Uncategorized

ആഢംബര കാര്‍ ഉള്ളവര്‍ക്കും സൗജന്യറേഷന്‍; ഭക്ഷ്യവകുപ്പ് പ്രോസിക്യൂഷന്‍ നടപടിക്ക്

 

തിരുവനന്തപുരം: സ്വന്തമായി വീടില്ലാത്തവര്‍ എ.പി.എല്‍ കാര്‍ഡിലും, സ്വന്തമായി കാര്‍ ഉള്ളവര്‍ ബി.പി.എല്‍ ലിസ്റ്റിലും. നമ്മുടെ കേരളത്തിലാണ് ഈ രസകരമായ സംഭവം. ഇതോടെ തെറ്റായ വിവരം നല്‍കി റേഷന്‍ മുന്‍ഗണനപ്പട്ടികയില്‍ ഇടംനേടിയവരെ ഭക്ഷ്യവകുപ്പ് പ്രോസിക്യൂഷന്‍ നടപടിക്കൊരുങ്ങുന്നു. തെറ്റായ വിവരങ്ങള്‍ നല്‍കിയവര്‍ക്ക് പട്ടികയില്‍നിന്ന് പുറത്തുപോകാന്‍ നേരത്തേ വകുപ്പ് സൗകര്യമൊരുക്കിയിരുന്നു. ഇത് പ്രയോജനപ്പെടുത്താത്തവര്‍ക്കെതിരേയാണ് പ്രോസിക്യൂഷന്‍ നടപടി ആലോചിക്കുന്നത്.

ആഡംബരകാറുകളായ ഔഡിയും ബെന്‍സുമുള്ളവരും സൗജന്യറേഷന്‍ വാങ്ങുന്നതായി കണ്ടെത്തി. അര്‍ഹരായ ഒട്ടേറെപേര്‍ പട്ടികയ്ക്ക് പുറത്തുനില്‍ക്കുമ്പോഴാണിത്.

കൊല്ലം ജില്ലയില്‍ നാലുചക്രവാഹനമുള്ള 110 പേര്‍ സൗജന്യ റേഷന്‍ വാങ്ങുന്നതായി കണ്ടെത്തി. ഇതില്‍ ഔഡിയും ബെന്‍സുമുള്‍പ്പെടെയുള്ളവരുമുണ്ട്. ഇതേത്തുടര്‍ന്ന് മറ്റുജില്ലകളിലും പരിശോധന വ്യാപകമാക്കുന്നുണ്ട്.

നാലുചക്രവാഹനങ്ങളുള്ളവര്‍ക്ക് സൗജന്യറേഷന് അര്‍ഹതയില്ല. റേഷന്‍കാര്‍ഡ് പുതുക്കുമ്പോള്‍ കാര്‍ഡുടമ സ്വയംസാക്ഷ്യപ്പെടുത്തിയ വിവരങ്ങളാണ് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. സര്‍ക്കാര്‍ജോലിയുള്ളവര്‍ വരെ വിവരം മറച്ചുവെച്ച് മുന്‍ഗണനപ്പട്ടികയില്‍ ഇടംനേടിയിരുന്നു.

വാഹനം, വീട്, വരുമാന വിവരങ്ങള്‍ തേടി

* നിലവില്‍ 2010 വരെയുള്ള വിവരങ്ങളാണ് മോട്ടോര്‍ വാഹനവകുപ്പില്‍നിന്ന് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതില്‍ ക്രമക്കേട് കണ്ടതിനെത്തുടര്‍ന്ന് 2017 ഓഗസ്റ്റ് വരെയുള്ള വിവരങ്ങള്‍ മോട്ടോര്‍വാഹന വകുപ്പിനോട് തേടി.

* 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകളുടെ വിവരങ്ങള്‍ തദ്ദേശസ്ഥാപനങ്ങളോട് തേടിയിട്ടുണ്ട്. * ആദായനികുതിവകുപ്പിനോട് മാസം 25,000 രൂപ വരുമാനമുള്ളവരുടെ വിവരവും ഭക്ഷ്യവകുപ്പ് തേടിയിട്ടുണ്ട്. ഇതെല്ലാം ക്രോഡീകരിച്ചശേഷമായിരിക്കും നിലവിലെ പട്ടികയില്‍ മാറ്റംവരുത്തുക.

3.35 ലക്ഷം പരാതികള്‍ തീര്‍പ്പാക്കി

പട്ടികയില്‍ കടന്നുകൂടാനാകാത്ത ആറരലക്ഷത്തോളം പേരുടെ പരാതി ലഭിച്ചിട്ടുണ്ട്. ഇവയുടെ പരിശോധന ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വരെ 3.35 ലക്ഷം പരാതി തീര്‍പ്പാക്കി. നവംബര്‍ അവസാനത്തോടെ ശേഷിക്കുന്ന പരാതികളും തീര്‍പ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് ഭക്ഷ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

നിലവില്‍ അനര്‍ഹരായി കടന്നുകൂടിയവരെ ഒഴിവാക്കിയശേഷം അര്‍ഹരായ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തും. അതിനുശേഷമായിരിക്കും പുതിയ റേഷന്‍ കാര്‍ഡുകള്‍ക്കുള്ള അപേക്ഷ സ്വീകരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button