Latest NewsIndiaNews

ജോലി ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തോട് പ്രതികരിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: ജോലി ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തോട് പ്രതികരിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ജോലിയും തൊഴിലും രണ്ടാണെന്നും 125 കോടി വരുന്ന ഇന്ത്യന്‍ ജനതയ്ക്ക് മുഴുവന്‍ ജോലി ലഭിക്കുക എന്നത് പ്രായോഗികമല്ലെന്നാണ് അമിത് ഷാ അഭിപ്രായപ്പെട്ടത്. അതിനുള്ള പരിഹാരമാണ് സ്വയംതൊഴില്‍. മുദ്രാ സ്കീം വഴി 9 കോടി ജനങ്ങള്‍ക്ക് തൊഴില്‍വിജയം നേടിക്കൊടുത്തതും ഇക്കാരണത്താലാണ്.

സ്റ്റാന്‍ഡ് അപ് ഇന്ത്യ, സ്റ്റാര്‍ട്ട്‌അപ് ഇന്ത്യ സ്കീമുകളെക്കുറിച്ചും അമിത് ഷാ പ്രതിപാദിച്ചു. ഗുജറാത്തില്‍ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസിനൊരു നേതാവുണ്ടോ എന്നും അമിത് ഷാ വെല്ലുവിളിച്ചു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഇനിയും പ്രഖ്യാപിക്കാനാകാത്തത് ആളില്ലാത്തതുകൊണ്ടല്ലേ എന്നും അമിത് ഷാ ചോദിച്ചു. കോണ്‍ഗ്രസ് ഭരണകാലത്തെ അപേക്ഷിച്ച്‌ ഗുജറാത്ത് ഇപ്പോള്‍ മൂന്നൂറിരട്ടി പുരോഗതി കൈവരിച്ചെന്നും അമിത് ഷാ അവകാശപ്പെട്ടു. രാജ്യപുരോഗതി ലക്ഷ്യമിട്ടും ജനനന്മ കരുതിയും കൊണ്ടുവന്ന പരിഷ്കാരങ്ങളാണിവ.

രാഹുല്‍ഗാന്ധി ഈ സ്കീമുകളെക്കുറിച്ചൊക്കെ സംസാരിക്കുന്നതല്ലാതെ ഒരു ബിസിനസ്സ് പോലും നടത്തുന്നില്ലല്ലോ എന്നും അമിത് ഷാ പരിഹസിച്ചു. നോട്ട്പിന്‍വലിക്കല്‍, ജിഎസ്ടി എന്നിവ സംബന്ധിച്ചും അമിത് ഷാ അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടു എന്നത് അംഗീകരിക്കുന്നു. പക്ഷേ,ഒരു വര്‍ഷത്തിനകം അതൊക്കെ ജനങ്ങള്‍ക്ക് അനുഗ്രഹമായി മാറും. ഗുജറാത്തിനെ ജാതിപരമായി വേര്‍തിരിക്കുകയാണ് രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും ചെയ്യുന്നത്. അത്തരം രാഷ്ട്രീയം ഗുജറാത്ത് സഹിച്ചുമടുത്തുകഴിഞ്ഞെന്നും അമിത് ഷാ പറഞ്ഞു.

ജിഗ്നേഷ് മേവാനിയും ഹര്‍ദിക് പട്ടേലുമൊക്കെ കോണ്‍ഗ്രസിനൊപ്പം ചേരുന്നത് സൂചിപ്പിച്ചായിരുന്നു അമിത് ഷായുടെ പരാമര്‍ശം. കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും ജനങ്ങളുമായി നിരന്തര സമ്ബര്‍ക്കത്തിലാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കുകയാണ് ലക്ഷ്യം. ജിഎസ്ടി നടപ്പാക്കിയിട്ട് അഞ്ച് മാസമേ ആയിട്ടുള്ളു,അടുത്ത അഞ്ച് മാസത്തിനകം അത് അനുഗ്രഹമാണെന്ന് ജനങ്ങള്‍ തിരിച്ചറിയുമെന്നും അമിത് ഷാ പറഞ്ഞു. ഗുജറാത്ത് തിരഞ്ഞെടുപ്പിനോടുള്ള കോണ്‍ഗ്രസിന്റെ സമീപനം പിന്തിരിപ്പനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button