ജ്യോതിർമയി ശങ്കരൻ
വെള്ള മണൽ നിറഞ്ഞ വിശാലമായ മൈതാനത്തിന്നപ്പുറം നിർത്തിയ ബസ്സിൽനിന്നുമിറങ്ങി മുന്നിലേയ്ക്കു നോക്കിയപ്പോൾ കണ്ട കാഴ്ച്ച അവിസ്മരണീയം തന്നെ.. നീണ്ടു കിടക്കുന്ന കരിങ്കല്ലു പതിച്ച വഴിത്താരയുടെ അറ്റത്തു നിന്നാൽ മുന്നിലായിക്കാണുന്ന രുക്മിണീ ദേവീ ക്ഷേത്രം കണ്ണുകൾക്കൊരു വിരുന്നു തന്നെയാണെന്നതിൽ സംശയമില്ല.. ക്ഷേത്രഗോപുരാഗ്രത്തിൽ മഞ്ഞയും ചുകപ്പും തുണികൾ ഇടകലർത്തി തുന്നിയുണ്ടാക്കിയ പടുകൂറ്റൻ കൊടി കാറ്റിൽ നൃത്തം ചെയ്യുന്നു . എത്രയേറെ മീറ്റർ തുണി ഉപയോഗിച്ചായിരിയ്ക്കണം ഇത്രയും വലിയ കൊടിയുണ്ടാക്കിയത് എന്ന് മനസ്സിലോർത്തു. വേറെയും ചെറിയ കൊടികൾ മന്ദിരത്തിന്റ്റെ പലഭാഗങ്ങളിലായി മന്ദിരത്തിനു മുകളിലായി സ്ഥാപിച്ചിരിയ്ക്കുന്നതു കണ്ടു. അവയും കാറ്റിൽ ആനന്ദനടനം ചെയ്തുകൊണ്ടിരിയ്ക്കുന്നല്ലോ.
വാസ്തുശൈലിയുടെ പരിപൂർണ്ണത നയനഭംഗിയേറ്റുന്ന ഈ മന്ദിരം ഒരു കവിതപോലെ സുന്ദരമാണെന്നു പറയാം.. ദൂരെ നിന്നേ കണ്ടപ്പോൾ മനസ്സിനെത്തൊടാൻ അതിനു കഴിഞ്ഞെന്നു മനസ്സിലായി . അടുത്തു ചെന്നു നോക്കിയപ്പോൾ മനോഹാരിത കൂടിയെന്നേ തോന്നിയുള്ളൂ ഇന്ത്യയിൽ മറ്റൊരു രുക്മിണീ ക്ഷേത്രം ഇല്ലെങ്കിലും ഇതു തന്നെ ധാരാളമെന്നു പറയാനാകും.. വാസ്തുകലയുടെ മൂർത്തിമദ് രൂപം. ദേവീസന്നിധിയിലേയ്ക്കുള്ള പടികൾ കയറുന്നയിടം ഏതോ വിശേഷദിനത്തിന്റെ ഭാഗമായി തുണിയാൽ അലങ്കരിച്ചു തുടങ്ങിയിരിയ്ക്കുന്നു. നാളെ ശ്രീകൃഷ്ണ ഭഗവാൻ രുക്മിണിയെ വിവാഹം ചെയ്ത ദിവസം ആഘോഷിയ്ക്കുമെന്ന് മനസ്സിലാക്കാനായി. അതിനുള്ള അലങ്കാരപ്പണികൾക്കായെന്നോണം അമ്പലത്തിനു മുകളിൽ മുഴുവനും വൈദ്യുതാലങ്കാരം ചെയ്തിരിയ്ക്കുന്നു.എന്തു ഭംഗി! സന്ധ്യ കഴിഞ്ഞാൽ നല്ലൊരു കാഴ്ച്ചയായിരിയ്ക്കുമിതെന്ന് മനസ്സിലോർത്തു.
പടവുകൾ കയറി ദേവീ സന്നിധിയിലെത്തി. പൂജാരി ഞങ്ങൾക്കായി രുക്മിണിയ്ക്കു കിട്ടിയ ശാപകഥ പറയാൻ തുടങ്ങി.എല്ലാവരും ശ്രദ്ധയോടെ ചെവിയോർത്തു..
കഥ ഇങ്ങനെ:
മുൻശുണ്ഠിക്കാരനെന്നു പേർകേട്ട ദുർവാസാവു മഹർഷിയെ വിളിച്ചു വരുത്തി സൽക്കരിയ്ക്കാനുള്ള തന്റെ മോഹം രുക്മിണീ ദേവി ഭഗവാൻ കൃഷ്ണനെ അറിയിയ്ക്കുന്നു. ആദ്യം ഭഗവാൻ അത് ആപൽക്കരമാണെന്ന്നും വേണ്ടെന്നും തന്റെ പ്രിയതമയോട് പറഞ്ഞെങ്കിലും, ദേവിയുടെ ആഗ്രഹത്തിനു തടസ്സം നിന്നില്ല.രണ്ടുപേരും ചേർന്ന് ദുർവ്വാസാവിനെ ചെന്നുകണ്ട് സൽക്കാരത്തിനു ക്ഷണിയ്ക്കുന്നു. ദുർവ്വാസാവാകട്ടെ, താൻ വരണമെങ്കിൽ ആ രഥം വലിയ്ക്കുന്നത് കുതിരകളായാൽപ്പോരാ ഭഗവാനും രുക്മിണിയും കൂടിയാവണമെന്നും വഴിയിലെവിടെയും നിർത്തരുതെന്നും ശഠിയ്ക്കുന്നു. എല്ലാം സമ്മതിച്ച് രണ്ടുപേരും കൂടി തേർ വലിച്ച് കാട്ടിൽക്കൂടി യാത്ര ചെയ്യുന്ന സമയത്ത് തേർ വലിച്ച് ക്ഷീണിച്ചവശയായ രുക്മിണി ഇനി ഒരൽപ്പം വെള്ളം കുടിയ്ക്കാതെ തനിയ്ക്ക് ഒരടിപോലും മുന്നോട്ടു നീങ്ങാനാവില്ലെന്നു ഭഗവാനെ അറിയിയ്ക്കുന്നു. കാൽ വിരൽകൊണ്ട് മണ്ണിൽകുത്തി ഭഗവാൻ ഗംഗയെ പ്രത്യക്ഷപ്പെടുത്തുകയും വെള്ളം കുടിച്ച ദേവിയുടെ ക്ഷീണം മാറുകയും ചെയ്തെങ്കിലും അതിഥിയായ തനിയ്ക്ക് ആദ്യം നൽകാതെയും ചോദിയ്ക്കാതെയും ജലപാനം ചെയ്തതിലും വണ്ടി നിർത്തിയതിലും കുപിതനായ ദുർവ്വാസാവ് രണ്ടു പേരും 12 വർഷം പരസ്പ്പരം പിരിഞ്ഞിരിയ്ക്കാൻ ഇടവരട്ടെ എന്നു ശപിയ്ക്കുന്നു. മാത്രമല്ല. ഈ സ്ഥലത്തിനു ചുറ്റും 20 നാഴിക ചുറ്റുവട്ടമുള്ള സ്ഥലത്തെങ്ങും ശുദ്ധജലം കിട്ടാതെ പോകട്ടെ എന്നും ശപിയ്ക്കുകയും ചെയ്യുന്നു.ഈ ശാപത്താലാണ് ദ്വാരകാധീശനായ കൃഷ്ണന്റെ ക്ഷേത്രത്തിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരെയായി രുക്മിണീ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശാപം സത്യമായതാകാം, 20 കിലോമീറ്റർ ചുറ്റളവിൽ ഇന്നും ശുദ്ധജലം അപ്രാപ്യം തന്നെ. ഇന്നിവിടെക്കാണുന്ന ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടിൽ ഉണ്ടാക്കപ്പെട്ടെന്നു കണക്കാക്കപ്പെടുന്നു .
കഥകേട്ട ശേഷം മന്ദിരത്തിന്നകത്തുകയറി തൊഴുതു. ഗർഭഗൃഹത്തിൽ ഉയർന്ന പീഠത്തിലായുള്ള സർവ്വാലങ്കാരവിഭൂഷിതയായ രുക്മിണീദേവിയുടെ പ്രതിഷ്ഠ അതിമനോഹരം തന്നെ. ചുവരിലെല്ലാം ശ്രീകൃഷ്ണനും രുക്മിണിയും ചേർന്നുള്ള പെയിറ്റിംഗുകളാൽ നിറഞ്ഞിരിയ്ക്കുന്നു. പൂജാരിയുടെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞ അവിടത്തെ പ്രധാന വഴിപാടായ ജലം വഴിപാടായി ബുക്കു ചെയ്തപ്പോൾ മധുരവും മഞ്ഞളും മഞ്ഞ നിറത്തിലെ ഷാളും വഴിപാടു ചെയ്തവർക്കെല്ലം പ്രസാദമായിക്കിട്ടി. പുറത്തുകടന്ന് ഗരുഡനെ തൊഴുതു, പ്രദക്ഷിണം വച്ചു. ദേവിയെ സംരക്ഷിയ്ക്കാനായി ഗരുഡൻ അവിടെ വസിച്ചിരുന്നെന്നാണു വിശ്വാസം.
ജലപ്രസാദം സേവിച്ചശേഷം ഏറെ കൌതുകത്തോടെ മന്ദിരത്തിനു ചുറ്റുമായി വലം വെയ്ക്കുമ്പോൾ പുറംഭാഗത്തെ ശിൽപ്പവേലകൾ കണ്ട് ആശ്ചര്യത്താൽ കണ്ണു തള്ളിപ്പോയെന്നു പറയാം. കരിങ്കല്ലുവിരിച്ച ഉയർന്ന പ്ളാറ്റ്ഫോമിൽ തട്ടുതട്ടായും അടുക്കടുക്കായും ഒതുക്കിയൊതുക്കിയെന്നോണം കൊത്തിവച്ചിരിയ്ക്കുന്ന രൂപങ്ങളിൽ ആനകളും മനുഷ്യരും ദേവന്മാരും പലതരം രൂപങ്ങളും ഭാവങ്ങളുമൊക്കെ തെളിഞ്ഞു കാണാനായി. ഒരിഞ്ചു സ്ഥലം പോലും വെറുതെയിടാത്തവണ്ണം കൃത്യമായ അകലത്തിൽ ക്രമമായി കൊത്തി വച്ചിരിയ്ക്കുന്ന ശിൽപ്പങ്ങൾ.ഇവയിൽപ്പലതും ദേവന്മാരും ദേവികളും അപ്സരസ്സുകളും ആവാം. എന്താണെന്നു പറയാനാകാത്ത വെറും അലങ്കാരപ്പാണികളാകാം. കാറ്റും വെളിച്ചവും കടക്കാനായുണ്ടാക്കിയ സങ്കീർണ്ണത നിറഞ്ഞ കൊത്തുപണികളോടുകൂടിയ കൊച്ചു ജാലകങ്ങളാകാം. എത്ര നേരം വേണമെങ്കിലും ഈ ശിൽപ്പചാതുരി നോക്കി നിൽക്കാനാകുമെന്ന് മനസ്സ് പറയുന്നല്ലോ. . അധികം ഉയരം കൂടിയ ഭാഗത്തെ രൂപങ്ങൾ അടുത്തു നിന്നു കാണാനാകില്ലെങ്കിലും ഏറ്റവും താഴത്തെ വരി മുതൽ മുകളിലേയ്ക്കായുള്ള ഓരോ വരിയിലേയും ശിൽപ്പങ്ങളുടെ സമാനത തീർക്കുന്ന മനോഹാരിത സങ്കൽപ്പത്തിന്നതീതം തന്നെ. ഇതെല്ലാം കാണുന്നവർക്ക് അവ കൊത്തിയെടുത്ത മഹത്തായ ശിൽപ്പികളെ വന്ദിയ്ക്കാതിരിയ്ക്കാനാവില്ല. അതോ ഇതെല്ലാം ദേവന്മാരുടെ കൈവിരുതോ? എന്നുപറഞ്ഞാൽപ്പോലും ഒരു നാമെല്ലാം പക്ഷേ വിശ്വസിച്ചെന്നു വരും. അത്രയും മനോഹരമായ കൊത്തുപണികളാണിവിടെ കാണാനാകുന്നത്..ഇപ്പോഴും ഇത്ര കാലത്തിനുശേഷവും ഇവയിലെ ഉറപ്പും മിഴിവും ദൃശ്യമാണ്.
കുറെ ഫോട്ടൊ എടുക്കാതിരിയ്ക്കാനായില്ല, ഈ മനോഹാരിത വീണ്ടും വീണ്ടും കണ്ടാസ്വദിയ്ക്കാനായി.തന്റെ പ്രിയതമനെ വേർപിരിഞ്ഞു ജീവിയ്ക്കുന്ന ദേവിയെക്കുറിച്ചൽപ്പം ദുഃഖവും മനസ്സിൽ തോന്നി, രുക്മിണി സാക്ഷാൽ ലക്ഷ്മിയും ശ്രീകൃഷ്ണഭഗവാൻ സാക്ഷാൽ വിഷ്ണുവിന്റെ അവതാരവും ആണെന്നറിഞ്ഞിട്ടും.
Post Your Comments