റാഞ്ചി•യോഗാ അധ്യാപികയായ മുസ്ലിം പെണ്‍കുട്ടി റാഫിയ നാസ്-അ യുടെ വീടിന് നേരെ അജ്ഞാതര്‍ ആക്രമണം നടത്തി. യോഗ പഠിപ്പിക്കുന്നതിനെതിരെ സമുദായത്തില്‍ നിന്നും കടുത്ത എതിര്‍പ്പാണ് ജാര്‍ഖണ്ഡ് റാഞ്ചി സ്വദേശിനിയായ പെണ്‍കുട്ടി നേരിട്ട് വരുന്നത്. തനിക്കെതിരെ ചില സമുദായാംഗങ്ങള്‍ പുറത്തിറക്കിയ ഫത്വയെക്കുറിച്ച് ദേശീയ ചാനലായ സീ ന്യൂസിനോട് സംസാരിച്ച് കൊണ്ട് നില്‍ക്കവേയായിരുന്നു ആക്രമണം.
അഭിമുഖം നല്‍കവേ വീടിന് മുന്നില്‍ ഒത്തുകൂടിയ ചിലര്‍ വീടിനു നേരെ കല്ലേറ് നടത്തുകയായിരുന്നു.
അതേസമയം, യോഗ ഗുരു ബാബാ രാംദേവ് പെണ്‍കുട്ടിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
“സൗദി അറേബ്യ, ഇറാഖ്, ഇറാന്‍, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിരവധി മുസ്ലിങ്ങള്‍ യോഗ പരിശീലിക്കുന്നുണ്ട്. ഇത് മാനസിക-ശാരീരിക സൗഖ്യത്തിനുള്ള നല്ലൊരു വ്യായാമമാണ്. എന്തിനാണ് ഇതിലേക്ക് മതം കൊണ്ടുവരുന്നത്”- റാഫിയയുടെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരിച്ചുകൊണ്ട് രാംദേവ് പറഞ്ഞു.
നേരത്തെ, പ്രമുഖ ഷിയാ പണ്ഡിതന്‍ മൗലാനാ സൈഫ് അബ്ബാസും പെണ്‍കുട്ടിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
ഒരു സ്ത്രീ യോഗ പഠിപ്പിക്കുന്നതില്‍ എന്താന്ന് തെറ്റെന്ന് ഫത്വ ഇറക്കിയതിനെക്കുറിച്ച് സൈഫ് അബ്ബാസ് ചോദിച്ചു. ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ അപലപനീയമാണ്. ചില ആളുകള്‍ മതത്തെ ഒരു തമാശയാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജാര്‍ഖണ്ഡ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് കുമാര്‍ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയ്ക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ മുഖ്യമന്ത്രി രഘുബര്‍ ദാസ് നിര്‍ദ്ദേശം നല്‍കിയിരുന്നു.
Post Your Comments