ശ്രീനഗര്‍ : ഭീകരര്‍ക്കെതിരെ വന്‍ മുന്നേറ്റമാണ് ഇന്ത്യന്‍ സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ തെക്കന്‍ കശ്മീരില്‍ സൈന്യം കൊലപ്പെടുത്തിയത് 80 തീവ്രവാദികളെയാണ്. തീവ്രവാദ സംഘടനകളുടെ നേതൃസ്ഥാനത്തിരിക്കുന്നവര്‍ ഉള്‍പ്പെടെയാണ് സൈന്യത്തിന്റെ തോക്കിനിരയായത്.
നൂറിലേറെ തീവ്രവാദികള്‍ മേഖലയില്‍ ഇപ്പോഴും സജീവമാണ്. ഇവരില്‍ പതിനഞ്ചോളം പേര്‍ വിദേശ തീവ്രവാദികളാണെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു. തീവ്രവാദികള്‍ക്കെതിരെയുള്ള നടപടികള്‍ തുടരും. അവര്‍ എണ്ണത്തില്‍ കുറയുന്നതിനനുസരിച്ച് മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്നും സൈന്യത്തിന്റെ വിക്ടര്‍ ഫോഴ്‌സ് വിഭാഗം ജനറല്‍ കമാന്‍ഡിങ് ഓഫിസര്‍ മേജര്‍ ജനറല്‍ ബി.എസ്.രാജു അറിയിച്ചു.
തെക്കന്‍ കശ്മീരിലെ സാഹചര്യങ്ങള്‍ നിലവില്‍ മെച്ചപ്പെട്ടിട്ടുണ്ട്. കല്ലേറു സംഭവങ്ങള്‍ കുറഞ്ഞു. ഇടയ്ക്കിടെ തീവ്രവാദികള്‍ ഇളക്കിവിടുന്ന സംഘര്‍ഷങ്ങളിലും കുറവുണ്ടായിട്ടുണ്ട്. മഞ്ഞുകാലം തുടങ്ങിയ സാഹചര്യത്തില്‍ ആക്രമണങ്ങള്‍ക്കു സാധ്യതയേറെയാണ്. ഈ സാഹചര്യത്തില്‍ തീവ്രവാദികള്‍ക്കെതിരെയുള്ള നീക്കങ്ങള്‍ ശക്തമാക്കാനാണു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ജയ്‌ഷെ- മുഹമ്മദിന്റെ സാന്നിധ്യം തുടക്കത്തില്‍ത്തന്നെ തകര്‍ക്കാനാണു നീക്കം. അതേസമയം, തീവ്രവാദ സംഘടനകളിലേക്ക് പുതുതായി നടക്കുന്ന റിക്രൂട്‌മെന്റുകള്‍ ആശങ്കയുളവാക്കുന്നതാണ്. ഇക്കാര്യത്തില്‍ പ്രദേശവാസികള്‍ ഉള്‍പ്പെടെ മുന്‍കരുതലെടുക്കണം. തെറ്റായ സന്ദേശങ്ങള്‍ വിദ്യാര്‍ഥികളിലേക്ക് എത്താതിരിക്കാന്‍ വിദ്യാലയങ്ങളിലും ശ്രമങ്ങളുണ്ടാകണം.
Post Your Comments