ദുബായ്•മൂന്ന് കൗമാരക്കാരികളെ ബ്ലാക്ക് മെയില്‍ ചെയ്ത് ദുബായിലേക്ക് കടത്തി വേശ്യാവൃത്തിയിലേക്ക് നയിച്ച ഇറാഖി വീട്ടമ്മയ്ക്കും മകള്‍ക്കുമെതിരെയുള്ള വിചാരണ തുടങ്ങി. മനുഷ്യക്കടത്ത്, ബ്ലാക്ക്മെയിലിംഗ് വേശ്യാവൃത്തിയിലൂടെയുള്ള ചൂഷണം മുതലായവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.
31 കാരിയായ യുവതിയുടെയും ഒളിവില്‍ കഴിയുന്ന ഇവരുടെ 64 കാരിയായ മാതാവിന്റെയും വിചാരണയാണ് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ തുടങ്ങിയത്. 15 നും 17 നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് ഇവര്‍ ദുബായില്‍ എത്തിച്ച് ലൈംഗിക വ്യാപാരത്തിന് ഉപയോഗിച്ചത്.
യഥാര്‍ത്ഥ വയസ് മറച്ചുവച്ച് ഉണ്ടാക്കിയ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് ഇവര്‍ കുട്ടികള്‍ ദുബായിലേക്ക് കടത്തിയത്. 2013 ലാണ് ഇവര്‍ കുട്ടികളെ ദുബായിലേക്ക് കൊണ്ടുവന്നത്.
പ്രതികള്‍ തന്റെ സഹോദരിയെയും നിര്‍ബന്ധിത വേശ്യാവൃത്തിയ്ക്ക് ഇരയാക്കിയതായും ഇവരെ പിന്നീട് നാടുകടത്തിയാതായും ഇരകളില്‍ ഒരാള്‍ പറഞ്ഞു. അല്‍പവസ്ത്രം ധരിച്ച തന്റെ ചിത്രങ്ങള്‍ വാട്സ്ആപ്പ് വഴി കൈമാറിയാണ് ഒന്നാം പ്രതിയായ യുവതി ഇടപാടുകാരുമായി കരാര്‍ ഉറപ്പിച്ചിരുന്നതെന്നും ഇവര്‍ പറഞ്ഞു.
തന്റെ 12 കാരിയായ സഹോദരിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ ദുബായിലേക്ക് കൊണ്ടുവന്നതെന്ന് മറ്റൊരു ഇര പറഞ്ഞു. ദുബായിലെ വില്ലയില്‍ എത്തിച്ച ശേഷം ഇവര്‍ വിസ ആവശ്യത്തിനെന്ന് പറഞ്ഞ് ചില പേപ്പറുകളില്‍ തന്ത്രപൂര്‍വ്വം ഒപ്പിടിപ്പിച്ചു. പക്ഷേ, ഒരു സിറിയക്കാരനുമായുള്ള വിവാഹ കരാര്‍ ആയിരുന്നു അതെന്ന് പിന്നീട് ആണ് താന്‍ മനസിലാക്കിയത്. പ്രതിയുടെ സുഹൃത്തായ 31 കാരനായ സിറിയക്കാരനാണ് തങ്ങളെ വില്ലകളിലും ഹോട്ടല്‍ മുറികളിലും ഇടപാടുകാരുടെ അടുത്തേക്ക് കൊണ്ടുപോയിരുന്നതെന്നും ഇവര്‍ വെളിപ്പെടുത്തി.
ഒടുവില്‍ സംഘത്തിന്റെ കൈയില്‍ നിന്നും രക്ഷപ്പെട്ട ഇര മൂന്ന് ദിവസം തെരുവില്‍ അലഞ്ഞ ശേഷം ഒരു പലസ്തീനിയന്‍ വനിതയുടെ സഹായത്തോടെ പോലീസ് പരാതി നല്‍കുകയായിരുന്നു.
31 കാരിയായ പ്രതി തന്നെ സൗജന്യമായി ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നും അല്ലെങ്കില്‍ തന്നെ മറ്റൊരാള്‍ക്ക് വില്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇര പറഞ്ഞു.
മേയ് 19 നാണ് അല്‍-റാഷിദിയ പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചത്. വീടുവിട്ടിറങ്ങിയ താന്‍ പ്രതികളില്‍ ഒരാളെ കണ്ടുമുട്ടിയെന്നും അവര്‍ തനിക്ക് ജോലി വാഗ്ദാനം ചെയ്ത് ദുബായില്‍ എത്തിച്ച ശേഷം വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയായുന്നുവെന്നുമായിരുന്നു പരാതി.
പരാതിയുടെ അടിസ്ഥാനത്തില്‍ അല്‍-ഖവനീജിലെ വില്ലയില്‍ റെയ്ഡ് നടത്തിയ പോലീസ് മറ്റു ഇരകളെ മോചിപ്പിക്കുകയായിരുന്നു. ഇവിടെ നിന്നും 104,000 ദിര്‍ഹവും കൂടാതെ മറ്റ് നിരവധി രാജ്യങ്ങളുടെ കറന്‍സിയും പോലീസ് പിടിച്ചെടുത്തു.
ഇരകളെ ദുബായ് ഫൌണ്ടേഷന്റെ വനിതകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള കേന്ദ്രത്തിലേക്ക് മാറ്റി.
കേസില്‍ അടുത്ത വിചാരണ നവംബര്‍ 28 ന് നടക്കും.
Post Your Comments