അഹമ്മദാബാദ്: ഗുജറാത്തിലെ അക്ഷർധാം ക്ഷേത്രത്തിനു നേരെ 2002ലുണ്ടായ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ 15 വർഷത്തിനു ശേഷം അറസ്റ്റിൽ. ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളെന്നു കരുതുന്ന അബ്ദുല്‍ റാഷിദ് അജ്മീരി ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം അർധരാത്രിയോടെ റിയാദിൽ നിന്നു വരുംവഴി സർദാര്‍ വല്ലഭായി പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ വച്ചായിരുന്നു അറസ്റ്റ്.
ഇയാൾക്കെതിരെയുള്ള ആരോപണം ഭീകരാക്രമണത്തിനു പദ്ധതിയിടുകയും അതു നടപ്പാക്കാൻ ലഷ്കറെ തയിബയെ സഹായിക്കുകയും ചെയ്തു എന്നതാണ്. അന്വേഷണ സംഘത്തിനു നേരത്തേത്തന്നെ സഹോദരനെ കാണുന്നതിനു വേണ്ടി റിയാദിൽ നിന്ന് അഹമ്മദാബാദിലേക്ക് അബ്ദുൽ റാഷിദ് വരുന്നുണ്ടെന്ന സൂചന ലഭിച്ചിരുന്നു. ഇതനുസരിച്ചു നടത്തിയ നീക്കത്തിലാണ് ഇയാൾ പിടിയിലായതെന്ന് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ഡിസിപി ദീപൻ ഭദ്രൻ പറഞ്ഞു.
ഭീകരാക്രമണത്തിനു തൊട്ടുമുൻപായി അഹമ്മദാബാദ് സ്വദേശിയായ ഇയാൾ റിയാദിലേക്കു കടക്കുകയായിരുന്നു. അജ്മീരിയെ ചോദ്യം ചെയ്യുന്നതിൽ നിന്ന് സംഭവത്തിൽ പങ്കാളികളായ കൂടുതൽ പേരുടെ വിവരങ്ങൾ ലഭിക്കുമെന്നാണു കരുതുന്നതെന്നും ഡിസിപി പറഞ്ഞു.
Post Your Comments