ദുബായ്: പ്രവാസി മലയാളികളെയടക്കം നിരവധി ആളുകളെ ഫോണില്‍ വിളിച്ച് വ്യാജ വാഗ്ദ്ധാനങ്ങള്‍ നല്‍കി കബളിപ്പിച്ച് പണം തട്ടുന്ന സംഘത്തിലെ 40 പേരെ ദുബായ് പൊലീസ് പിടികൂടി. ദുബായിലെ ഫരീജ് അല്‍ മുറാര്‍ പ്രദേശത്തെ ഒരു ഫ്‌ളാറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
നഗരത്തിലെ ഒരു ഫ്‌ളാറ്റില്‍ നിശ്ചിത സമയങ്ങളില്‍ നിരവധി ഏഷ്യന്‍ വംശജര്‍ സന്ദര്‍ശനം നടത്താറുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയതെന്ന് സാമ്പത്തിക തട്ടിപ്പ് കേസുകള്‍ അന്വേഷിക്കുന്ന സംഘത്തിന്റെ തലവന്‍ കേണല്‍ ഒമര്‍ ബിന്‍ ഹമദ് പറഞ്ഞു. രഹസ്യവിവരത്തെ തുടര്‍ന്ന് ഫ്‌ളാറ്റില്‍ നിരീക്ഷണം ശക്തമാക്കിയ പൊലീസ് സംഘം രാവിലെയും വൈകുന്നേരവുമായി നിരവധി പേര്‍ ഇവിടെ വന്ന് പോകുന്നതായി കണ്ടെത്തി. തുടര്‍ന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെയാണ് പൊലീസ് സംഘം ഫ്‌ളാറ്റില്‍ പരിശോധന നടത്തിയത്.
തട്ടിപ്പുരീതി ഇങ്ങനെ
ദുബായിലെ പ്രമുഖ ടെലികമ്യൂണിക്കേഷന്‍ കമ്പനിയുടെ ജീവനക്കാരെന്ന് സ്വയം പരിചയപ്പെടുത്തി ആളുകളെ വിളിക്കുന്ന സംഘം 2ലക്ഷം ദിര്‍ഹം സമ്മാനമടിച്ചെന്ന് അറിയിക്കും. തുടര്‍ന്ന് ഈ സമ്മാനത്തുകയ്ക്ക് വേണ്ടിയുള്ള പ്രോസസിംഗ് ഫീസാണെന്ന് പറഞ്ഞ് 2000 ദിര്‍ഹം മണി എക്‌സ്‌ചേഞ്ച് വഴി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെടും. ഈ തുക തട്ടിപ്പുകാരന്റെ അക്കൗണ്ടിലെത്തുന്നതോടെ ഉപഭോക്താവ് പൂര്‍ണമായും കബളിക്കപ്പെട്ടിരിക്കും.
തട്ടിപ്പിന് ഹൈടെക് സെറ്റപ്പ്
സംഘത്തിന്റെ പക്കല്‍ നിന്നും 90 ഫോണുകളും വിവിധ കമ്പനികളുടെ 110 മൊബൈല്‍ കളക്ഷനുകളും 60,000 ദിര്‍ഹവും പൊലീസ് പിടികൂടി. ആളുകളെ കബളിപ്പിക്കാനായി അത്യാധുനിക സോഫ്‌റ്റ്വെയറുകളും സംഘം ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. പിടിയിലായ പ്രതികളില്‍ കൂടുതല്‍ പേരും സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തിയവരാണെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ ഇവര്‍ ഏത് രാജ്യക്കാരാണെന്ന് പൊലീസ് വെളിപ്പെടുത്തിയില്ല.
Post Your Comments