ഇസ്ലാമാബാദ്: ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനുമെതിരെ പാക്കിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 20 ഭീകര സംഘടനകളുടെ പട്ടിക യുഎസ് പാക്കിസ്ഥാന് കൈമാറി. ഹഖാനി ശൃംഖലയാണ് പട്ടികയില്‍ ഒന്നാമത്. ഹഖാനി, ലഷ്‌കര്‍ ഇ തൊയ്ബ, ജയ്‌ഷെ മുഹമ്മദ്, ഹര്‍ക്കത്തുല്‍ മുജാഹിദീന്‍ തുടങ്ങിയ ഭീകരസംഘങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
അഫ്ഗാനിസ്ഥാനില്‍ ആക്രമണം നടത്തുന്നവര്‍, പാക്കിസ്ഥാനെ ലക്ഷ്യമിടുന്നവര്‍, കാഷ്മീരില്‍ ആക്രമണം ആസൂത്രണം ചെയ്യുന്നവര്‍ എന്നിങ്ങനെ മൂന്നുതരം ഭീകരസംഘടനകളെ കുറിച്ച് പട്ടികയില്‍ പറയുന്നു. ഹര്‍ക്കത്തുല്‍ മുജാഹിദീന്‍, ജയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ എന്നിവര്‍ ഇന്ത്യയെ മാത്രം ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനം. കാഷ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹര്‍ക്കത്തുല്‍ മുജാഹിദീന് കൊല്ലപ്പെട്ട അല്‍ക്വയ്ദ നേതാവ് ഉസാമ ബിന്‍ ലാദനുമായി ബന്ധമുണ്ടായിരുന്നു.
ദക്ഷിണേഷ്യയിലെ ഏറ്റവും വലുതും സജീവവുമായ ഭീകരസംഘടനയായി യുഎസ് വിലയിരുത്തുന്നത് ലഷ്‌കര്‍ ഇ തൊയ്ബയെയാണ്. 1987ല്‍ ഹാഫിസ് സയീദ്, അബ്ദുല്ല അസം, സഫര്‍ ഇക്ബാല്‍ എന്നിവര്‍ ചേര്‍ന്നു തുടക്കമിട്ട ലഷ്‌കറാണ് 2001ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണവും 2008ലെ മുംബൈ ആക്രമണവും ആസൂത്രണം ചെയ്തു നടപ്പാക്കിയത്. ഹര്‍ക്കത്തുല്‍ ജിഹാദി ഇസ്‌ലാമി, ജമാത്തുല്‍ അഹ്‌രര്‍, ജമാത്തുദ് ദവ അല്‍-ഖുറാന്‍, തരീഖ് ഗിദാര്‍ ഗ്രൂപ്പ് തുടങ്ങിവയാണ് മറ്റു സംഘടനകള്‍. ഭീകരസംഘടനകളുടെ പട്ടിക തെളിവുകളോടെയും വിശദാംശങ്ങളോടെയുമാണ് യുഎസ് കൈമാറിയിരിക്കുന്നത്.
Post Your Comments