സാമ്പത്തിക ക്രമക്കേടുകളുടെയും അഴിമതികളുടെയും പേരിൽ ജനപ്രതിനിധികൾ രാജി വയ്ക്കുന്നത് ജനാധിപത്യത്തിലെ സ്വാഭാവിക പ്രക്രിയയാണ്. തെളിവുകളും സാക്ഷികളും നിരന്നു നിൽക്കുകയും കോടതി പരാമർശങ്ങൾ ഉണ്ടാവുകയും ചെയ്യുമ്പോൾ രാജി അനിവാര്യം . ഇത്തരമൊരു കീഴ്വഴക്കത്തെ തോമസ് ചാണ്ടി ആദ്യം നിഷേധിച്ചു . ഒടുവിൽ നിവർത്തി കേടിന്റെയും നാണക്കേടിന്റെയും പുറത്ത് രാജിവയ്‌ക്കേണ്ടി വന്നു.
പിണറായി മന്ത്രി സഭയിലുള്ള ചാണ്ടി ആ സർക്കാരിനെതിരെ തന്നെ കോടതിയെ സമീപിക്കുകയെന്ന വിചിത്രമായ കാഴ്ചയ്ക്കു കേരളീയ സമൂഹം സാക്ഷിയായി. ഏതൊരു വ്യക്തിയുടെ കാര്യത്തിലും സ്വതന്ത്രവും ഉറച്ചതുമായ അഭിപ്രായങ്ങൾ പറയുന്ന മാടമ്പി സ്വഭാവമുള്ള മുഖ്യമന്ത്രി അത്രമേൽ നിശ്ശബ്ദനായിരുന്നു. റോം കത്തുമ്പോൾ സംഗീതമാസ്വദിച്ച നീറോ ചക്രവർത്തിയെ ഓർമ്മപ്പെടുത്തി കൊണ്ട് പിണറായി സഖാവ് ചാണ്ടി ബഹളങ്ങൾ നിശബ്ദനായി കണ്ടുകൊണ്ടിരുന്നു. ഇടതും വലതുമായ രാഷ്ട്രീയ പാർട്ടികൾ ഇതിനെ ചോദ്യം ചെയ്തു തുടങ്ങിയപ്പോഴും ആ നിശബ്ദതയ്ക്ക് ഒരു ഭംഗവും ഉണ്ടായിട്ടില്ല. ജനാധിപത്യ മര്യാദകൾ ചോദ്യം ചെയ്യുമ്പോൾ നിശബ്‌ദനായിരിക്കാൻ പിണറായി വിജയനെ പോലെ ഒരാൾക്കേ കഴിയൂ.
ഭൂമി കയ്യേറിയെന്ന വസ്തുത പൊതുജനങ്ങൾ ക്കെല്ലാം ബോധ്യപ്പെട്ടിട്ടും മാധ്യമങ്ങളുടെ ബഹളങ്ങൾ കണ്ടറിഞ്ഞിട്ടും പിണറായി നിശബ്ദനായി. ഇരട്ട ചങ്ക നെന്ന വിളിപ്പേര് മാറ്റി ഓട്ട ചങ്കനെന്ന പരിഹാസമാണ് ഇപ്പോൾ പിണറായിയ്ക്കു നേരെ ഉണ്ടായിതുടങ്ങി . ഒടുവിൽ നിവർത്തികേടിന്റെ പുറത്ത് ഉപാധികൾ ആവശ്യപ്പെട്ടുകൊണ്ട് ഒരു രാജി. അങ്ങനെ ഒന്നിൽ പിഴച്ചാൽ മൂന്നെന്നു പറഞ്ഞു കൊണ്ട് പിണറായി മന്ത്രി സഭയിലെ മൂന്നാമത്തെ മന്ത്രിയും പുറത്തായി.
മുന്നണി മര്യാദകൾ പാലിക്കുന്നുവെന്ന പേരിൽ സിപിഎമ്മും എൽ ഡി എഫും നടത്തിയ നാടകങ്ങൾ പാടെ പൊളിഞ്ഞു. ഫ്യുഡൽ മാടമ്പിത്തരങ്ങൾ കാട്ടുന്നവരെ തെരുവിൽ തല്ലുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ഡി വൈ എഫ് ഐ പിള്ളേരും പിണറായിക്കൊപ്പം നിശബ്ദത പാലിച്ചു നാടകം പൂർത്തിയാക്കി.
നാണക്കേടിന്റെ തുടർച്ചകൾ ഏറ്റുവാങ്ങാനായിരുന്നു പിണറായി വിധി. ഭരണത്തിന്റെ കളിയുടെ ഒന്നാം പാദത്തിൽ ജയരാജൻ, ശശീന്ദ്രൻ എന്നിവരെ നഷ്ടമായി. ഇപ്പോൾ ചാണ്ടിയും പുറത്തായി. പണക്കൊഴുപ്പിന്റെയും ധാർഷ്ട്യത്തിന്റെയും ആൾ രൂപങ്ങൾക്ക് ജനാധിപത്യ വ്യവസ്ഥയിൽ സ്ഥാനമില്ലെന്ന് സന്ദേശമാണ് ചാണ്ടിയുടെ രാജി നൽകുന്നത്.
പിടിച്ചു പുറത്താക്കണമെന്ന് വി എസും പറയുമ്പോൾ ചവിട്ടി പുറത്താക്കാണമെന്ന നിലപാട് സിപിഐയ്ക്ക് ഉണ്ടായിരുന്നു. സിപിഐ യുടെ തന്ത്രങ്ങളാണ് യഥാർത്ഥത്തിൽ ചാണ്ടിയുടെ രാജിയിൽ പ്രതിഫലിച്ചത്. ജനപ്രതിനിധികൾക്ക് ലാളിത്യവും മര്യാദയുമുള്ള ശരീരഭാഷയാണ് കേരളത്തിൽ അനിവാര്യം പണക്കൊഴുപ്പിന്റെ ധാർഷ്ട്യം പ്രകടിപ്പിച്ച ചാണ്ടി ജനപ്രതിനിധിയുടെ, മന്ത്രിയുടെ കീഴ്വഴക്കങ്ങളെയും ശരീര ഭാഷയെയും അടിമുടി പരിഹസിച്ചു. ചാണ്ടിയുടെ വെല്ലുവിളികൾ കൈയേറ്റക്കാർക്കും ഭൂമാഫിയ യ്ക്കും കൂടുതൽ കരുത്തു പകരുന്നതായിരുന്നു. കുട്ടനാടിനെ മൊത്തം വിലയ്‌ക്കെടുത്ത അറബി പണക്കാരൻ കേരളത്തിലെ ജനാധിപഥ്യ മര്യാദകൾ പഠിക്കേണ്ടിയിരുന്നു.
ചാണ്ടിയ്ക്ക് വ്യക്തിപരമായി രാജി വലിയ നഷ്ടമാണ്. എൻ സി പിയ്ക്ക് രാഷ്ട്രീയമായ ദുരന്തവും. കേരളത്തിൽ എൻ സി പി നിർണ്ണായക ഘടകമല്ല എന്നതും ശ്രദ്ധേയമാണ്. ആത്യന്തികമായി ചാണ്ടിയുടെ രാജി എൽ ഡി എഫ് ഗവണ്മെന്റിന്റെ വീഴ്ചകളുടെ തുടർച്ചയാണ്. ചാണ്ടിയുടെ പ്രശ്നങ്ങൾ സൃഷ്ടിച്ച രാഷ്ട്രീയ ധ്രുവീകരണങ്ങളിൽ നിന്നും രക്ഷപ്പെടാൻ പിണറായി ഗവണ്മെന്റ് കൂടുതൽ ജാഗ്രത പുലർത്തേണ്ടി വരും
Post Your Comments