കൊല്ലം: കൊല്ലം ചവറയിൽ പാലം തകർന്ന് മരിച്ചവരുടെ ആശ്രിതർക്ക് പത്ത് ലക്ഷം രൂപ സർക്കാർ ധനസഹായം നൽകുമെന്ന് മന്ത്രി ജെ. മേഴിസിക്കുട്ടിയമ്മ അറിയിച്ചു . അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചിലവും സർക്കാർ ഏറ്റെടുക്കുമെന്നും സംഭവസ്ഥലം സന്ദർശിച്ച ശേഷം മന്ത്രി ഉറപ്പ് നൽകി.
തിങ്കളാഴ്ച രാവിലെയാണ് കെഎംഎംഎൽ എംഎസ് പ്ലാന്റിലേക്കുള്ള നടപ്പാലം തകർന്ന് വീണത്. പന്മന കൊല്ലക കൈരളിയിൽ പരേതനായ പി.ആർ. ചന്ദ്രശേഖരപിള്ളയുടെ ഭാര്യ ശ്യാമളാ ദേവിയമ്മ (57), പന്മന മേക്കാട് ഫിലോമിന മന്ദിരത്തിൽ പരേതനായ ക്രിസ്റ്റഫറുടെ ഭാര്യ റെയ്ച്ചൽ എന്നു വിളിക്കുന്ന ആഞ്ചലീന (45), പന്മന മേക്കാട് ജിജിവിൻ വില്ലയിൽ ഡോ. ഷിബുവിന്റെ ഭാര്യ അന്നമ്മ (ഷീന-45) എന്നിവരാണു മരിച്ചത്.
പൊന്മനയിലെ കുടിയൊഴിപ്പിക്കപ്പെട്ട മൈനിംഗ് തൊഴിലാളി കുടുംബങ്ങൾ തൊഴിൽ പ്രശ്നമുന്നയിച്ച് കമ്പനിക്കു മുന്നിൽ സമരം നടത്തിയിരുന്നു. ഇതിനുശേഷം പാലത്തിൽ കയറി തിരിച്ചുപോകാനൊരുങ്ങി. ഇതേസമയം തന്നെ കമ്പനിയിലെ ജീവനക്കാരും പാലത്തിൽ കയറി. ഇതോടെ പാലത്തിന്റെ ഒരു വശത്തെ ഇരുമ്പ് തൂണ് ഇളകി ചരിയുകയായിരുന്നു. ആളുകൾ ഒരു വശത്തേക്കു മാറിയതോടെ പാലത്തിന്റെ നടുഭാഗം ഒടിഞ്ഞ് കനാലിലേക്കു പതിക്കുകയായിരുന്നു.
Post Your Comments