Latest NewsNewsInternational

ദേശീയഗാനത്തോട് അനാദരവ്; മൂന്നു വര്‍ഷം തടവ് പരിഗണനയില്‍

 

ബീജിങ്: ദേശീയഗാനത്തോട് അനാദരവ് കാണിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവ് നല്‍കുന്ന കാര്യം ചൈനീസ് പാര്‍ലമെന്റിന്റെ പരിഗണനയില്‍. മാര്‍ച്ച് ഓഫ് വൊളന്റിയേഴ്‌സ് എന്ന ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചാല്‍ 15 ദിവസം വരെ തടവില്‍ വയ്ക്കാന്‍ പോലീസിന് അനുമതി നല്‍കുന്ന നിയമം സപ്തംബറില്‍ ചൈന പാസാക്കിയിരുന്നു. ഇതിനു പകരം നിലവിലുള്ള ക്രിമിനല്‍ നിയമത്തില്‍ ഭേദഗതി വരുത്തി കടുത്ത വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തും. നിയമം ഹോങ്കോങ്ങിലും മക്കാവുവിലും ബാധകമാണ്. ഭേദഗതിയുടെ കരാര്‍ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഔദ്യോഗിക രാഷ്ട്രീയ സമ്മേളനങ്ങള്‍, സത്യപ്രതിജ്ഞാ ചടങ്ങുകള്‍, പതാക ഉയര്‍ത്തല്‍, അവാര്‍ഡ് ദാനചടങ്ങുകള്‍, അനുസ്മരണങ്ങള്‍, ദേശീയ ദിനങ്ങള്‍, നയതന്ത്ര പരിപാടികള്‍, പ്രധാന കായികോത്സവങ്ങള്‍ തുടങ്ങിയവ അടക്കം സുപ്രധാന കാര്യങ്ങള്‍ക്ക് ദേശീയഗാനം പാടണം. ശവസംസ്‌ക്കാര ചടങ്ങുകളിലും സ്വകാര്യ പരിപാടികളലും വാണിജ്യകാര്യങ്ങള്‍ക്കും മറ്റും പാടാന്‍ പാടില്ല.

ദേശീയ ഗാനം മറ്റു ഗാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. അത് രാജ്യത്തിന്റെ പ്രതീകമാണ്. പ്രമുഖ സംഗീത സംവിധായകന്‍ ജിന്‍ ഫുസായി പറഞ്ഞു. ദേശീയ ഗാനം ആലപിക്കുമ്പോള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ കാര്യഗൗരവം ഉണ്ടാകാന്‍ നിയമം ഉപകരിക്കും.

ദേശീയ ഗാനം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനും ഒന്നു മുതല്‍ ഏഴുവരെയുളള ക്‌ളാസുകളിലെ കുട്ടികളെ ഇത് പഠിപ്പിക്കാനും കരടില്‍ വ്യവസ്ഥ ചെയ്യുന്നു.
ദിവസങ്ങള്‍ക്കു മുന്‍പ് സമാപിച്ച ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് ദേശീയതയ്ക്ക് കൂടുതല്‍ പ്രധാന്യം നല്‍കിയിരുന്നു. ആമുഖപ്രസംഗത്തില്‍ പ്രസിഡന്റ് സീ ജിന്‍പിങ്ങ് ചൈനയില്‍ പിറവിയെടുത്ത മതത്തെ പ്രോത്സാഹിപ്പിക്കണമെന്നും രാജ്യത്തിന് ചേരാത്ത ആദര്‍ശങ്ങളെയും മറ്റും പടികടത്തണമെന്നും ആഹ്വാനം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button