കൊച്ചി: ദിലീപിനെതിരെ മനപ്പൂര്‍വ്വം കെട്ടിച്ചമച്ചതാണ് പലതും എന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലാകും മുമ്പ് ദിലീപ് ഡി.ജി.പി. ലോക്നാഥ് ബെഹ്റയെ പലവട്ടം വിളിച്ചതിന്റെ വിവരങ്ങള്‍ പുറത്തായി. ജയിലില്‍ നിന്ന് പള്‍സര്‍ സുനിയുടെ ഭീഷണി ഫോണ്‍വിളികള്‍ വന്നതിനു തൊട്ടുപിന്നാലെ തന്നെ ഡി.ജി.പിയുടെ ഫോണിലേക്കു ദിലീപ് വിളിച്ചിരുന്നുവെന്നും എന്നാല്‍ അന്വേഷണസംഘം ആരോപിക്കുംപോലെ ഇരുപതുദിവസം വൈകിയല്ല വിളിച്ചതെന്നുമാണ് പുറത്ത് വരുന്ന വിവരം.
പ്രധാന തെളിവുകളിലൊന്നായി പോലീസ് ഉന്നയിച്ച ഈ വാദത്തിന്റെ മുനയൊടിക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന ഫോണ്‍ കോള്‍രേഖകള്‍. ദീലീപിനെതിരേ 20 തെളിവുകള്‍ എണ്ണിപ്പറഞ്ഞ് കുറ്റപത്രം കണക്കെ സുദീര്‍ഘമായ റിമാന്‍ഡ് റിപ്പോര്‍ട്ടാണ് അറസ്റ്റിനു തൊട്ടുപിന്നാലെ അന്വേഷണസംഘം കോടതിയില്‍ നല്‍കിയത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായാണ് ദിലീപ് ഡി.ജി.പി. ലോക്നാഥ് ബെഹ്റയ്ക്ക് നല്‍കിയ പരാതിയെക്കുറിച്ച് പറയുന്നത്. ലോക്നാഥ് ബെഹ്റയുടെ സ്വകാര്യ ഫോണിലേക്കാണ് ദിലീപ് വിളിച്ചുകൊണ്ടിരുന്നത്. ആദ്യവിളി ഏപ്രില്‍ 10 നാണ്.
നാദിര്‍ഷയോടും അടുത്ത സുഹൃത്തായ നിര്‍മാതാവ് വ്യാസനോടും സംസാരിച്ച ശേഷം രാത്രി 9.57 നാണ് ദിലീപ് ഡി.ജി.പിയെ വിളിച്ചത്. ജയിലില്‍ നിന്ന് പള്‍സര്‍ സുനിയുടെ ആദ്യവിളി നാദിര്‍ഷയ്ക്ക് വന്നത് അന്നായിരുന്നു. പിന്നീട്, ഏപ്രില്‍ 18 ന് ഉച്ചയ്ക്ക് 1.03 ന്, 20 ന് ഉച്ചക്ക് 1.55 ന്, 21 ന് വൈകിട്ട് 6.12 നും. ഈ ഫോണ്‍ വിളികള്‍ക്കൊപ്പം തന്നെ ഓരോ ദിവസവും പള്‍സര്‍ സുനിയുടെയും കൂട്ടാളിയുടെയും സംഭാഷണം റെക്കോര്‍ഡ് ചെയ്തെടുത്തത് ഡി.ജി.പിയുടെ വാട്സാപ്പിലേക്ക് അയച്ചിരുന്നതായും ജാമ്യത്തിനുള്ള വാദത്തിനിടെ ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.
Post Your Comments