Latest NewsNewsGulf

അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ എങ്ങിനെ ജയിലിലായി : രാജകുമാരന്‍ ധനാഢ്യനായ കഥ ഇങ്ങനെ

 

റിയാദ്: അല്‍വലീദ് ബിന്‍ തലാല്‍….സൗദി അറേബ്യയിലെ ഏറ്റവും ധനാഢ്യനായ രാജകുമാരന്‍ . ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് വരെ പശ്ചിമേഷ്യയിലെ ഏറ്റവും ധനാഢ്യനായ രാജകുമാരനായിരുന്നു അയാള്‍. അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരന്റെ അറസ്റ്റ് ലോകം മുഴുവനും ശ്രദ്ധ നേടിയ ഒന്നായിരുന്നു. ലോകത്തെ വന്‍കിട ബസിസിനസ്സുകാരില്‍ അറിയപ്പെടുന്നയാളായതു കൊണ്ട് അറസ്റ്റും വന്‍ വാര്‍ത്താപ്രാധാന്യം നേടി. ഇപ്പോള്‍, നിലത്ത് കമ്പിളിപ്പുതപ്പ് വിരിച്ച് പരമ ദരിദ്രനായി, സ്വാതന്ത്ര്യം പോലുമില്ലാതെ കിടക്കുന്നു. അഴിമതിക്കാരെയും സ്വജനപക്ഷപാതികളെയും പിടികൂടാന്‍ സൗദി സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് അല്‍വലീദ് മാളികപ്പുറത്തുനിന്ന് താഴേക്കിറങ്ങിയത്.

അല്‍വലീദിന്റെ പേരിലുള്ള കുറ്റങ്ങളെന്തൊക്കെയെന്ന് വ്യക്തമല്ലെങ്കിലും, അദ്ദേഹം ഇപ്പോള്‍ വീട്ടുതടങ്കലിലാണ്. അമേരിക്കയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകനായിരുന്നു അല്‍വലീദ്. കുമിഞ്ഞുകൂടിയ പണത്തിന് നടുവിലായിരുന്നു ജീവിതം.

കടലില്‍ യാത്ര ചെയ്യാന്‍ സൂപ്പര്‍ യാട്ടുകളും ആകാശത്തുകൂടി പറക്കാന്‍ മണിമന്ദിരങ്ങള്‍ പോലുള്ള വിമാനങ്ങളും. ലോകത്തെമ്പാടും സ്വകാര്യസ്വത്തുക്കള്‍, പരിചാരകര്‍. ആഡംബരപൂര്‍ണമായ ജീവിതമായിരുന്നു ഈ 62-കാരന്റേത്. എന്നാല്‍, എല്ലാം ഒരുനിമിഷംകൊണ്ട് അവസാനിച്ചുവെന്നുമാത്രം.

സൗദി അറേബ്യ സ്ഥാപകനായ അബ്ദുളസീസ് ഇബ്ന്‍ സൗദിന്റെ പേരക്കുട്ടിയാണ് അല്‍വലീദ്. ഒരുഘട്ടത്തില്‍ സൗദിയിലെ അടുത്ത രാജാവാകുമോ എന്നുപോലും ലോകം കരുതിയിരുന്നത്ര കരുത്തുറ്റ വ്യക്തിത്വത്തിനുടമ. എന്നാല്‍, കൊട്ടാരരാഷ്ട്രീയത്തിനപ്പുറത്ത് സമ്പത്തിന്റെ മേഖലയിലായിരുന്നു അല്‍വലീദിന് താത്പര്യം. ലോകത്തെ മുന്‍നിരക്കമ്പനികളിലൊക്കെ വന്‍തോതിലുള്ള നിക്ഷേപമാണ് അല്‍വലീദിനുണ്ടായിരുന്നത്. ട്വിറ്ററിലും ആപ്പിളിലും തുടങ്ങി വലിയ വലിയ കമ്പനികളില്‍ അല്‍വലീദിന് നിക്ഷേപമുണ്ടായിരുന്നു. മര്‍ഡോക്ക് കുടുംബം കഴിഞ്ഞാല്‍ അത്തരത്തിലുള്ള നിക്ഷേപകനും അല്‍വലീദായിരുന്നു.

റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ വീട്ടുതടങ്കലിലാണ് അല്‍വലീദിപ്പോള്‍. ഞായറാഴ്ച രാത്രി അപ്രതീക്ഷിതമായാണ് അറസ്റ്റുണ്ടായത്. മുന്മന്ത്രിമാരും രാജകുടുംബാംഗങ്ങളുമുള്‍പ്പെടെ വന്‍തോക്കുകള്‍ പിടിയിലായപ്പോള്‍ ലോകം മുഴുവന്‍ ഉറ്റുനോക്കിയത് അല്‍വലീദിന്റെ അറസ്റ്റിലേക്കായിരുന്നു. കാരണം, അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഓരോ രാജ്യത്തും സുപരിചിതനായിരുന്ന വ്യക്തിത്വം അദ്ദേഹത്തിന്റേതായിരുന്നു.

സൗദി ഭരണകൂടവുമായി ഉടക്കിപ്പിരിഞ്ഞയാളാണ് അല്‍വലീദിന്റെ പിതാവ് തലാല്‍ ബിന്‍ അബ്ദുള്‍അസീസ്. ഭരണപരിഷ്‌കാരങ്ങളും പുരോഗമനചിന്താഗതിയും വേണമെന്ന് ശാഠ്യം പിടിച്ച തലാലിന് ഒടുവില്‍ സൗദി വിട്ടുപോകേണ്ടിവന്നു. എന്നാല്‍, ഫ്രീ പ്രിന്‍സസ് മൂവ്‌മെന്റ് എന്ന സംഘടനയ്ക്ക് രൂപം കൊടുത്ത അലാല്‍, പിന്നീട് ഭരണകൂടവുമായി രമ്യതയിലെത്തുകയും നാട്ടിലേക്ക് തിരിച്ചുവരികയും ചെയ്തു. എന്നാല്‍, സൗദി ഭരണകൂടവുമായി ഇടയാതെ തന്റെ വ്യവസായ സാമ്രാജ്യം വലുതാക്കുകയായിരുന്നു അല്‍വലീദ് ചെയ്തത്.

കാലിഫോര്‍ണിയയിലെ മന്‍ലോ കോളേജില്‍നിന്ന് ബിരുദം നേടിയശേഷം 30-ാം വയസ്സില്‍ അദ്ദേഹം വ്യവസായലോകത്തേക്കിറങ്ങി. പിതാവ് നല്‍കിയ 30,000 ഡോളറായിരുന്നു മൂലധനം. അതൊരുവര്‍ഷംകൊണ്ട് നഷ്ടമായെങ്കിലും അല്‍വലീദ് പിന്മാറിയില്ല. പിന്നീട് ലഭിച്ച വീട് ഈട് നല്‍കി വായ്പയെടുത്താണ് അല്‍വലീദ് ബിസിനസ് തുടങ്ങുന്നത്. ആ വളര്‍ച്ച ലോകം കീഴടക്കുന്ന നിലയിലേക്ക് കുതിച്ചു. ഫോബ്‌സിന്റെ കണക്കനുസരിച്ച് അല്‍വലീദിന്റെ ആസസ്തി 1600 കോടി ഡോളറാണ്.

അല്‍വലീദിന്റെ ഉടമസ്ഥതയിലുള്ള കിങ്ഡം ഹോള്‍ഡിങ് കമ്പനിക്ക് നിക്ഷേപമില്ലാത്ത വന്‍കിട സംരംഭങ്ങള്‍ ലോകത്ത് ചുരുക്കമാണ്. ലിഫ്റ്റ്, ട്വിറ്റര്‍, സിറ്റിഗ്രൂപ്പ് ആന്‍ഡ് ഫോര്‍ സീസണ്‍സ് ഹോട്ടല്‍സ് തുടങ്ങി എണ്ണമറ്റ സ്ഥാപനങ്ങള്‍. സൗദിക്ക് പുറത്തും ഒട്ടേറെ റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങള്‍ കിങ്ഡം ഹോള്‍ഡിങ്ങിനുണ്ട്. 2008-ല്‍ ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തിലകടപ്പെട്ടപ്പോല്‍, ജിദ്ദയില്‍ ലോകത്തേറ്റവും ഉയരമുള്ള കെട്ടിടം നിര്‍മ്മിച്ചുനല്‍കാമെന്ന വാഗ്ദാനമാണ് അന്നത്തെ രാജാവ് അബ്ദുള്ളയ്ക്ക് അല്‍വലീദ് നല്‍കിയത്. അത്രയ്ക്കും തകരാത്ത സമ്ബദ്‌സമൃദ്ധിയായിരുന്നു അദ്ദേഹത്തിന്റേത്.

അറേബ്യയിലെ വാരന്‍ ബുഫെയെന്നാണ് പലരും അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അദ്ദേഹത്തിന് അത്ര സുഖകരമായ ബന്ധമായിരുന്നില്ല. 1991-ല്‍ ഒരു സൂപ്പര്‍യാട്ട് വാങ്ങുന്നതുമുതല്‍ തുടങ്ങുന്ന ബന്ധം പിന്നീട് പലതവണ അടുക്കുകയും അകലുകയും ചെയ്തു. ട്രംപില്‍നിന്ന് 20 ദശലക്ഷം ഡോളര്‍ നല്‍കിയാണ് അല്‍വലീദ് സൂപ്പര്‍യാട്ട് വാങ്ങിയത്. ട്രംപുമായി ട്വിറ്ററിലൂടെ വാദപ്രതിവാദം നടത്തിയതിലൂടെയും അല്‍വലീദ് ശ്രദ്ധ നേടിയിരുന്നു.’

shortlink

Related Articles

Post Your Comments

Related Articles


Back to top button