ബെയ്ജിങ്: ചൈനയിൽവച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എങ്ങനെ ട്വീറ്റ് ചെയ്യുമെന്ന ചർച്ചകൾക്കു വിരാമം. ചൈനയിൽ സമൂഹമാധ്യമങ്ങൾക്കു വിലക്കുണ്ട്. ട്രംപിന്റെ അക്കൗണ്ടിൽനിന്ന് ബുധനാഴ്ച രാത്രിയോടെ ട്വീറ്റെത്തി. ഒരിക്കലും മറക്കാനാകാത്ത വൈകുന്നേരം സമ്മാനിച്ച പ്രസിഡന്റ് ഷീ ചിൻപിങ്ങിനും ഭാര്യ പെൻങ് ലിയുവാനും മെലാനിയയുടെയും എന്റെയും നന്ദി അറിയിക്കുന്നു. നാളെ രാവിലെ നിങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കു കാത്തിരിക്കുകയാണ് ഞങ്ങളെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.
അദ്ദേഹത്തിന്റെ ട്വീറ്റ് ട്രംപിന്റെ ട്വിറ്റർ ഉപയോഗത്തെ അനുകൂലിച്ചും വിമർശിച്ചും ചർച്ച നടത്തുന്നവരുടെ വായടപ്പിക്കുന്നതായിരുന്നു. തന്റെ സ്വന്തം അക്കൗണ്ടിൽ സ്വീകരണങ്ങൾക്കുശേഷം തുടർച്ചയായ മൂന്നു ട്വീറ്റുകളാണ് അദ്ദേഹം പോസ്റ്റു ചെയ്തത്. ചൈനയ്ക്കു നന്ദി പറഞ്ഞതിനൊപ്പം ഉത്തര കൊറിയയ്ക്ക് മുന്നറിയിപ്പു നൽകാനും ട്രംപ് മറന്നില്ല. അവർ യുഎസിന്റെ സംയമനത്തെ ദൗർബല്യമായിട്ടാണ് കണക്കാക്കുന്നത്. ഇത് തികച്ചും തെറ്റായ കണക്കുകൂട്ടലാണ്. ഞങ്ങളെ വിലകുറച്ചു കാണരുതെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു.
എയർഫോഴ്സ് വൺ വിമാനം ബെയ്ജിങ്ങിൽ എത്തുന്നതിനു മുമ്പേ പ്രസിഡന്റ് ട്രംപിനു എപ്പോൾ വേണമെങ്കിലും ട്വീറ്റ് ചെയ്യാമെന്നു വൈറ്റ് ഹൗസിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചിരുന്നു. ട്രംപിന്റെ വിമാനം ട്വിറ്റർ സേവനം ലഭിക്കാനുള്ള സജ്ജീകരണങ്ങളുമായാണു ലാൻഡ് ചെയ്യുന്നതെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 12 ദിവസത്തെ ഏഷ്യൻ സന്ദർശനത്തിൽ രണ്ടു രാത്രിയാണ് ട്രംപ് ചൈനയിൽ ചെലവഴിക്കുക.
Post Your Comments