ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള, ഗൂഗിളിന്റെ സഹോദര സ്ഥാപനമായ വേയ്മോ (Waymo) ഡ്രൈവറിന്റെ സഹായമില്ലാതെ പൂര്‍ണമായും ഓട്ടോണമസ് സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന കാറുകള്‍ ഉപയോഗിച്ചുള്ള ടാക്സി സേവനം ആരംഭിക്കുന്നു.
ഏറെ നാള് നീണ്ട പരീക്ഷണയോട്ടങ്ങള്ക്കൊടുവിലാണ് കാറുകളുടെ സേവനം പൊതുജനങ്ങളിലേക്കെത്തിക്കാന്‍ വേയ്മോ തീരുമാനിച്ചിരിക്കുന്നത്. അരിസോണയിലാണ് ഉബര്‍ ടാക്സി മാതൃകയില്‍ ഡ്രൈവറില്ലാ കാറുകളുടെ സേവനം നല്‍കുക.
ഫിയറ്റ് ക്രിസ്ലര് പസിഫിക മിനിവാനാണ് ഓട്ടോമേറ്റഡ് സാങ്കേതിക വിദ്യയിലൂടെ വെയ്മോ ഡ്രൈവര്‍ലെസ് കാര്‍ ആയി പരിഷ്കരിച്ചെടുത്തത്. അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ വെയ്മോയുടെ ഡ്രൈവര്‍ലെസ് കാറുകള്‍ നിരത്തിലിറങ്ങും.
തുടക്കത്തില്‍ യാത്രക്കാര്‍ക്കൊപ്പം വെയ്മോ ജീവനക്കാരിലൊരാളും കാറില്‍ അനുഗമിക്കും. എന്നാല്‍ ക്രമേണ യാത്രക്കാര്‍ക്ക് ഈ റോബോട്ടിക് കാറുകളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ സാധിക്കും.
കമ്പനിയുടെ പൊതു പരീക്ഷണത്തിന്റെ ഭാഗമായവര്‍ക്കാണ് തുടക്കത്തില്‍ കാര്‍ സേവനം ലഭ്യമാവുക. യാത്ര സൗജന്യമായിരിക്കുമെങ്കിലും താമസിയാതെ തന്നെ യാത്രകള്‍ക്ക് പണമീടാക്കി തുടങ്ങാന്‍ സാധിക്കുമെന്നാണ് വേയ്മോ പ്രതീക്ഷിക്കുന്നത്.
ഡ്രൈവറില്ലാ കാറുകള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഒരു സുപ്രധാന നാഴികകല്ലായിരിക്കും വെയ്മോ കാറുകള്‍. സെല്‍ഫ് ഡ്രൈവിങ് കാറുകള്‍ക്ക് നിയന്ത്രണമില്ലാത്ത അരിസോണയില്‍ ഒക്ടോബര്‍ 19 മുതല്‍ ഓട്ടോമേറ്റഡ് കാറുകളുടെ പരീക്ഷണം വെയ്മോ ആരംഭിച്ചിരുന്നു.
വെയ്മോയെ കൂടാതെ ടെസ്ല, ആപ്പിള്‍, ലിഫ്റ്റ്, ഉബര്‍, ഇന്റല്‍, ജനറല്‍ മോട്ടോഴ്സ്, ഡെല്‍ഫി തുടങ്ങിയ നിരവധി സ്ഥാരപനങ്ങള് ഓട്ടോമേറ്റഡ് വാഹനങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങളിലാണ്. നിരവധി പരീക്ഷണങ്ങളും ഈ കമ്പനികള്‍ നടത്തിവരുന്നുണ്ട്.
Post Your Comments