ആലപ്പുഴ : ഭൂമി കൈയേറ്റ വിവാദങ്ങൾക്കിടെ വീണ്ടും വെല്ലുവിളിയുമായി തോമസ് ചാണ്ടി രംഗത്ത്.കാനം രാജേന്ദ്രൻ നയിക്കുന്ന ജനജാഗ്രത യാത്രയുടെ കുട്ടനാട്ടിലെ സ്വീകരണ യോഗത്തിൽ പങ്കെടുക്കുമ്പോഴാണ് ഭൂമി കയ്യേറ്റ വിഷയത്തിൽ മന്ത്രി വീണ്ടും പ്രതിപക്ഷത്തെ വെല്ലുവിളിച്ചത്.
നിയമസഭയിൽ പ്രതിപക്ഷ നേതാവിന്‍റെ മുഖത്ത് നോക്കി തനിക്കെതിരേ ഉയർന്ന ആരോപണങ്ങളുടെ പേരിൽ നടത്തിയ വെല്ലുവിളി ഇതുവരെ അവർ സ്വീകരിച്ചിട്ടില്ലെന്നും അന്വേഷണത്തിൽ തനിക്കെതിരേ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ വാർത്താ ചാനലിലെ ഉന്നതനാണ് തനിക്കെതിരേ ഉയർന്ന ഭൂമി കൈയേറ്റ വാർത്തകൾക്ക് പിന്നിലെന്നും തോമസ് ചാണ്ടി ആരോപിച്ചു.
മൂന്നര വർഷം കഴിയുമ്പോൾ മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന് കരുതി കോണ്‍ഗ്രസിൽ ഒരുപാട് പേർ ഉടുപ്പ് തയാറാക്കി വച്ചിട്ടുണ്ട്. എന്നാൽ അടുത്ത 15 വർഷത്തേക്ക് പിണറായി വിജയൻ കേരളത്തിന്‍റെ മുഖ്യമന്ത്രിയായി തുടരുമെന്നും കോണ്‍ഗ്രസിന് എൽഡിഎഫ് സർക്കാരിന് തകർക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സർക്കാരിന്‍റെ കാലാവധി അവസാനിക്കുമ്പോൾ കേരളത്തിൽ വീടും കക്കൂസും ഇല്ലാത്ത ഒരു കുടുംബം പോലും കാണില്ലെന്നും തോമസ് ചാണ്ടി കൂട്ടിച്ചേർത്തു.
Post Your Comments