തിരുവനന്തപുരം: നിര്‍മല്‍ കൃഷ്ണ ചിട്ടി ഫണ്ട് കേസിലെ മുഖ്യപ്രതികളിലൊരാളായ എസ്. മഹേഷി(42)നെ ക്രൈം ബ്രാഞ്ച് പ്രത്യേകസംഘം ഇന്നലെ രാത്രി അറസ്റ്റ് ചെയ്തു. ചിട്ടിഫണ്ട് ഉടമ കെ. നിര്‍മലന്റെ ഭാര്യാസഹോദരനാണ് ഒളിവിലായിരുന്ന മഹേഷ്. കേസിലെ ഒന്നാം പ്രതിയായ നിര്‍മലന്‍ ഒളിവിലാണ്. നിക്ഷേപത്തട്ടിപ്പ് 500 കോടിയോളം രൂപയുടേതാണെന്നാണു പ്രാഥമിക വിവരം.
ബിനാമി പേരുകളില്‍ ചിട്ടിയില്‍ നിക്ഷേപിച്ച ഉന്നതരുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഡയറി ക്രൈംബ്രാഞ്ച് പിടിച്ചെടുത്തതായി സൂചനയുണ്ട്. ഉന്നത രാഷ്ട്രീയ നേതാക്കളുടെ പിന്‍ബലത്തോടെയാണു ചിട്ടി ഫണ്ടിന്റെ പ്രവര്‍ത്തനം ബലപ്പെടുത്തിയതെന്നു പിടിയിലായ മഹേഷ് അന്വേഷണസംഘത്തോടു വ്യക്തമാക്കിയിട്ടുണ്ട്.
യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥനെ മഹേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യും. അതേസമയം മുന്‍ മന്ത്രി വി.എസ്. ശിവകുമാറിന്റെ പഴ്‌സണല്‍ സ്റ്റാഫംഗത്തെ ഇതുവരെ ചോദ്യംചെയ്തിട്ടില്ലെന്ന് അന്വേഷണ ഉദാ്യേഗസ്ഥര്‍ പറയുന്നു.
രണ്ടു കോടിയിലധികം രൂപ നിക്ഷേപിച്ച നാലു പ്രമുഖരെക്കുറിച്ചുള്ള വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് പരിശോധിക്കുകയാണ്. ഉന്നതര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ അന്വേഷണവിവരങ്ങള്‍ പുറത്തുപോകരുതെന്നു ക്രൈം ബ്രാഞ്ച് ഐ.ജി: എസ്. ശ്രീജിത്ത് നിര്‍ദേശിച്ചിട്ടുണ്ട്.
തലസ്ഥാനത്ത് 25 കോടിയിലധികം രൂപ വിലമതിക്കുന്ന ഭൂമി ബിനാമി പേരുകളിലേക്ക് നിര്‍മലനും സംഘവും മാറ്റിയതായി പ്രത്യേകസംഘത്തിനു തെളിവു ലഭിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയ നേതാവിന്റെ ഭൂമി മറിച്ചു വിറ്റതിലൂടെ കോടികള്‍ നിക്ഷേപമായി ലഭിച്ചെന്ന ആക്ഷേപത്തെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. അന്വേഷണത്തിന്റെ ഭാഗമായി മഹേഷിനെ തമിഴ്‌നാട് പോലീസിനു കൈമാറും.
Post Your Comments