നെടുമങ്ങാട് : സ്കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയ തീര്‍ഥക്ക് അമ്പരപ്പിക്കുന്ന വേഗത്തിൽ മറുപടിയുമെത്തി. നെടുമങ്ങാട് ഉപജില്ലയിലെ വേങ്കോട്ടുമുക്ക് യു.പി.എസിലെ അഞ്ചാം ക്ലാസുകാരിയായ തീര്‍ഥയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയ മിടുക്കി.”പള്ളിക്കൂടത്തിന്റെ ഇല്ലായ്മകള്‍ക്ക് പരിഹാരം കാണാന്‍ മോദിജി ഇടപെടണം,കുട്ടികള്‍ക്ക് കളിസ്ഥലമില്ല.
ഹൈസ്കൂള്‍ പഠനത്തിനായി കിലോമീറ്ററുകള്‍ താണ്ടണം. സ്കൂളിനോടു ചേര്‍ന്നുള്ള പാറ പൊട്ടിച്ചുമാറ്റിയാല്‍ എല്ലാറ്റിനും പരിഹാരമുണ്ടാകും. ഇപ്പോള്‍ വിഴിഞ്ഞം പദ്ധതിക്ക് ധാരാളം പാറവേണമെന്നുള്ളതുകൊണ്ട് ഈ പാറ ഉപയോഗപ്പെടുത്തുകയുമാകാം. പ്രശ്നത്തില്‍ അങ്ങയുടെ ശ്രദ്ധയുണ്ടാകണം” എന്നായിരുന്നു തീർഥയുടെ കത്ത്. കത്തയച്ചു കാത്തിരുന്ന തീര്‍ഥയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് ഉടന്‍ മറുപടിയുമെത്തി.
ഉചിതമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതായി അറിയിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ മറുപടി തീര്‍ഥയ്ക്കും സ്കൂളിലെ മറ്റു കുട്ടികൾക്കും പി ടി എ ക്കും സന്തോഷം ഉണ്ടാക്കി. പ്രശ്നം പരിഹരിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നതായിരുന്നു കത്ത്.
Post Your Comments