തിരുവനന്തപുരം•പീഡനക്കേസ് പ്രതിയും ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘാംഗവുമായിരുന്ന രഞ്ജു കൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയിലായി. പ്രതികളായ തിരുവനന്തപുരം സ്വദേശി അഭിലാഷ്,ദീപക്,ഹരിലാല്‍ ,ഷാഹിര്‍ എന്നിവരാണ് മൂന്നാറില്‍ നിന്നും തിരുവനന്തപുരം ഷാഡോ പോലീസിന്റെ പിടിയിലായത്.
പിടിയിലായ ഒരാളുടെ മകനെയും മറ്റൊരാളുടെ മകളെയും രഞ്ജു ലൈംഗികമായി പീഡിപ്പിച്ചതാണ് ഇയാളെ കൊലപ്പെടുത്താന്‍ കാരണമെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.
ഇപ്പോള്‍ പിടിയിലായവര്‍ക്കും പെണ്‍വാണിഭസംഘവുമായി ബന്ധമുണ്ടെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ പി.പ്രകാശ് പറഞ്ഞു. പിടിയിലായവര്‍ തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ് നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഈ റാക്കറ്റില്‍പ്പെട്ട ഒരാളുടെ മകനെയും മറ്റൊരാളുടെ മകളെയും രഞ്ജു കൃഷ്ണ നേരത്തേ പീഡിപ്പിച്ചിരുന്നു. അതിലൊരു കേസ് മ്യൂസിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.
ഈ വര്‍ഷം ഏപ്രില്‍ ആദ്യമാണ് കുടകില്‍ നിന്നും രഞ്ജു കൃഷ്ണയുടെ മൃതദേഹം കിട്ടിയത്. മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു കണ്ടെത്തിയത്. പിന്നീട് കൊലപാതകക്കേസ് റജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഷാഡോ പോലീസിന്റെ അന്വേഷണത്തിലാണ് രഞ്ജു കൃഷ്ണയുടേത് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
Post Your Comments