Latest NewsNewsIndia

ലോകത്തെ നടുക്കിയ ഡല്‍ഹിയിലെ ആ മഹാദുരന്തത്തിന് 21 വയസ്് : ഒരു നവംബര്‍ മാസത്തിലെ വൈകുന്നേരത്തെ ആ കാഴ്ച : ഓര്‍ക്കുമ്പോള്‍ അവര്‍ക്ക് ഇപ്പോഴും ഞെട്ടല്‍

ന്യൂഡല്‍ഹി : ഡല്‍ഹിയെ മാത്രമല്ല ലോകത്തെ മുഴുവന്‍ നടുക്കി കൊണ്ടാണ് ഡല്‍ഹിയില്‍ ആ മഹാദുരന്തം നടന്നത്. ആ മഹാ ദുരന്തം നടന്നിട്ട് 21 വര്‍ഷം പിന്നിടുന്നു.

ചാര്‍ക്കി ദാദ്രി എന്ന ഗ്രാമത്തിന് വിമാനം പുതിയ കാഴ്ചയല്ല. രാജ്യ തലസ്ഥാനത്തുനിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലെയാണെങ്കിലും ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലേക്ക് പറന്നിറങ്ങുന്നതും അവിടുന്നു പറന്നുയരുന്നതുമായ വിമാനങ്ങള്‍ ഹരിയാനയുടെ ഈ കര്‍ഷകഗ്രാമത്തിനു മുകളിലൂടെയാണ് പോകുന്നത്. വിമാനങ്ങളുടെ ഇരമ്പം സ്ഥിരമായി കേള്‍ക്കുന്ന അവര്‍ പക്ഷേ അന്നു കേട്ടത് മറ്റൊന്നായിരുന്നു.

ദീപാവലിയുടെ തിരക്കുകളൊഴിഞ്ഞൊരു നവംബറിലെ വൈകുന്നേരത്തെ ആ കാഴ്ച അവര്‍ ജീവിതകാലം മുഴുവന്‍ ഓര്‍ക്കും, അത്രയും ഭീകരം. ആകാശത്തുനിന്ന് വലിയൊരു അഗ്‌നിഗോളം ഗ്രാമത്തെ വിഴുങ്ങാന്‍ വരികയാണ്. രണ്ടു വിമാനങ്ങള്‍ ആകാശത്തു കൂട്ടിയിടിച്ചതായിരുന്നു അത്. 1996 നവംബര്‍ 12 ആയിരുന്നു അന്ന്.

സൗദി എയര്‍ലൈന്‍സിന്റെ ബോയിങ് 747-100 ബി വിമാനവും കസാഖിസ്ഥാന്റെ ഇല്യൂഷിന്‍ ഐഎല്‍-76 ഉം തമ്മിലായിരുന്നു കൂട്ടിയിടി. രണ്ടു വിമാനങ്ങളിലെയും 351 യാത്രക്കാര്‍ കൊല്ലപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ ആകാശദുരന്തം; ലോകത്തിലെ മൂന്നാമത്തേതും. നിമിഷവേഗത്തിലായിരുന്നു കൂട്ടിയിടി. കാബിന്‍ ഞെരിഞ്ഞമര്‍ന്നു. യാത്രക്കാര്‍ ഓക്‌സിജന്‍ കിട്ടാതെ വലഞ്ഞു. ഇടിയുടെ ആഘാതത്തില്‍ പലരുടെയും ഹൃദയം പൊട്ടിത്തകര്‍ന്നു. എന്താണു സംഭവിച്ചതെന്ന് പൈലറ്റുമാര്‍ ഒഴികെ ആരുമറിഞ്ഞില്ല. വേദനയെപ്പറ്റി തലച്ചോറിലേക്ക് സന്ദേശം എത്തും മുമ്പേ ഭൂരിഭാഗം മനുഷ്യരും മരിച്ചിരുന്നു. സ്വപ്നങ്ങളുടെയും ആഗ്രഹങ്ങളുടെയും ആകാശത്ത് വിരല്‍ ഞൊടിക്കും നേരം കൊണ്ട് ഭസ്മമായ ജീവിതങ്ങള്‍.

കേള്‍ക്കാത്തതിനുള്ള കൂലി

രാജ്യ തലസ്ഥാനത്തുനിന്നു നൂറു കിലോമീറ്റര്‍ ദൂരെയാണ് ചാര്‍ക്കിദാദ്രി. ഡല്‍ഹി അടുത്തതിന്റെ ആശ്വാസത്തിലായിരുന്നു കസാഖിസ്ഥാന്റെ ഇല്യൂഷിന്‍ ഐഎല്‍-76 എയര്‍ലൈന്‍ കമാന്‍ഡര്‍ ഗെന്നഡി ചെറപ്പനോവ്. ഹരിയാനയിലെ കടുക് പാടങ്ങളുടെ ആകാശക്കാഴ്ച അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. പൈലറ്റിന്റെ മുറിയിലേക്ക് ഗുഡ് ഈവനിങ് മെസേജ് വന്നു. ഡല്‍ഹിയിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ നിന്നാണ്. സീനിയര്‍ എയറോഡ്രോം ഓഫിസര്‍ വി.കെ. ദത്തയാണ് സന്ദേശമയച്ചത്. 15000 അടി ഉയരം വരെ ക്ലിയര്‍ ചെയ്‌തെന്നായിരുന്നു അറിയിപ്പ്.

അതേസമയത്താണ് 312 യാത്രക്കാരുമായി ഡല്‍ഹി വിമാനത്താവളത്തില്‍നിന്നു സൗദി വിമാനം ഉയര്‍ന്നുപൊങ്ങിയത്. കസാഖ് വിമാനം ലാന്‍ഡിങ്ങിനായി താഴുകയും ചെയ്തു. ഗൗരവം മനസിലാക്കി കണ്‍ട്രോള്‍ റൂമില്‍നിന്നു സന്ദേശങ്ങള്‍ പാഞ്ഞു. പക്ഷേ, ഗ്രൗണ്ട് കണ്‍ട്രോളര്‍ ഇംഗ്ലിഷില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കസാഖ് വിമാനത്തിലെ പൈലറ്റിനു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഒരേ വഴിയില്‍ മുഖാമുഖം രണ്ടു വിമാനങ്ങളും അടുക്കുന്നു. സൗദി വിമാനം ഉയരം വര്‍ധിപ്പിക്കുകയാണ്, ശ്രദ്ധിക്കണം എന്നറിയിക്കാനായി കസാഖ് പൈലറ്റിനെ വിളിച്ചു.

പ്രതികരണമുണ്ടായില്ല. നിര്‍ദേശത്തിനു മുമ്പേ ചെറപ്പനോവ് 14500 അടിയിലേക്കു വിമാനം താഴ്ത്തി. സൗദി പൈലറ്റിനെ ബന്ധപ്പെടുമ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടിരുന്നു. ഡല്‍ഹിയുടെ പ്രാന്തപ്രദേശമായ ചാക്കി ദാദ്രിക്കു മുകളില്‍ രണ്ടുവിമാനങ്ങളും നേര്‍ക്കുനേര്‍ വന്നു. പൈലറ്റുമാര്‍ പ്രാര്‍ഥിക്കാനായി കണ്ണടച്ചിരിക്കണം. ഇമചിമ്മിത്തുറക്കുന്ന വേഗത്തിലായിരുന്നു കൂട്ടിയിടി. ആകാശത്ത് ഭീമന്‍ അഗ്‌നിഗോളം രൂപപ്പെട്ടു. 10 കിലോമീറ്റര്‍ ചുറ്റളവില്‍ വിമാനവശിഷ്ടങ്ങള്‍ ചിതറിവീണു. ഒരു രാത്രി മുഴുവന്‍ കടുകുപാടങ്ങളില്‍ വിമാനത്തിന്റെ ചിറകുകള്‍ നീറിനീറിക്കത്തി.

സമുദ്രനിരപ്പില്‍ നിന്നു 14,500 അടി ഉയരത്തിലായിരുന്നു അപകടം. മണിക്കൂറില്‍ 500 കിലോമീറ്റര്‍ വേഗത്തിലായിരുന്നു വിമാനങ്ങള്‍. അതിശക്തമായ ഒരു കാര്‍ കൂട്ടിയിടിയുടെ 700 മടങ്ങ് ശക്തിയിലായിരുന്നു ഇടിയെന്നു പിന്നീടു റിപ്പോര്‍ട്ടുകള്‍ വന്നു. 500 ടണ്ണിലധികം അവശിഷ്ടങ്ങളാണ് താഴേക്കു പതിച്ചത്- 600 മാരുതി കാറുകളുടെ അവശിഷ്ടങ്ങള്‍ക്കു തുല്യം. അവ പെരുമഴ പോലെ കിലോമീറ്ററുകളോളം ചിതറിവീണു. കരിഞ്ഞ മാംസത്തിന്റെ ഗന്ധവും ചൂടും കാറ്റില്‍ അലിയാതെ കിടന്നു. സൗദി ഫ്‌ളൈറ്റിലെ 312 ഉം കസാഖിസ്ഥാന്‍ ഫ്‌ളൈറ്റിലെ 39 ഉം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 257 പേര്‍ തിരിച്ചറിയാനാവാത്തവിധം കത്തിക്കരിഞ്ഞു. 13 മലയാളികളുള്‍പ്പെടെ 231 ഇന്ത്യക്കാരാണ് മരിച്ചത്

shortlink

Post Your Comments


Back to top button