തിരുവനന്തപുരം: കേരളത്തിൽ സിവിൽ സർവീസ് മെയിൻ പരീക്ഷയിലെ ഹൈടെക് കോപ്പിയടിയുമായി ബന്ധപ്പെട്ട് അറസ്റ്റ്. തമിഴ്നാട് പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റു ചെയ്തത് ഹൈടെക് കോപ്പിയടിക്ക് ഐപിഎസ് ഉദ്യോഗസ്ഥനായ സഫീർ കരീമിനെ സഹായിച്ച ജംഷാദ്, മുഹമ്മദ് ഷരീബ് ഖാൻ എന്നിവരെയാണ്. സാങ്കേതിക സഹായം കോപ്പിയടിക്കു നൽകിയെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവർ തിരുവനന്തപുരത്ത് ഐഎഎസ് പരിശീലന കേന്ദ്രം നടത്തുന്ന സ്ഥാപനത്തിന്റെ ഉടമയും മാനേജരുമാണ്. പൊലീസ് സ്ഥാപനത്തിലെ ഹാർഡ് ഡിസ്ക്കുകൾ പിടിച്ചെടുത്തു.
തമിഴ്നാട് പൊലീസ് വെള്ളിയാഴ്ച രാത്രിയാണ് അന്വേഷണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയത്. ശനിയാഴ്ച പുലർച്ചെയാണ് തിരുവനന്തപുരത്തെ ഐഎഎസ് പരിശീലന കേന്ദ്രത്തിൽ പരിശോധന നടത്തിയ സംഘം ജംഷാദ്, മുഹമ്മദ് ഷരീബ് ഖാൻ എന്നിവരെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ചെന്നൈയിലേക്കു കൊണ്ടുപോയ ഇവരെ വിശദമായ ചോദ്യം ചെയ്യൽ നടത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഹൈടെക് കോപ്പിയടിക്കു സഫീർ കരീമിനെ സഹായിച്ചതിന് ഭാര്യ ജോയ്സി, സഫീറിന്റെ സുഹൃത്ത് ഡോ. പി. രാംബാബു എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നര വയസ്സുള്ള മകളെയും കൂട്ടിയാണ് ജോയ്സി ജയിലിലേക്കു പോയത്. പിന്നീട് കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജോയ്സിക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു.
Post Your Comments