ന്യൂസ് സ്റ്റോറി :
ഗുരുവായൂര്‍: നാട്ടുകാരും ചില പ്രമുഖരും കൂടി കാടുപിടിച്ച് അന്തിത്തിരിപോലുമില്ലാതെ നശിച്ച അവശിഷ്ടങ്ങളില്‍നിന്നും പടുത്തുയർത്തിയതാണ് പാർത്ഥസാരഥി ക്ഷേത്രം. ഈ മഹാ ക്ഷേത്രത്തിന്റെ ജീര്‍ണ്ണാവസ്ഥയിൽ സർക്കാർ സഹായിച്ചില്ലെന്നത് പോകട്ടെ, ഇപ്പോൾ എല്ലാ പണികളും പൂർത്തിയായി ഒത്ത ഒരു മഹാ ക്ഷേത്രം ആയപ്പോൾ മലബാർ ദേവസ്വം ബോർഡ് കയ്യടക്കിയതായാണ് നാട്ടുകാരുടെ ആരോപണം.
നേരത്തെ ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം പിടിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലല്ലെന്നും കണ്ണടച്ച് ഇരുട്ടാക്കാന്‍ നോക്കിയിട്ട് കാര്യമില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പ്രസ്താവിച്ചിരുന്നു. എന്നാൽ അതിനു കടക വിരുദ്ധമായാണ് ഇപ്പോൾ അരങ്ങേറിയിരിക്കുന്നത്. ക്ഷേത്രസ്വത്തില്‍ കണ്ണുവെച്ചാണ് ഹൈക്കോടതി വരും മുന്നേ ക്ഷേത്രം പിടിച്ചെടുത്തതെന്നാണ് ക്ഷേത്ര ഭരണ സമിതിയുടെയും ഭക്തരുടെയും ആരോപണം. ക്ഷേത്രം ഏറ്റെടുക്കാനോ സര്‍ക്കാരിലേക്ക് കണ്ടുകെട്ടാനോ ഹൈക്കോടതി നിര്‍ദ്ദേശമില്ല.
അഭിവൃദ്ധിയിലെത്തിയപ്പോള്‍ ഇടതുപക്ഷ സര്‍ക്കാര്‍ ക്ഷേത്രം പിടിച്ചെടുക്കുകയായിരുന്നുവെന്നാണ് ആരോപണം. ഭക്തർ പറയുന്നത് ഇപ്രകാരം ” അന്തിത്തിരിയോ നിത്യപൂജയോ ഇല്ലാതെ അര നൂറ്റാണ്ട് ജീര്‍ണ്ണിച്ചു കിടന്നിരുന്ന ക്ഷേത്രം 1972 ലെ ശക്തമായ കാറ്റിലും മഴയിലും തകര്‍ന്നു വീണിരുന്നു. മേല്‍ക്കൂര പോലും ഇടിഞ്ഞു വീണു. മനംനൊന്ത തിരുനാമാചാര്യന്‍ ആഞ്ഞം മാധവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ക്ഷേത്രം പുനര്‍ നിര്‍മ്മിക്കാന്‍ ശ്രമം ആരംഭിച്ചു. മുള്‍ച്ചെടികളും മറ്റും വെട്ടിമാറ്റി നോക്കിയപ്പോഴാണ് ഇടിഞ്ഞുകിടന്ന ഗര്‍ഭഗൃഹത്തില്‍ പാര്‍ത്ഥസാരഥിയുടെ വിഗ്രഹം കണ്ടത്.
മുഖ്യരക്ഷാധികാരിയായി തിരുനാമാചാര്യന്‍ ആഞ്ഞം മാധവന്‍ നമ്പൂതിരിയും പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കാന്‍ പി.വി. രാധാകൃഷ്ണയ്യരും രംഗത്തുവന്നു. അന്നത്തെ ഗുരുവായൂര്‍ വലിയ തന്ത്രി ചേന്നാസ് പരമേശ്വരന്‍ നമ്പൂതിരിപ്പാടും സേവനനിരതനായി താന്ത്രികച്ചടങ്ങുകള്‍ നിര്‍വഹിക്കാനെത്തി.
അഡ്വ.പി.വി. രാധാകൃഷ്ണ അയ്യര്‍, അഡ്വ.എന്‍. ദാമോദരമേനോന്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി.നിത്യപൂജാദികള്‍ തുടങ്ങാന്‍ നാട്ടുകാര്‍ മാസംതോറും വിഹിതം നല്‍കിത്തുടങ്ങി.ജ്യോതിഷപണ്ഡിതന്‍ പുതുശ്ശേരി വിഷ്ണുനമ്പൂതിരി പ്രധാന ദൈവജ്ഞനായി അഷ്ടമംഗലപ്രശ്‌നം നടത്തി.
പാര്‍ത്ഥസാരഥിയുടെ നിത്യസാന്നിധ്യമുണ്ടെന്നും പുനഃപ്രതിഷ്ഠാദിക്രിയകള്‍ നടത്താനും നിര്‍ദേശിച്ചു. ക്ഷേത്രഭരണസമിതിയുണ്ടാക്കി. കൃഷ്ണശിലയില്‍ രഥത്തിന്റെ മാതൃകയില്‍ ശ്രീകോവില്‍ നിര്‍മിച്ചത് കാഞ്ചീപുരത്തുള്ള നൂറില്‍പ്പരം ശില്പികളായിരുന്നു. 1981ല്‍ ആയിരുന്നു നവീകരണകലശം നടന്നത്. മഹാകുംഭാഭിഷേകച്ചടങ്ങ് നിര്‍വഹിച്ചത് കാഞ്ചി ആചാര്യന്‍ ജയേന്ദ്രസരസ്വതിയും. പിന്നീട്, ഉപദേവക്ഷേത്രങ്ങളും നവഗ്രഹക്ഷേത്രവും ആദിശങ്കരക്ഷേത്രവും നിര്‍മിച്ചു. ക്ഷേത്രഗോപുരങ്ങളും സപ്താഹമന്ദിരവും നടപ്പുരകളും ഊട്ടുപുരയുമൊക്കെ നിര്‍മിച്ചുകഴിഞ്ഞു.
ക്ഷേത്രക്കുളവും നവീകരിച്ചു. 1973 ല്‍ സൊസൈറ്റി ആക്ട് പ്രകാരം റജിസ്‌ടേഷന്‍ നടത്തി പ്രവര്‍ത്തനം ആരംഭിച്ചു. 1981ല്‍ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കി. ആദ്യഘട്ടത്തിന്റെ നിര്‍മ്മാണത്തിന് വേണ്ടി സിലോണ്‍ റേഡിയോയില്‍ പരസ്യം നല്‍കിയാണ് ധനം ശേഖരിച്ചത്. 2010ല്‍ ക്ഷേത്രത്തിലെ ഇടതുപക്ഷ ജീവനക്കാര്‍ വേതന വര്‍ദ്ധനവിനായി ഹൈക്കോടതിയിലും മലബാര്‍ ദേവസ്വം ഡെ.കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു. ഹൈക്കോടതി ഈ പരാതി തള്ളി.
ദേവസ്വം ബോര്‍ഡിനോട് ക്ഷേത്ര ഭരണത്തില്‍ ചിട്ടകള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ദേവസ്വം ബോര്‍ഡ് ഏറ്റെടുത്താല്‍ ശമ്പള വര്‍ദ്ധനവും സര്‍ക്കാര്‍ ആനുകൂല്യങ്ങളും കിട്ടുമെന്ന വിശ്വാസത്തിലാണ് പരാതി നല്‍കിയതെന്ന് ജീവനക്കാര്‍ പറയുന്നു. ഈ പരാതി മറയാക്കിയാണ് ഇപ്പോഴത്തെ നടപടിയെന്നാണ് നാട്ടുകാരുടെയും ഭക്തരുടെയും ആരോപണം.
Post Your Comments