അഭിമുഖം :
(ഓൾ ഇന്ത്യ ബ്രാഹ്മിൺ ഫെഡറേഷൻ ദേശീയ വൈസ് പ്രസിഡന്റും യോഗക്ഷേമ സഭയുടെ മുൻ സംസ്‌ഥാന പ്രസിഡന്റുമാണ് ബ്രഹ്മശ്രീ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്. താന്ത്രിക വിദ്യയിൽ നിപുണനും സാംസ്കാരിക സാമൂഹിക വിഷയങ്ങളിൽ സജീവ സാന്നിധ്യവും ആണ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്. കഴിഞ്ഞ ഇലക്ഷനിൽ NDA സ്ഥാനാർത്ഥിയായി തിരുവല്ലയിൽ നിന്ന് മത്സരിച്ചിട്ടുണ്ട്. )
** നമസ്കാരം സർ
– നമസ്കാരം
** സർ ഞാൻ ഈസ്റ്റ് കോസ്റ്റിൽ നിന്ന് വിളിക്കുകയാണ്. കുറച്ചു കാര്യങ്ങൾ അറിയാൻ വേണ്ടിയാണ്. താങ്കളുടെ നിലപാടുകളും
– ചോദിക്കൂ, എന്താണ് അറിയേണ്ടത്?
** ഇപ്പോൾ യദുകൃഷ്ണൻ എന്ന അബ്രാഹ്മണനെ പൂജാരിയായി നിയമിച്ചതുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ നടക്കുകയാണല്ലോ, അതിനെ പറ്റിയാണ് ചോദിക്കാനുള്ളത്.
– അതിൽ എന്താണ് വിവാദം? ഞങ്ങൾ യദു കൃഷ്ണനെ നിയമിച്ചതിനെ സ്വാഗതം ചെയ്തിരുന്നല്ലോ, ഇത് പുതിയ അനുഭവം അല്ലതാനും. കാരണം 1968 മുതൽ അബ്രാഹ്മണ ശാന്തിമാർ പല സ്ഥലങ്ങളിലെയും ക്ഷേത്രങ്ങളിൽ പൂജ ചെയ്യുന്നുണ്ട്. താന്ത്രിക വിദ്യ അഭ്യസിച്ച ആർക്കും പൂജ ചെയ്യാൻ തടസമില്ല.
** താങ്കൾ യദുകൃഷ്ണനെ സർവീസിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം ചെയ്യാൻ പോകുന്നു എന്നൊക്കെയുള്ള വാർത്തകൾ വരികയും അതിനെ ദേവസ്വം മന്ത്രിയുൾപ്പെടെ ഉള്ളവർ അപലപിക്കുകയും ചെയ്തു. അതിനെ കുറിച്ച്?
– ഇങ്ങനെ ഒരു വിഷയം തന്നെ ഞാൻ ഇന്നലെ വൈകുന്നേരമാണ് അറിയുന്നത്. ഞാൻ യദുകൃഷ്ണനെ പിന്തുണയ്ക്കുന്ന ആളാണ്. കൂടാതെ യോഗക്ഷേമ സഭയുടെ ഭാരവാഹിത്വം ഇപ്പോൾ എനിക്കില്ല. യോഗക്ഷേമ സഭ ഇത്തരം സമരങ്ങളെ പിന്തുണയ്ക്കുകയുമില്ല. അവർ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്.1968 -മുതൽ അബ്രാഹ്മണ പൂജാരി നിലവിലുണ്ട് അന്ന് പ്രാക്കുളം ഭാസി (RSP ) ഒക്കെ യാണ് അന്നത്തെ നിയമനത്തിന് പിന്നിൽ. ഇത് പുതിയ കാര്യമല്ല. ആ കാലത്തുണ്ടാവാത്ത എതിർപ്പുകൾ ഇപ്പോൾ വരേണ്ട ആവശ്യമില്ല. പ്രത്യേകിച്ച് ഇവിടെ സംവരണത്തിന് പ്രസക്തിയില്ല, മെരിറ്റ്/ യോഗ്യത തന്നെയാകണം മാനദണ്ഡം. ചരിത്രം പരിശോധിച്ചാൽ പല സാമൂഹിക മാറ്റങ്ങളും യാഥാർത്ഥ്യത്തോടെ തന്നെ ഈ സമുദായം ഉൾകൊണ്ടിട്ടുണ്ട് എന്ന് മനസ്സിലാകും.
** പക്ഷെ താങ്കളുടെ പേരാണ് കൂടുതൽ പ്രതിപാദിക്കുന്നത്?
– അത് ഒരുപക്ഷെ ചില പ്രത്യേക ആളുകൾ രാഷ്ട്രീയ വൽക്കരിക്കുന്നതാവാം. ഞാൻ NDA യുടെ സ്ഥാനാർത്ഥിയായിരുന്നല്ലോ, അവർക്കെതിരെയുള്ള എന്തെങ്കിലും വാർത്ത ലഭിച്ചാൽ പലരും അത് വിവാദമാക്കാൻ ശ്രമിക്കുമല്ലോ. ഒരു ഓൺലൈൻ മാധ്യമം എന്നെ പറ്റി മോശമായി എഴുതിയതായി ഞാൻ അറിഞ്ഞു, അവർ ഇത്തരം വാർത്തകൾ കൊടുക്കുന്നതിനു മുൻപ് എന്നോട് വിളിച്ചു അന്വേഷിക്കാമായിരുന്നു. ദേവസ്വം മന്ത്രിക്കും എന്നെ അറിയാവുന്നതാണ്. അദ്ദേഹത്തിനും എന്നോട് ചോദിക്കാമായിരുന്നു. ആ ഒരു ദുഃഖം എനിക്കുണ്ട്.
** അപ്പോൾ നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചത് ആരാണ്?
– നിരാഹാരം നടത്തുമെന്ന് പറഞ്ഞത് – ആൾ കേരള ശാന്തിക്ഷേമ യൂണിയൻ എന്ന സംഘടനയാണ് (യോഗക്ഷേമ സഭയുടെ ആഭിമുഖ്യത്തിലുള്ള ട്രേഡ് യൂണിയനാണ് )
നിലവിലെ സാമുഹ്യ യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളുവാൻ കഴിയുന്ന ആർക്കും തന്നെ ഇത്തരം നിയമനങ്ങളെ അടച്ച് എതിർക്കുവാൻ കഴിയുന്നതല്ല. ഇത് ബോദ്ധ്യമുള്ള ഞാൻ വ്യക്തിപരമായി ഇതിനെ ആദ്യമെ സ്വാഗതം ചെയ്തിരുന്നതുമാണ്. മറ്റ് തൊഴിൽ മേഖലകളിൽ നിന്നും വ്യത്യസ്തമായി തികഞ്ഞ അർപ്പണ മനോഭാവത്തോടെ ജീവിതചര്യകൾ ക്രമപ്പെടുത്തി കൊണ്ട് മാത്രമേ ഈ ജോലി തിരഞ്ഞെടുക്കുവാൻ ആരും തന്നെ പാടുള്ളു. ഷോഡശ്ശ സംസ്കാരത്തിലൂന്നീയ ജീവിതചര്യകൾ ക്രമപ്പെടുത്തി കൊണ്ട് മാത്രമെ ശാന്തി കർമ്മങ്ങൾ ചെയ്യാവൂ. തൊഴിൽ മേഖല എന്ന നിലയിൽ നോക്കുമ്പോൾ ബ്രാഹ്മണ സമുദായത്തെ പ്രതിനിധീകരിയ്ക്കുന്ന യോഗക്ഷേമ സഭയ്ക്കുള്ള ആശങ്കൾ സ്വാഭാവികമാണ്. അമ്പലം അടക്കുകയോ പൂജാദി കർമ്മങ്ങളിൽ തടസ്സം വരുത്തുന്നവരെയോ ഒക്കെ വേണ്ട നടപടിക്രമങ്ങൾ പാലിക്കാൻ ടെമ്പിൾ അഡ്മിനിസ്ട്രേഷൻ ഉണ്ട്. അവർ വേണ്ട നടപടികൾ എടുക്കും. ഇതിനായി നിരാഹാരം കിടക്കേണ്ട കാര്യമില്ല. സാധാരണ ശാന്തി കാര്യങ്ങളിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അതാണ് രീതി. അതിന് ജാതി വ്യത്യാസം ഇല്ല.
** താങ്കളെ ആണ് കൂടുതൽ പേരും ഇതിൽ പഴി പറയുന്നത്?
– എന്നെ ‘ഹിന്ദു’വിന്റെ ലേഖകൻ വിളിച്ചിരുന്നു. ഞാൻ അവരോടും എന്റെ നയം വ്യക്തമാക്കിയിട്ടുണ്ട്. യദുവിനെ എന്നല്ല ഏതൊരു അബ്രാഹ്മണനെയും പൂജ ചെയ്യുന്നതിൽ നിന്ന് വിലക്കാൻ ആർക്കും സാധ്യമല്ല. ഇത്തരം കാര്യങ്ങളെ നിറഞ്ഞ മനസ്സോടെ തന്നെ ഞാൻ സാഗതം ചെയ്തതാണ്. യദു കൃഷ്ണൻ പൂജ ചെയ്യുന്നതിൽ സന്തോഷമേ ഉള്ളു. പക്ഷെ അനാവശ്യമായി എന്റെ പേര് വലിച്ചിഴച്ചതിനോട് മാത്രമേ എനിക്ക് വിഷമം ഉള്ളൂ. ഞാൻ പറയാത്തതും ചിന്തിക്കാത്തതും ആയ കാര്യങ്ങളാണ് ഇപ്പോൾ വരുന്നത്. ആളുകൾക്ക് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന സംഭവങ്ങളാണ് പലരും പ്രചരിപ്പിക്കുന്നത്.പ്രത്യേകിച്ച് മന്ത്രി തന്നെ ഇങ്ങനെ ഒരു സംഭവത്തിൽ എന്നെ പ്രതിപാദിച്ചതിൽ വളരെയേറെ വിഷമമുണ്ട്.
** യോഗ ക്ഷേമ സഭയിൽ ഇപ്പോൾ ചുമതല ഒന്നുമില്ലേ?
– അടുപ്പിച്ചു 8 വർഷത്തോളം യോഗക്ഷേമ സഭയുടെ പ്രസിഡന്റ് ആയിരുന്നു ഞാൻ, ഇപ്പോൾ അതിന്റെ സ്റ്റേറ്റ് കൗൺസിലിൽ മെമ്പർ ആണെന്നേയുള്ളൂ. ചുമതല ഒന്നുമില്ല. ഞാൻ ഓൾ ഇന്ത്യ ബ്രാഹ്മിൺ ഫെഡറേഷൻ ദേശീയ വൈസ് പ്രസിഡണ്ട് ആണ്.
** ഇതിനെ പറ്റി താങ്കളുടെ നിലപാട് എവിടെയെങ്കിലും പറഞ്ഞിരുന്നോ?
– തീർച്ചയായും ഇന്നലെ തന്ത്രിയുടെ ഒരു മീറ്റിങ് ഉണ്ടായിരുന്നു. അതിൽ ഞാൻ പങ്കെടുത്തിരുന്നു. കാലത്തിന്റെ മാറ്റത്തിനനുസരിച്ചു എല്ലാവരും മാറണം എന്ന് തന്നെയാണ് അഭിപ്രായം എന്ന് ഞാൻ പറഞ്ഞു. ഇതൊന്നും എനിക്ക് യാതൊരു തരത്തിൽ വിഷയമല്ല. അത്തരത്തിൽ ഉള്ള ജാതി ചിന്തകളോ ഒന്നും ഉള്ള ആളല്ല ഞാൻ എന്ന് എന്നെ അറിയുന്നവർക്ക് അറിയാൻ സാധിക്കും.
** മന്ത്രിയോട് ഏതാണ് പറയാനുള്ളത്?
-സമൂഹത്തെ നേര്‍വഴിക്കു നയിക്കാനുള്ളതാണ് നമ്പൂതിരിയുടെ ജന്മം.അവനവന്‍ ഈശ്വരനാണ് എന്ന് ലോകത്തെ ഊട്ടിയുറപ്പിക്കാനാണ് ശ്രീശങ്കരാചാര്യരുടെ ജീവിതം പഠിപ്പിക്കുന്നത്. കോലാഹലങ്ങള്‍ നിറഞ്ഞ രാഷ്ട്രീയ കേരളത്തിന്റെ അപചയം മാറ്റാന്‍ സമൂഹം സാത്വിക ഭാവം വീണ്ടെടുക്കണം. ബ്രാഹ്മണരുടെ മന്ത്രോപാസന അതിനാണ്. സാംസ്‌കാരിക വിപ്ലവമാണ് ഞാൻ ഉൾപ്പെടെയുള്ള യോഗ ക്ഷേമ സഭ ലക്ഷ്യമിട്ടിട്ടുള്ളത്. തെറ്റിധാരണ മാറ്റാൻ മന്ത്രി എന്നോട് ഒന്ന് ചോദിക്കാമായിരുന്നു എന്നത് മാത്രമേ എനിക്ക് ഈ അവസരത്തിൽ പറയാനുള്ളൂ.
** ഇത്രയും തിരക്കിനിടയിൽ ഞങ്ങൾക്ക് വേണ്ടി ഇത്രയും സമയം അനുവദിച്ചതിൽ വളരെ നന്ദി സർ.
– നന്ദി, ഇതുപോലെ കാര്യങ്ങൾ ചോദിച്ചന്വേഷിച്ചു റിപ്പോർട്ട് ചെയ്യുന്നതിൽ സന്തോഷം, നമസ്കാരം.
തയാറാക്കിയത്: സുജാതാ ഭാസ്കര്‍
.
Post Your Comments