Latest NewsEast Coast SpecialParayathe VayyaEditorial

സൗദി തിളങ്ങുന്നു

വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ പുത്തന്‍ ചിന്തകളുമായി സൗദി തിളങ്ങുകയാണ്. അധികാരത്തിന്റെ അപ്പകഷ്ണങ്ങളില്‍ കടിച്ചു തൂങ്ങുന്ന അഴിമതിക്കാരായ തേരട്ടകളെ ആട്ടിയോടിച്ചു കൊണ്ട് സൗദി അറേബ്യയില്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എടുത്ത പുതിയ നിലപാട് ലോക രാഷ്ട്രങ്ങള്‍ അത്ഭുതത്തോടെ വീക്ഷിക്കുകയാണ്. പഴയ ‘ചട്ടക്കൂടില്‍’ ഉറച്ച് നില്‍ക്കുന്നവരെ ഒഴിവാക്കി കൊണ്ട് പുതിയ തലമുറ അധികാരം വിനിയോഗിക്കുകയാണ്‌ . അതിനു തെളിവാണ് സൗദിയിലെ പുതിയ മാറ്റങ്ങള്‍.

രാജ്യത്ത് അടിമുടി മാറ്റങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടാണ് സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കാര്യങ്ങള്‍ നീക്കുന്നത്. യാഥാസ്ഥിതിക മൂല്യങ്ങള്‍ മാത്രം ഉയര്‍ത്തിപ്പിടിച്ചിരുന്ന സൗദിയില്‍ ഇപ്പോ മാറ്റത്തിന്റെ കാറ്റ് വീശിയിരിക്കുന്നതിന്റെ തെളിവാണ് ചരിത്രത്തില്‍ ആദ്യമായി ഒരു ക്രൈസ്തവ സഭാ മേലധ്യക്ഷന്‍ സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നത്. സൗദിഭരണകൂടത്തിന്റെ ഔദ്യോഗിക ക്ഷണപ്രകാരമാണ് സന്ദര്‍ശനം. ലബനന്‍ കത്തോലിക്ക സഭയുടെ തലവന്‍ പാത്രിയര്‍ക്കീസ് കര്‍ദിനാള്‍ ബിഷാറ അല്‍ റായ് ആണ് സൗദി സന്ദര്‍ശിക്കാനൊരുങ്ങുന്നത്.  കൂടാതെ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നതുള്‍പ്പെടെ പുരോഗമനപരമായ ചില നടപടികള്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വീകരിച്ചിട്ടുണ്ട്. സൗദിയില്‍ സ്ത്രീകള്‍ എല്ലാ രംഗത്തും പിന്നിലാണെന്നിരിക്കെ മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ചെയ്യാം എന്ന നിയമം കൊണ്ടുവന്നു. മുസ്ലിം യാഥാസ്ഥിതിക വാദികള്‍ക്ക് ഈ തീരുമാനത്തോട് കടുത്ത അതൃപ്തിയാണുള്ളത്.

ഇസ്ലാമിന്റെ നവീകരണം ലക്ഷ്യമിട്ട് ഹദീസ് അടക്കമുള്ളവ പരിഷ്‌ക്കരിക്കാനുള്ള നയങ്ങള്‍ ഒരു വശത്ത് നടപ്പിലാക്കുമ്പോള്‍ തന്നെ മറുവശത്ത് അഴിമതിക്കെതിരെ സന്ധിയില്ലാത്ത സമരവും പ്രഖ്യാപിച്ചിരിക്കയാണ് അദ്ദേഹം. അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന രാജകുമാരന്മാര്‍ക്ക് നേരെ മുഖം നോക്കാതെ നടപടി സ്വീകരിച്ചിരിക്കുകയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. 11 രാജകുമാരന്മാര്‍ അടക്കമുള്ളവരാണ് അഴിമതി ആരോപണത്തില്‍ അറസ്റ്റിലായിരിക്കുന്നത്.

സ്വദേശിവത്കരണത്തിനുള്ള നിതാഖാത് പദ്ധതിയ്ക്ക് തുടക്കമിട്ട മുന്‍ തൊഴില്‍ മന്ത്രിയും ഇപ്പോഴത്തെ സാമ്പത്തിക ആസൂത്രണ മന്ത്രിയുമെല്ലാം അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ഇത്തരം ധീരമായ പ്രവര്‍ത്തിയിലൂടെ സൗദി വിഷന്‍ 2030നു തുടക്കമിട്ടിരിക്കുകയാണ് മുപ്പത്തിമൂന്നുകാരനായ മുഹമ്മദ്‌ ബിന്‍ സല്‍മാന്‍.
2015 ല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരത്തില്‍ വന്നതുമുതല്‍ സൗദിയില്‍ മാറ്റങ്ങള്‍ പ്രകടമായി തുടങ്ങിയിരുന്നു. തന്റെ സഹോദരനും യഥാര്‍ത്ഥ കിരിടാവകാശിയുമായ മുഹമ്മദ് ബിന്‍ നയീഫിനെ പിന്തള്ളിയാണ് അദ്ദേഹം അധികാരത്തിലെത്തിയത്.

മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ സമിതി ഉണ്ടാക്കിയതായി രാജകല്‍പ്പന ഉണ്ടായതും 11 രാജകുമാരന്മാരെയും നിരവധി മന്ത്രിമാരേയും തടവിലാക്കിയ നടപടി ലോകരാഷ്ട്രങ്ങളില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴി വെച്ചിരിക്കുകയാണ്. അഴിമതിക്കേസില്‍ അറസ്റ്റിലായ രാജകുടുംബാംഗങ്ങളടക്കം എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നും ക്രമക്കേടിലൂടെ സമ്പാദിച്ച സ്വത്ത് ഖജനാവിലേക്കു കണ്ടുകെട്ടുമെന്നും സൗദി അറേബ്യ അറിയിച്ചു. പിടിയിലായ ആര്‍ക്കും ‘പ്രത്യേക പരിഗണന’ നല്‍കില്ലെന്നും വ്യക്തമാക്കി.

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തിലുള്ള പുതിയ അഴിമതിവിരുദ്ധ ഉന്നത സമിതിയാണ് ശനിയാഴ്ച ചുമതലയേറ്റതിനു തൊട്ടുപിന്നാലെ അന്വേഷണം പ്രഖ്യാപിച്ചതും പ്രമുഖര്‍ക്കെതിരെ നടപടിയെടുത്തതും. മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍, രാജകുടുംബാംഗങ്ങള്‍ എന്നിവര്‍ക്കു പുറമെ, മക്ക ഹറം പള്ളി വികസനം ഉള്‍പ്പെടെ സൗദിയിലെ മിക്ക വന്‍കിട പദ്ധതികളുടെയും കരാര്‍ ഏറ്റെടുത്തിട്ടുള്ള ബിന്‍ ലാദന്‍ ഗ്രൂപ്പിന്റെ മേധാവി ബക്ര് ബിന്‍ ലാദന്‍, എംബിസി ടെലിവിഷന്‍ നെറ്റ്വര്‍ക്ക് ചെയര്‍മാന്‍ അല്‍വലീദ് അല്‍ ഇബ്രാഹിം തുടങ്ങിയ വ്യവസായികളും അറസ്റ്റിലായിട്ടുണ്ട്.

ഇങ്ങനെ അഴിമതിക്കാരെ കണ്ടെത്തി വകുപ്പുകള്‍ ശുദ്ധീകരിച്ച മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇപ്പോള്‍ രാജകുടുംബാംഗങ്ങളുടേയും ശത്രുവായി മാറിയിരിക്കുകയാണ് എന്നതാണ് വാസ്തവം. എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ കടുത്ത നിലപാടിന് പിന്നില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഇടപെടലുണ്ടെന്ന് റിപ്പോര്‍ട്ട്. സൗദി അറേബ്യയില്‍ നടന്ന അഴിമതി വിരുദ്ധ വേട്ടയില്‍ അറസ്റ്റിലായ രാജകുമാരന്‍മാരില്‍ പ്രമുഖനായ അന്‍വാലിദ് ബിന്‍ തലാല്‍ ട്രംപിന്റെ കടുത്ത ശത്രുവാണ്. ലോകത്തിലെ വന്‍ നിര സമ്പന്നരുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള അന്‍വാലിദ് മുന്‍പ് സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടിരുന്ന ട്രംപിനെ സഹായിച്ചിട്ടുണ്ട്.

പ്രസിഡന്റ് പദവിയെത്തുന്നതിന് മുന്‍പ് ട്രംപ് കടക്കെണിയില്‍ പെട്ടു നിന്ന സമയത്താണ് അന്‍വാലിദ് രാജകുമാരന്‍ സാമ്പത്തികമായി സഹായിച്ചിരുന്നത്. പിന്നീട് ഇത് സംബന്ധിച്ചുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് ഇരുവരും ശത്രുക്കളായി. സൗദി രാജകുടുംബത്തിലെ ഇളമുറക്കാരായ പതിനൊന്ന് രാജകുമാരന്മാര്‍, നാല് മന്ത്രി സഭാംഗങ്ങള്‍, പന്ത്രണ്ട് മുന്‍ മന്ത്രിമാര്‍ എന്നിവരാണ് അറസ്റ്റിലായത്. അഴിമതിക്കേസുകളില്‍ അറസ്റ്റിലായവരുടെ വസ്തുവകകള്‍ രാജ്യത്തിന്റെ സ്വത്തായി രജിസ്റ്റര്‍ ചെയ്യാനാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. നിലവില്‍ അല്‍വാലിദ് അടക്കമുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്.

ലോകത്തെ പ്രമുഖ കിംഗ്ഡം ഹോള്‍ഡിംഗ്‌സ് കമ്പനിയുടെ ചെയര്‍മാന്‍ കൂടിയാണ് അന്‍വാലിദ്, ഇയാളുടെ അറസ്റ്റിനു ശേഷം കിംഗ്ഡം ഹോള്‍ഡ്‌സിന്റെ ഓഹരിവിലയില്‍ 9.9 ശതമാനം ഇടിവ് നേരിട്ടു. ആപ്പിള്‍ ട്വിറ്റര്‍ കമ്പനികളിലും റുപേര്‍ട്ട് മര്‍ഡോക്കിന്റെ കോര്‍പറേഷനിലും അന്‍വലീദിന് ഓഹരികളുണ്ട്.

സ്വന്തവും ബന്ധവും നോക്കാതെ മുഹമ്മദ് ബിന്‍ സല്‍മാന്‍ എടുത്ത ഈ നടപടി ശ്രദ്ധേയമാണ്. രാജ്യത്തിന്റെ വികസനത്തിന് മാത്രം ഊന്നല്‍ നല്‍കികൊണ്ടാണ് രക്തബന്ധത്തെ പോലും പരിഗണിക്കാതെ ധീരമായ നടപടിയുമായി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ മുന്നോട്ട് പോകുന്നത്. പ്രതിഷേധവും പ്രക്ഷോഭവും നടക്കുന്നുണ്ടെങ്കിലും അഴിമതിക്കാരെ സംരക്ഷിക്കാനാണ് കാലാകാലങ്ങളില്‍ ഭരണകൂടവും അധികാരികളും ശ്രമിച്ചിട്ടുള്ളത്. ആ കാലത്തുനിന്നും ഒരു മാറ്റം കൊണ്ട് വരുകയാണ് യുവതലമുറ. അധികാരം എന്നും ഒരു തലമുറയ്ക്ക് പിന്നില്‍ നില്‍ക്കുമ്പോള്‍ എന്തിനും കാഴ്ചക്കാര്‍ മാത്രമാകേണ്ടി വരുന്ന യുവ തലമുറ ഇന്ന് അധികാരം എങ്ങനെ വിനിയോഗിക്കണമെന്ന് ശക്തമായി കാണിച്ചു തരുന്നു. അതിനുള്ള മികച്ച ഉദാഹരണമായി സൗദി കിരീടാവകാശി മാറുന്നു.

ലോക രാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍ അഴിമതി ആരോപണത്തില്‍ തല കുമ്പിട്ടു നില്‍ക്കേണ്ടിവന്ന ഇന്ത്യ ഈ തീരുമാനങ്ങള്‍ കാണേണ്ടതാണ്. എന്തിനു നമ്മുടെ കൊച്ചു കേരളത്തില്‍ കുവൈറ്റ് ചാണ്ടി വെട്ടിപ്പിടിച്ചിരിക്കുന്ന കായലിനും അയാളുടെ ഭരണ കസേരയ്ക്കും തണലായി നില്‍ക്കുക മാത്രമാണ് ഇവിടത്തെ ഇരട്ട ചങ്കന്‍ സര്‍ക്കാര്‍ ചെയ്യുന്നത്. അഴിമതിക്കാരുടെ ആസനം താങ്ങി നടക്കുന്ന പിണറായി സര്‍ക്കാര്‍ സൗദി രാജകുമാരന്റെ ഈ നടപടി കാണുന്നില്ല. അല്ല അധികാര ഭ്രാന്തന്മാര്‍ക്ക് അത് കണ്ടാലും മനസ്സിലാകുകയുമില്ല..!

shortlink

Related Articles

Post Your Comments

Related Articles


Back to top button