അടിമാലി: വൈദ്യുതിമന്ത്രി എം.എം.മണിയുടെ സഹോദരന് സനകന്റെ ദുരൂഹ മരണത്തിലേയ്ക്ക് വെളിച്ചം വീശുന്ന ചില വസ്തുതകള്‍ ലഭിച്ചതായി സൂചന. സനകന്റെ മരണത്തെ കുറിച്ചുള്ള ഊമക്കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മരണത്തിന് കാരണമായ ചില വസ്തുതകള്‍ ലഭിച്ചത്. മന്ത്രിയുടെ സഹോദരന് ലംബോദരനാണ് കത്തിലെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
സനകന്‍ മരിച്ചത് വാഹനം ഇടിച്ചിട്ടാണെന്നും കാറില്‍ രണ്ട് സ്ത്രീകള്‍ ഉണ്ടായിരുന്നുവെന്നും പറയുന്ന ഊമക്കത്ത് ജില്ലാ മേധാവിയ്ക്ക് കൈമാറി. ഊമക്കത്തിനെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ജില്ലാ പോലീസ് മേധാവി മൂന്നാര്‍ ഡിവൈ.എസ്.പി.യോട് ആവശ്യപ്പെട്ടു.
ഊമക്കത്തില്‍ പറയുന്നതിങ്ങനെ, ഒക്ടോബര്‍ ഏഴിനു വൈകുന്നേരം അടിമാലി ടൗണിനു സമീപത്ത് സനകനെ വാഹനമിടിച്ചു. ഇതില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരുണ്ടായിരുന്നു. പരിക്കേറ്റത് മന്ത്രിയുടെ സഹോദരനാണെന്ന് അവിടെക്കൂടിയവര്‍ക്ക് അറിയില്ലായിരുന്നു. സംഭവം നടന്ന വാഹനത്തില്‍ത്തന്നെ നാട്ടുകാര്‍ സനകനെ ആശുപത്രിയിലേക്കയച്ചു. വാഹനത്തിലുണ്ടായിരുന്നവര്‍ അടിമാലി താലൂക്കാശുപത്രിയിലേക്ക് എന്നു പറഞ്ഞാണു കൊണ്ടുപോയത്. പിന്നീടു മരണവിവരമാണ് അറിയുന്നതെന്നും വാഹനാപകടമാണു കാരണമെന്നുമാണ് കത്തില്‍ പറയുന്നത്.
കുഞ്ചിത്തണ്ണി ഇരുപതേക്കര്‍ മുണ്ടക്കല്‍ എം.എം.സനകന്‍ (56) ഒക്ടോബര്‍ ഒമ്പതിന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണു മരിച്ചത്. സനകനെ ഒക്ടോബര്‍ ഏഴിനു പുലര്‍ച്ചെ കുത്തുപാറയില്‍ വഴിവക്കില്‍ അവശനിലയില്‍ നാട്ടുകാര്‍ കണ്ടെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. അതിന് രണ്ടുദിവസംമുമ്പ് ഭാര്യയോടൊപ്പം കുഞ്ചിത്തണ്ണിയിലേക്കു പോയ സനകനെ ഇടയ്ക്കു കാണാതായിരുന്നു.
ഊമക്കത്തു ലഭിച്ചു ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടില്ല. മുരിക്കാശ്ശേരി സ്വദേശിയുടേതായിരുന്നു കത്തില്‍ പറയുന്ന വാഹനമെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ വിളിച്ചുവരുത്തി ചോദ്യംചെയ്തിട്ടില്ല. സനകനെ ഒക്ടോബര്‍ ഏഴിന് ആശുപത്രിയിലെത്തിച്ചിരുന്നോ എന്നുപോലും പോലീസ് അന്വേഷിച്ചിട്ടില്ലെന്നും ലംബോദരന് ആരോപിക്കുന്നു.
Post Your Comments