ന്യുഡല്‍ഹി: രാജ്യതലസ്ഥാനത്തെ പൊതിഞ്ഞ വിഷപ്പുകയ്ക്കു പിന്നില്‍ ഗള്‍ഫ് നാടുകള്‍ക്കും പാകിസ്ഥാനും കാര്യമായ പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്. കുവൈറ്റ്, ഇറാന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നും പാകിസ്ഥാന്‍ വഴി എത്തുന്ന പൊടിയാണ് ഇതിനു പ്രധാന കാരണം. പാകിസ്ഥാനില്‍ നിന്നുള്ള മഞ്ഞിന്റെ ഈര്‍പ്പം പൊടിയെ കൂടുതല്‍ കടുപ്പമുള്ളതാകും. ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള പുകയും ഡല്‍ഹിയെ വിഷലിപ്തമാക്കുന്നതില്‍ കാര്യമായ സംഭാവന നല്‍കുന്നുണ്ട്. ഇവിടെ കര്‍ഷകര്‍ വയലുകളില്‍ തീയിടുന്നതാണ് കനത്ത പുക ഉയരാന്‍ ഇടയാകുന്നത്.
ഈ സമയത്ത് മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ശക്തമായ കാറ്റാണ് ഇന്ത്യയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഉത്തരേന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ ഈ പൊടിക്കാറ്റ് പാകിസ്ഥാനിലെ തണുത്ത കാലാവസ്ഥയിലൂടെയാണ് കടന്നുവരുന്നത്. മൂടല്‍ മഞ്ഞില്‍ നിന്നും ജലകണങ്ങള്‍ സ്വീകരിച്ച്, അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള പുകകളും ഉള്‍ക്കൊണ്ടായിരിക്കും വരവ്. കട്ടികൂടിയ ഈ പുക ഡല്‍ഹിയേയും സമീപപ്രദേശങ്ങളെയും ഒരു പുതപ്പ്‌പോലെ പൊതിയുകയാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡല്‍ഹിയിലെ തണുത്ത അന്തരീക്ഷം വായുവില്‍ ജലകണങ്ങളുടെ അളവ് കൂട്ടും. അതോടെ തലസ്ഥാന നഗരം കാഴ്ച മറയ്ക്കുന്ന തവിട്ടു പുകയില്‍ മൂടും. ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഈ സമയത്ത് ഈ കാലാവസ്ഥ പതിവാണ്. അയല്‍സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ വയല്‍ ഒരുക്കുന്ന സമയം കൂടിയായതിനാല്‍ അവിടെ നിന്നുള്ള വിഷപ്പുക കൂടി കലരുകയാണ്. കാന്‍സറിന് വരെ കാരണമാകവുന്ന വാതകങ്ങളും മറ്റും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
.ഡല്‍ഹി ഗ്യാസ് ചേംബര്‍ ആയി മാറിയെന്ന് പറഞ്ഞ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇതിനകം ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് ഈ ആഴ്ച മുഴുവന്‍ അവധി നല്‍കി. ആരോഗ്യകരമായ അന്തരീക്ഷ സൂചന 50 വരെയാകാമെന്നിരിക്കേ ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം 486 പോയിന്റാണെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കില്‍ വ്യക്തമാക്കുന്നു. ശനിയാഴ്ചയോടെ മലനീകരണം കുറയുമെന്നാണ് പ്രതീക്ഷ.
Post Your Comments