം നല്‍കുന്ന നടപടിയുമായിപ്പോയി എന്ന് പറയാതെ വയ്യ” എന്നാണ് സിപിഎം പത്രം ഓർമ്മിപ്പിച്ചത്. അതിനൊപ്പം ” മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുന്നില്ല എന്നറിയിച്ചുള്ള കുറിപ്പ് മുഖ്യമന്ത്രിക്ക് നല്‍കുകയാണുണ്ടായത്. ഇതാണ് അസാധാരണമായ നടപടി. എല്‍ഡിഎഫിനോ മുന്നണിക്കോ നിരക്കുന്ന നടപടിയാണോ സിപിഐ സ്വീകരിച്ചത് എന്ന് നേതൃത്വം പരിശോധിക്കണം. മന്ത്രിസഭായോഗം ബഹിഷ്കരിക്കത്തക്ക ഗുരുതരസാഹചര്യം വന്നാല്‍ മുന്നണിനേതൃത്വം വഴിയാണ് അക്കാര്യം കൈകാര്യംചെയ്യേണ്ടിയിരുന്നത്. അതിനുപകരം രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധം നല്‍കുകയല്ല വേണ്ടത് ” എന്ന് വ്യക്തമാക്കുകയും ചെയ്തു.
തങ്ങൾ കേരളത്തിലുണ്ടായിരുന്ന മുഖ്യമന്ത്രിപദം, അധികാരം, വിട്ടൊഴിഞ്ഞുകൊണ്ട് ഇടതുമുന്നണിയെ വരിച്ചവരാണ് എന്നൊക്കെയാണ് സിപിഐക്കാർ പറയുന്നത്. ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനായി എന്തൊക്കെയോ ബലിദാനം ചെയ്തു എന്ന് പറയുന്നവർ. പികെവി മുഖ്യമന്ത്രി പദമൊഴിഞ്ഞതാണ് സൂചിപ്പിക്കുന്നത്. എന്താണ് യഥാർഥത്തിൽ സംഭവിച്ചത്……?. ചരിത്രം കുറച്ചൊക്കെ പരിശോധിക്കാതെ പോകുന്നത് ശരിയല്ല. അടിയന്തരാവസ്ഥക്കാലത്ത് പോലും കോൺഗ്രസിനൊപ്പം നിൽക്കുകയും എല്ലാ സുഖസൗകര്യങ്ങളും അനുഭവിക്കുകയും ചെയ്തവരാണ് സിപിഐക്കാർ. അക്കാലത്ത് സോവിയറ്റ് യൂണിയൻ ഇന്ദിരാഗാന്ധിക്കൊപ്പമായിരുന്നു; അതുകൊണ്ട് സിപിഐയും. കേരളത്തിൽ അക്കാലത്താണ് സി അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്നത്………രാജ്യസഭയിൽ അക്കാലത്ത് രാജാവിനെപ്പോലെ കഴിഞ്ഞവരാണ് ഭൂപേശ് ഗുപ്തയും മറ്റും. 1977 -ലെ തിരഞ്ഞെടുപ്പിൽ അവർ കോൺഗ്രസിനൊപ്പം ചേർന്ന് മത്സരിച്ചതുമാണ്. പക്ഷെ തിരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധി തോൽക്കുകയും കോൺഗ്രസ് അധികാരത്തിൽ നിന്ന് നിഷ്കാസിതമാവുകയും ചെയ്തപ്പോൾ സോവിയറ്റ് യൂണിയന്റെ മനസ്സും മാറിത്തുടങ്ങി. പിന്നെ കോൺഗ്രസിന്റെ സഹയാത്രികർ എന്നുപറഞ്ഞു നാട്ടിലിറങ്ങി നടക്കാൻ വയ്യാത്ത അവസ്ഥയും. അതിന്റെ തുടർച്ചയായാണ് കോൺഗ്രസ് ബാന്ധവം ഉപേക്ഷിക്കാനും ഇടത് ഐക്യത്തിനായി നിലകൊള്ളാനും സിപിഐ തീരുമാനിച്ചത്. അപ്പോഴും എസ് എ ഡാങ്കെയെപ്പോലുള്ള അവരുടെ നേതാക്കൾക്ക് കോൺഗ്രസ് ബന്ധം ഉപേക്ഷിക്കാൻ മനസുണ്ടായിരുന്നില്ല എന്നത് മറക്കുകയുമരുത്. അങ്ങിനെ വേറൊരു നിലനില്പില്ലാതെ കോൺഗ്രസിനെ വിട്ട് ഇടതു ഐക്യത്തിനായി സിപിഐ വന്നത് ഇന്നിപ്പോൾ ഒരു വലിയ ത്യാഗമായി പറയുമ്പോൾ ചിരിക്കാതിരിക്കാനാവുമോ. അക്കാലത്ത് ഇഎംഎസിനെ പോലുള്ളവർ പറഞ്ഞിരുന്നതും ഇക്കാലത്ത് ഓർക്കുന്നത് നല്ലതാണ് : ‘കോൺഗ്രസ് ബന്ധം വിട്ടുവന്നാൽ ആലോചിക്കാം’ എന്നതായിരുന്നു നമ്പൂതിരിപ്പാടിന്റെ അന്നത്തെ ലൈൻ. അതിനനുസൃതമായി സിപിഐ മുന്നോട്ടുവരുമ്പോൾ അതെങ്ങിനെ ത്യാഗമാവും ?.
സിപിഐയെ ഇനി എങ്ങിനെ കൈകാര്യം ചെയ്യാനാവും എന്നത് സിപിഎമ്മിന് തലവേദനയാണ്. കാരണം അത് കേരളത്തിൽ മാത്രമുള്ള സഖ്യമല്ല, ദേശീയതലത്തിലെ വിഷയമാണ്. പക്ഷെ ഇങ്ങനെ എത്രനാൾ ……..?. എത്രയോ തവണ അവർ അടുത്തകാലത്ത് ഇതുപോലെയൊക്കെ പെരുമാറിയിരിക്കുന്നു. മൂന്നാർ, ലോ അക്കാഡമി സമരം, മഹിജ പ്രശ്നം…… … ഏറ്റവുമൊടുവിലത്തേതാണ് തോമസ് ചാണ്ടി. ഇടുക്കി എംപിയുടെ ഭൂമികൈയേറ്റ വിഷയത്തിൽ മുഖ്യമന്ത്രി പ്രതിക്കൂട്ടിലായതും ഇതിനൊക്കെയൊപ്പം ചേർത്ത് വെക്കേണ്ടതല്ലേ. ഇതൊക്കെ കണ്ടില്ലെന്ന് നടിക്കാൻ മുഖ്യമന്ത്രി തയ്യാറാവുമോ. അടുത്ത ബുധനാഴ്ച മന്ത്രിസഭായോഗത്തിലേക്ക് കയ്യുംവീശി വളരെ കൂൾ ആയി ഇതേ സിപിഐ മന്ത്രിമാർ കയറിവന്നാൽ ……..?. അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലല്ലോ. ഒരേ ഒരു അഭ്യർത്ഥന, മുഖ്യമന്ത്രിയോട്……. അത്തരമൊരു അവസ്ഥ ഉണ്ടായാൽ അത് പിണറായി വിജയന് നാണക്കേടാവും; ദശാബ്ദങ്ങളായി സിപിഎമ്മിന് ഇടതുമുന്നണിയിലുള്ള മുൻതൂക്കം ചോർന്നുതുടങ്ങുന്നതിന്റെ ദൃഷ്ടാന്തമാവും. അത് ഉണ്ടാവണോ?. അത്തരമൊരു അവസ്ഥ പിണറായി വിജയനായിട്ട്, കോടിയേരി ബാലകൃഷ്ണനായിട്ട് സൃഷ്ടിച്ചു എന്ന് വരുത്തിത്തീർക്കാണോ …… തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്, സിപിഎമ്മാണ്. ഇതുവരെ സിപിഎം സെക്രട്ടറി പറഞ്ഞതും ദേശാഭിമാനി കുറിച്ചതുമൊക്കെ പരിശോധിച്ചാൽ അതിനുള്ള മറുപടിയായി എന്ന് ആരെങ്കിലും പറയുമെന്ന് തോന്നുന്നില്ല . അതെ ആ വ്യക്തത വരുത്താൻ അവർക്കായിട്ടില്ല. അതെ, ഇനിയും കേരളംകാത്തിരിക്കുന്നത് ആ മറുപടിക്കാണ് .
Post Your Comments