തിരുനെല്‍വേലി•തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയുടെയും തിരുനെല്‍വേലി ജില്ലാ കലക്ടര്‍ സന്ദീപ് നന്ദൂരിയുടെയും അശ്ലീലവും അനുചിതവുമായ കാര്‍ട്ടൂണ്‍ വരച്ചു എന്നാരോപിച്ച് ചെന്നൈയിലെ കാര്‍ട്ടൂണിസ്റ്റായ ജി.ബാലകൃഷ്ണന്‍ (36) എന്ന ബാലയെ തിരുനെല്‍വേലി പോലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഒക്ടോബര്‍ 23 ന് തിരുനെല്‍വേലി ജില്ലാ കലക്ട്രേറ്റിന് മുന്നില്‍ നാലംഗ കുടുംബം തീകൊളുത്തി മരിച്ച സംഭവത്തെക്കുറിച്ചായിരുന്നു കാര്‍ട്ടൂണ്‍.
24 നാണ് വിവാദമായ കാര്‍ട്ടൂണ്‍ ബാല ഷെയര്‍ ചെയ്തത്. പിഞ്ചുകുഞ്ഞ് തീപിടിച്ച് നില്‍ക്കുമ്പോള്‍ സമീപത്തായി തിരുനെല്‍വേലി പോലീസ് കമ്മീഷണര്‍, കലക്ടര്‍, തമിഴ്‌നാട് മുഖ്യമന്ത്രി എന്നിവര്‍ വിവസ്ത്രരായി കണ്ണടച്ച് നില്‍ക്കുന്നു. മൂവരും സ്വകാര്യ ഭാഗങ്ങളില്‍ പണക്കെട്ട് കൊണ്ട് നാണം മറച്ചിട്ടുമുണ്ട്. ഇതാണ് ബാല വരച്ച കാര്‍ട്ടൂണ്‍.
“ആമാ.. ഇന്ത കാര്‍ട്ടൂണ്‍ ആതിരത്തിന്‍ ഉച്ചത്തില്‍ താന്‍ വരന്തിയേന്‍..” (തന്റെ കോപത്തിന്റെ ഉയരം കാണിക്കാനാണ് ഞാന്‍ ഈ കാര്‍ട്ടൂണ്‍ വരച്ചത്) എന്ന കുറിപ്പോടെയാണ് ബാല കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. 38,000 ഷെയറുകള്‍ ലഭിച്ച കാര്‍ട്ടൂണ്‍ ലക്ഷക്കണക്കിന് പേരാണ് കണ്ടത്.
താന്‍ വിമര്‍ശനത്തിന് എതിരല്ലെന്നും പക്ഷെ, കാര്‍ട്ടൂണ്‍ വസ്തുതകള്‍ക്ക് വിരുദ്ധമാണെന്നും കലക്ടര്‍ സന്ദീപ് നന്ദൂരി പറഞ്ഞു. അശ്ലീലമായ രീതിയിലാണ് അയാള്‍ ബഹുമാനപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രിയേയും രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ചിത്രീകരിച്ചിരിക്കുന്നതെന്നും കലക്ടര്‍ പറഞ്ഞു.
ഒരാഴ്ച മുന്‍പാണ് താന്‍ കാര്‍ട്ടൂണിനെ കുറിച്ച് അറിഞ്ഞതെന്നും തുടര്‍ന്ന് ജില്ല ക്രൈംബ്രാഞ്ചില്‍ പരാതി നല്‍കുകയായിരുന്നുവെന്നും നന്ദൂരി പറഞ്ഞു.
മുഖ്യമന്ത്രിയെ താന്‍ ഈ വിഷയത്തിലേക്ക് വലിചിട്ടതല്ല. കാര്‍ട്ടൂണിനും കാര്‍ട്ടൂണിസ്റ്റിനും നേരെ ഉചിതമായ നടപടി സ്വീകരിക്കാന്‍ മാത്രമേ താന്‍ പോലീസിനോട് ആവശ്യപ്പെട്ടുള്ളൂവെന്നും കലക്ടര്‍ വിശദീകരിച്ചു.
നവംബര്‍ 1 നാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് തിരുനെല്‍വേലി എസ്.പി പി.വി.ഇ അരുണ്‍ ശക്തികുമാര്‍ പറഞ്ഞു.
ചെന്നൈ കോവൂര്‍ സ്വദേശിയായ ബാലയ്ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 501ാം വകുപ്പ് പ്രകാരവും ഐ.ടി നിയമത്തിലെ 67 ാം വകുപ്പ് പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈയിലെത്തിയ തിരുനെല്‍വേലി ക്രൈംബ്രാഞ്ച് സംഘം ലോക്കല്‍ പോലീസിന്റെ സഹായത്തോടെയാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് വീട്ടില്‍ നിന്നും ബാലയെ അറസ്റ്റ് ചെയ്തത്.
കാര്‍ട്ടൂണ്‍ വരയ്ക്കുന്നതിന് ഉപയോഗിച്ച കമ്പ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്ക്, മറ്റു ഉപകരണങ്ങള്‍ തുടങ്ങിയവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കാര്‍ട്ടൂണിസ്റ്റിനെ ചെന്നൈയിലെ കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് റിമാന്‍ഡ് വാങ്ങിയ ശേഷം തിരുനെല്‍വേലിയിലേക്ക് കൊണ്ടുവരുമെന്ന് അരുണ്‍ ശക്തികുമാര്‍ പറഞ്ഞു.
12 വര്‍ഷത്തോളം പ്രമുഖ തമിഴ് മാഗസിനില്‍ ജോലി ചെയ്തിരുന്ന ബാല ഈ വര്‍ഷം ഫെബ്രുവരിയില്‍ അവിടെ നിന്നും രാജിവച്ച് ഒരു ന്യൂസ് പോര്‍ട്ടലില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു എന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments