റിയാദ് : സൗദിയില്‍ നിന്നും ബഹറിനിലേക്ക് വരുന്ന ഗ്യാസ് പൈപ്പ് ലൈന്‍ ഉഗ്ര സ്‌ഫോടനത്തോടെ ബഹറിന്‍ തലസ്ഥാനമായ മനാമയ്ക്ക് അടുത്ത് വച്ച് പൊട്ടിത്തെറിച്ചു. ഇതേ തുടര്‍ന്ന് പാചകവാതക വിതരണം പാടെ നിലച്ചുവെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തിന് ഉത്തരവാദി ഇറാനാണെന്ന് ആരോപിച്ച് ബഹറിന്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ബഹറിന്റെ ആരോപണം തികച്ചും ബാലിശമാണെന്നാണ് ഇറാന്‍ പ്രതികരിച്ചിരിക്കുന്നത്.
ശനിയാഴ്ച രാവിലെ നടന്ന സ്‌ഫോടനത്തിന് ഉത്തരവാദി ഇറാനാണെന്ന് ബഹറിന്റെ വിദേശകാര്യമന്ത്രി ഷേക്ക് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ഖലീഫ ഉടന്‍ ആരോപിച്ചിരുന്നു. തങ്ങളുടെ പൗരന്മാരെ പേടിപ്പിക്കാനും ലോക എണ്ണ വ്യവസായത്തെ താറുമാറാക്കാനുമാണ് ഇറാന്‍ ഈ നീക്കം നടത്തിയിരിക്കുന്നതെന്നും ഖാലിദ് ബിന്‍ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.
എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ ഇറാനെതിരെ ബഹറിന്‍ ബാലിശമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് ഇറാന്റെ വിദേശകാര്യമന്ത്രാല വക്താവായ ബഹ്‌റാം ഗസേമി കുറ്റപ്പെടുത്തുന്നു.
പൊട്ടിത്തെറിയെ തുടര്‍ന്ന് അഗ്‌നിപടര്‍ന്നപ്പോള്‍ എമര്‍ജന്‍സി സര്‍വീസുകള്‍ ഇവിടേക്ക് കുതിച്ചെത്തിയിരുന്നു. സമീപത്തെ ബുറി ഗ്രാമത്തിലെ വീടുകളില്‍ നിന്നും താമസക്കാരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നുവെന്നാണ് ബഹറിന്റെ അഭ്യന്തരമന്ത്രാലയം വെളിപ്പെടുത്തുന്നത്. മനാമയില്‍ നിന്നും 15 കിലോമീറ്റര്‍ അകലത്തുള്ള പ്രദേശമാണിത്.ഗുരുതരമായ തീവ്രവാദ പ്രവര്‍ത്തനമാണ് ഈ പൊട്ടിത്തെറിക്ക് കാരണമെന്നാണ് അഭ്യന്തരമന്ത്രാലയം ഇറാനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് ആരോപിച്ചിരിക്കുന്നത്.
ഷിയാമുസ്ലിം ഭൂരിപക്ഷപ്രദേശമായ ബഹറിനില്‍ സുന്നി രാജവംശമാണ് ഭരിക്കുന്നത്. ഇവിടെ ഒരു ഭരണഘടനയും തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയും വേണമെന്ന് ആവശ്യപ്പെട്ട് 2011ല്‍ ഉണ്ടായ പ്രക്ഷോഭം അടിച്ചമര്‍ത്തപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ബഹറിന്‍ അധികാരികള്‍ നിയന്ത്രണം ശക്തമാക്കിയിരുന്നു. നൂറ് കണക്കിന് പ്രതിഷേധക്കാരെ ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. ഇവിടെ ഷിയാകളോട് വിവേചനം കാണിക്കുന്നുവെന്ന ഇറാന്റെ ആരോപണത്തെ ബഹറിന്‍ ഭരണാധികാരികള്‍ നിഷേധിക്കുകയാണ് ചെയ്യുന്നത്.
ഷിയാകള്‍ ഭരിക്കുന്ന രാജ്യമായ ഇറാന്‍ ബഹറിനിലെ ഷിയാകളോട് സഹതാപം പുലര്‍ത്തി വരുന്നതും പ്രശ്‌നമാകുന്നുണ്ട്. ഇറാനും സൗദിയും തമ്മിലുള്ള സ്പര്‍ധ മേഖലയില്‍ സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചിരിക്കുന്നതെന്നും ഗൗരവമര്‍ഹിക്കുന്ന കാര്യമാണ്.
Post Your Comments