Latest NewsKeralaNews

ഗൃഹനാഥന്റെ മരണം : പൊലീസ് അന്വേഷണത്തില്‍ കൊലപാതകമായി

ആറ്റിങ്ങല്‍ : അപകടത്തെ തുടര്‍ന്നു ഗൃഹനാഥന്‍ മരിച്ചുവെന്നു കരുതിയതു പൊലീസ് അന്വേഷണത്തില്‍ കൊലപാതകമായി. സംഭവത്തില്‍ മകനും മകളുടെ കാമുകനും പിടിയിലായി. ആറ്റിങ്ങല്‍ ഇടയ്‌ക്കോട് മങ്കാട്ടുമൂല ലക്ഷം വീടിനു സമീപം കലാഭവന്‍വീട്ടില്‍ അനില്‍കുമാറാണ്(48) കഴിഞ്ഞ 13നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. മകന്‍ അഖില്‍ എ.എസ്.കുമാര്‍(19), മകളുടെ കാമുകന്‍ കിഴുവിലം മാമം പാറക്കാട്ടില്‍ സുധാഭവനില്‍ ശ്യാംകുമാര്‍(ഉണ്ണി-19) എന്നിവരാണു പിടിയിലായത്.

കഴിഞ്ഞമാസം പത്തിനു രാത്രി വീടിനു മുന്‍വശത്ത് അടുക്കിവച്ചിരുന്ന ഹോളോബ്രിക്‌സിനു മുകളില്‍നിന്നു വീണു പരുക്കറ്റെന്നു പറഞ്ഞു ഗുരുതരാവസ്ഥയില്‍ അനില്‍കുമാറിനെ വീട്ടുകാര്‍ അടുത്തദിവസം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ ചികിത്സയില്‍ ഇരിക്കവെ 13നു മരിച്ചു. തലക്കേറ്റ മുറിവുകളാണു മരണത്തിലേക്കു നയിച്ചതെന്നും വീഴ്ചയില്‍ ഉണ്ടാകുന്നതല്ല ഇത്തരത്തിലെ പരുക്കുകളെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയതോടെ പൊലീസ് നടത്തിയ ഊര്‍ജിത അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.

അഖിലും ശ്യാംകുമാറും പഠനം കഴിഞ്ഞു കൂലിവേലയ്ക്ക് പോകുകയാണിപ്പോള്‍. ഇരുവരും നേരത്തെ സുഹൃത്തുക്കളുമാണ്. സംഭവത്തില്‍ ബന്ധുവായ ഒരു സ്ത്രീ കുടി പ്രതിയാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. മകള്‍ക്കു സംഭവത്തില്‍ നേരിട്ട് ബന്ധമില്ലെന്നാണ് ഇതുവരെയുള്ള വിവരമെന്നു പൊലീസ് അറിയിച്ചു. താന്‍ അറിയാതെ മകളുടെ വിവാഹം ശ്യാംകുമാറുമായി പറഞ്ഞുറപ്പിച്ചത് അനില്‍കുമാര്‍ ചോദ്യം ചെയ്തിരുന്നുവെന്നു പൊലീസ് പറഞ്ഞു.

പത്തിനു രാത്രി മകനോടൊപ്പം ശ്യാംകുമാര്‍ വീട്ടിലെത്തിയത് അനില്‍കുമാര്‍ ചോദ്യം ചെയ്യുകയും ഇരുവരെയും അസഭ്യം വിളിക്കുകയും ചെയ്തു. ഇതിലുള്ള വിരോധംമൂലം രാത്രി പത്തുമണിയോടെ ഇരുവരും ചേര്‍ന്ന് അനില്‍കുമാറിനെ ആക്രമിക്കുകയും പാറക്കല്ലുകൊണ്ടു തലയ്ക്കടിച്ചു ഗുരുതരമായി പരുക്കേല്‍പ്പിക്കുകയുമായിരുന്നെന്നു പൊലീസ് അറിയിച്ചു.

പരുക്കേറ്റു വീട്ടില്‍ കിടന്നിരുന്ന അനില്‍കുമാറിനെ ആശുപത്രിയിലെത്തിക്കുന്നതില്‍ താമസം വന്നതു പൊലീസ് കണ്ടെത്തിയിരുന്നു. അനില്‍കുമാറിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു കഴിയാതെ വന്ന ബന്ധുക്കള്‍ തിരക്കിയെത്തിയപ്പൊഴാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലയ്ക്കു പരുക്കേറ്റ അനില്‍കുമാറിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാവണം മരണത്തിലേക്കു നയിച്ചതെന്നും അനുമാനിക്കപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button