ഏറ്റുമാനൂര്‍: അച്ഛനും അമ്മയും വിവാഹ മോചിതരായതോടെ പതിമൂന്നുകാരന്‍ വക്കീലോഫീസില്‍ അനാഥനായി നിന്നത് മണിക്കൂറുകളോളം. രണ്ടുപേരും തങ്ങള്‍ക്ക് വേണ്ടെന്ന് കൈയൊഴിഞ്ഞതോടെയാണ് കുട്ടിക്ക് ഈ ഗതി വന്നത്. ആറുമണിക്കൂറോളം എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന കുട്ടിയെ ഏറ്റെടുക്കാന്‍ അമ്മ ഒടുവില്‍ എത്തുകയായിരുന്നു.
2001-ല്‍ വിവാഹിതരായ നീണ്ടൂര്‍ സ്വദേശിയും കല്ലറ സ്വദേശിനിയും തമ്മിലായിരുന്നു വിവാഹ മോചനം നടന്നത്. പതിമൂന്നുകാരനും പന്ത്രണ്ടുകാരിയുമായി രണ്ടു കുട്ടികളാണ് ഇവര്‍ക്കുള്ളത്. രണ്ടുവര്‍ഷം മുൻപ് ഇവർക്ക് വിവാഹമോചനവും ലഭിച്ചു. എല്ലാ മാസവും രണ്ടാം ശനിയാഴ്ച കുട്ടികളെ കൊണ്ടുപോയി ഞായറാഴ്ച തിരികെ വിടണമെന്നായിരുന്നു അമ്മയോട് കോടതിയുടെ നിർദ്ദേശം.
നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി കേസുകൊടുത്തിരുന്നു. കോടതി നിര്‍ദേശമനുസരിച്ച് കുട്ടികളുടെ പേരില്‍ ഒന്നര ലക്ഷം രൂപ സ്ഥിരനിക്ഷേപം ഇട്ടതിന്റെ രസീതും മൂന്നുലക്ഷം രൂപയും യുവതിയെ കോടതിയിൽ വെച്ച് അച്ഛൻ ഏല്‍പ്പിക്കുകയായിരുന്നു. തുക കൈമാറിയതിന് ശേഷം മകനെ വക്കീലോഫീസില്‍ നിര്‍ത്തി അച്ഛന്‍ മടങ്ങി. കോടതി നിര്‍ദേശപ്രകാരം ചൈല്‍ഡ് ലൈനുകാരെ വിളിച്ചുവരുത്തി.
കുട്ടിയെ ഏറ്റെടുക്കാന്‍ അമ്മ തയ്യാറാകാതെവന്നതോടെ ഇവരുടെ അഭിഭാഷക ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചിരുന്നു. കുട്ടികളുടെ സംരക്ഷണച്ചുമതല അച്ഛനാണെന്ന കോടതി ഉത്തരവുള്ളതിനാല്‍ തങ്ങള്‍ക്കൊന്നും ചെയ്യാനാവില്ലെന്ന് പോലീസ് അറിയിച്ചു.തുടർന്ന് ചൈൽഡ് ലൈൻ കുട്ടിയെ ഏറ്റെടുക്കുന്നതിന് മുൻപേ ‘അമ്മ മനസ്സുമാറി കുട്ടിയെ കൂടെ കൂട്ടുകയായിരുന്നു.
Post Your Comments