KeralaLatest NewsNews

പി.ജയരാജനെ കുരുക്കി ജില്ലാ കമ്മിറ്റി തയാറാക്കിയ കുറിപ്പ്

കണ്ണൂർ: പി.ജയരാജൻ കുരുക്കിൽ. യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) പ്രതിഷേധ യോഗത്തിനായി ജില്ലാ കമ്മിറ്റി തയാറാക്കിയ കുറിപ്പാണ് സംസ്ഥാന സമിതിയിൽ ജയരാജനെതിരെയുള്ള പ്രധാന കുറ്റപത്രമായി മാറിയത്. ജയരാജനെ പുകഴ്ത്തിക്കൊണ്ടുള്ള സംഗീത ആൽബവും ഡോക്യുമെന്ററിയും ചർച്ചയ്ക്കു വന്നു. പക്ഷെ ഇതെല്ലാം സ്വകാര്യവ്യക്തികളും കലാസമിതികളും തയാറാക്കിയതാണെന്നായിരുന്നു ജയരാജന്റെ വിശദീകരണം. എന്നാൽ, ജയരാജന് പ്രതിഷേധ സദസ്സിൽ പ്രസംഗിക്കാനായി ജയരാജനെ പുകഴ്ത്തിക്കൊണ്ടു ജില്ലാ കമ്മിറ്റി തന്നെ തയാറാക്കിയ കുറിപ്പിന്റെ ഉത്തരവാദിത്തത്തിൽനിന്നു ഒഴിഞ്ഞുമാറാനായില്ല.

കണ്ണൂരിൽ സിപിഎം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ യുഎപിഎ ദുരുപയോഗത്തിനെതിരെ സെപ്റ്റംബർ എട്ടിനു പ്രതിഷേധയോഗം സംഘടിപ്പിച്ചിരുന്നു. സംസ്ഥാന സമിതിയുടെ വിമർശനം പ്രധാനമായും ക്ഷണിച്ചു വരുത്തിയത് ഈ യോഗത്തിൽ പ്രസംഗിക്കുന്നതിനായി ജില്ലാ കമ്മിറ്റി തയാറാക്കി നൽകിയ കുറിപ്പാണ്. സിപിഎം പ്രതിഷേധ യോഗം സംഘടിപ്പിച്ചത് കതിരൂർ മനോജ് വധക്കേസിൽ പി. ജയരാജനെ പ്രതിയാക്കി സിബിഐ അനുബന്ധ കുറ്റപത്രം സമർപ്പിച്ചതിനെത്തുടർന്നായിരുന്നു.

പ്രസംഗകർക്കായി നൽകിയ 14 പേജുള്ള കുറിപ്പിൽ കൂടുതലും ജയരാജനെക്കുറിച്ചുള്ള വർണനകളായിരുന്നു. അശരണരുടെ കണ്ണീരൊപ്പുന്ന, കിടപ്പുരോഗികളുടെ മുന്നിൽ ദൈവദൂതനെപ്പോലെ അവതരിക്കുന്ന, ജനസഹസ്രങ്ങളുടെ പ്രതീക്ഷയായ നേതാവ് എന്നായിരുന്നു ഒരു വിശേഷണം. സാന്ത്വനപ്രകാശം, സാന്ത്വനത്തണൽ തുടങ്ങിയ വിശേഷണങ്ങൾ വേറെയും. യുഎപിഎ ദുരുപയോഗത്തിനെതിരെയുള്ള പ്രതിഷേധ സദസ്സിൽ പ്രസംഗിക്കാനായി നൽകിയതെങ്കിലും കേസിൽ ജയരാജൻ നിരപരാധിയാണെന്നുള്ള വാദം മാത്രമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.

ജയരാജനെ അതിരുവിട്ടു പുകഴ്ത്തുന്ന ഈ കുറിപ്പ് ജില്ലയിൽനിന്നുള്ള നേതാക്കൾ സംസ്ഥാന സെക്രട്ടേറിയറ്റിൽ അവതരിപ്പിച്ചിരുന്നു. ജില്ലയിൽ യുഎപിഎ നിയമത്തിന്റെ ഇരകളായ ഒട്ടേറെ സാധാരണ പ്രവർത്തകരുണ്ടായിട്ടും ജയരാജനെ മാത്രം മഹത്വവൽക്കരിക്കുന്നത് എന്തുകൊണ്ടാണെന്നും ചോദ്യമുയർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button