ഖത്തര്‍: സൗദി ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഖത്തറിന് ഏര്‍പ്പെടുത്തിയ വിലക്ക് അഞ്ചാം മാസത്തിലും തുടരുന്നു. മേഖലയിലെ നിഷ്പക്ഷ രാജ്യങ്ങളും അമേരിക്ക ഉള്‍പ്പടെയുള്ള മറ്റ് രാജ്യങ്ങളും നടത്തിയ മധ്യസ്ഥ നീക്കങ്ങള്‍ പരാജയപ്പെട്ടിരുന്നു.
കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് ഖത്തറുമായുള്ള എല്ലാം ബന്ധങ്ങളും അവസാനിപ്പിക്കാന്‍ സൗദി ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ തീരുമാനിച്ചത്. സൗദിയെക്കൂടാതെ യുഎഇ, ബഹ്റൈന്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങളും ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചിരുന്നു.എന്നാല്‍ തീവ്രവാദ വിഷയത്തില്‍ വ്യക്തമായ ഉറപ്പ് നല്‍കണമെന്ന സൗദി അനുകൂല രാജ്യങ്ങളുടെ കടുംപിടിത്തം അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് ഖത്തര്‍ വ്യക്തമാക്കിയതോടെ മധ്യസ്ഥ നീക്കം വഴിമുട്ടി. കുവൈറ്റ് അമീര്‍ ഇരുപക്ഷവുമായി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരം യുഎസ് സ്റ്റേറ്റ് സെക്രട്ടറി രണ്ടു വട്ടം സൗദിയിലും ഖത്തറിലുമെത്തി നേതാക്കളെ കണ്ടെങ്കിലും അതും പരാജയപ്പെട്ടു.
തുര്‍ക്കി, ഇറാന് തുടങ്ങി രാജ്യങ്ങളുമായി അടുത്ത ബന്ധം രൂപപ്പെടുത്തി പ്രതിസന്ധി മറികടക്കാന്‍ ആയിരുന്നു ഖത്തറിന്റെ ആദ്യ നീക്കം. ഒരു ബില്യന്‍ ഡോളറിന്റെ ആയുധ കരാര്‍ അമേരിക്കയുമായി പോയ വാരം രൂപപ്പെടുത്താന്‍ സാധിച്ചതും വലിയ വിജയമായി ഖത്തര്‍ വിലയിരുത്തുന്നു. ഖത്തര്‍ ജിസിസിയില്‍ പങ്കെടുത്താല്‍ ഉച്ചകോടി ബഹിഷ്കരിക്കുമെന്നാണ് ബഹ്റൈന്റെ പ്രഖ്യാപനം. ഇത് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കാൻ സാധ്യതയുണ്ട്.
Post Your Comments