തിരുവനന്തപുരം : 22-ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സംസ്ഥാനത്തെ സി.പി.എം. സമ്മേളനങ്ങള്‍ പേരിനു മാത്രമായി. ലോക്കല്‍ സമ്മേളനങ്ങളില്‍ മത്സരം അനുവദിക്കരുതെന്ന മുഖ്യമന്ത്രി പിണറായിയുടെ ശാസനത്തെ തുടര്‍ന്നാണ് പാര്‍ട്ടി സമ്മേളനങ്ങള്‍ നിര്‍ജീവമായത്.
ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ണമായും ലോക്കല്‍ സമ്മേളനങ്ങള്‍ തൊണ്ണൂറു ശതമാനവും പൂര്‍ത്തിയായതോടെ എതിര്‍ ശബ്ദങ്ങള്‍ പോലുമില്ലാതെ പാര്‍ട്ടി പിണറായിപക്ഷത്തിന്റെ ഉരുക്കുമുഷ്ടിയിലായി.
മത്സരം വിലക്കുന്നത് പാര്‍ട്ടിഭരണഘടനയ്ക്കു വിരുദ്ധമാണെങ്കിലും പിണറായിയുടെ കര്‍ശന നിര്‍ദേശം ജില്ലാ കമ്മിറ്റികള്‍ വരവണ്ണം വ്യത്യാസമില്ലാ െത നടപ്പാക്കി. പ്രതികരിച്ചവര്‍ക്ക് കനത്ത തിരിച്ചടി കിട്ടി. ഔദ്യോഗിക പാനലിനെതിരേ പ്രവര്‍ത്തകര്‍ മല്‍സരത്തിനിറങ്ങിയ ലോക്കല്‍ സമ്മേളനങ്ങള്‍ ജില്ലാ നേതൃത്വം ഇടപെട്ട് റദ്ദാക്കി. മാറ്റിവച്ച സമ്മേളനങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം നടത്തിയാല്‍ മതിയെന്നാണു തീരുമാനം. ഇതോടെ മല്‍സരിക്കാന്‍ തയാറായ ലോക്കല്‍ കമ്മിറ്റികളിലെ പ്രവര്‍ത്തകര്‍ക്കു മേല്‍സമ്മേളനങ്ങളില്‍ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെടും. മല്‍സരത്തിനു തയാറെടുത്തവര്‍ നോട്ടപ്പുള്ളികളുമായി.
വിഭാഗീയത പൂര്‍ണമായും ഇല്ലാതാക്കിയെന്നു വരുത്താനായാണ് താഴേത്തട്ടിലുള്ള സമ്മേളനങ്ങളില്‍ നേതൃത്വം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. സി.പി.എം. ഗ്രൂപ്പുകളിലെ ബലാബലത്തിലുണ്ടായ മാറ്റവും സമ്മേളനങ്ങളില്‍ പ്രതിഫലിച്ചു. ഭരണത്തിന്റെ തണല്‍പറ്റുന്ന പ്രാദേശിക നേതൃത്വങ്ങള്‍ മേല്‍ഘടകങ്ങളുടെ മുന്നില്‍ പഞ്ചപുച്ഛമടക്കി. നേതൃത്വത്തിന്റെ നോട്ടപുള്ളികളാകാനില്ലെന്ന നിലപാടായിരുന്നു പ്രാദേശിക നേതാക്കളുടേത്.
പാര്‍ട്ടി നേതൃത്വത്തിനും സ്വന്തം പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിനും എതിരേ രൂക്ഷവിമര്‍ശനങ്ങള്‍ ഉയരുന്നതു സി.പി.എം. സമ്മേളനങ്ങളുടെ മാത്രം പ്രത്യേകതയായിരുന്നു. വിശദമായ ചര്‍ച്ചയും മറുപടിക്കും മല്‍സരവുമൊക്കെ സമ്മേളനങ്ങളെ ഊര്‍ജസ്വലമാക്കിയിരുന്നു. എന്നാല്‍ ഇക്കുറി ഇതൊന്നുമുണ്ടായില്ല.നേതൃത്വം പറയും, പ്രവര്‍ത്തകര്‍ കേള്‍ക്കും അത്രമാത്രം!
Post Your Comments