ലണ്ടന്‍: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരങ്ങളില്‍ സമനിലയിൽ ബ്രസീലും ജര്‍മനിയും. ബ്രസീലും യുവതാരങ്ങള്‍ നിറഞ്ഞ ഇംഗ്ലണ്ടും വെംബ്ലിയില്‍ ഏറ്റുമുട്ടിയപ്പോള്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. നെയ്മർ ഉൾപ്പെട്ട ബ്രസീൽ ടീമിനെ ഇംഗ്ലണ്ട് ശക്തമായി നേരിട്ടു.
ജർമനിക്കെതിരെ കളിച്ച ടീമിൽ നിന്ന് അഞ്ചു മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് സൗഹൃദ മത്സരത്തിന് ഇറങ്ങിയത്. ലിവർപൂൾ പ്രതിരോധതാരം ജോ ഗോമസിനെ ആദ്യ ഇലവനിൽ ഇറക്കി. അതേസമയം, മുന്നേറ്റതാരം ഡൊമിനിക് സൊളാങ്കയ്ക്ക് അരങ്ങേറ്റത്തിനുള്ള അവസരവും ഇംഗ്ലണ്ട് പരിശീലകൻ ഗാരെത് സൗത്ത്ഗേറ്റ് നൽകി.
ജർമനിയിലെ കൊളോംഗ് സ്റ്റേഡിയത്തിൽ ജര്‍മനിയും ഫ്രാൻസും ഏറ്റുമുട്ടിയപ്പോൾ മത്സരം 2-2 സമനിലയിൽ പിരിഞ്ഞു. ഫ്രാൻസിന് വേണ്ടി അലക്സാണട്രെ ലാകാസെറ്റെ(33,71) ഇരട്ട ഗോൾ നേടി. ടിമോ വെർനെർ(56), ലാർസ് സ്റ്റിൻഡിൽ(90) എന്നിവരിലൂടെ ജർമനി സമനില പിടിച്ചു.
Post Your Comments