കോട്ടയം : സംസ്ഥാനത്ത് ദുരൂഹസാഹചര്യത്തില്‍ കാണാതായവര്‍ ഏറെ ഉണ്ടെങ്കിലും അതില്‍ നിന്നും ഏറെ വ്യത്യസ്തപ്പെട്ട കേസാണ് കോട്ടയത്തു നിന്ന് കാര്‍ സഹിതം അപ്രത്യക്ഷമായ ദമ്പതികളുടേത്. താഴത്തങ്ങാടി അറുപറ
ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെയാണ് ഏപ്രില്‍ ആറിനു കാണാതായത്. ഭക്ഷണം വാങ്ങാനായാണ് ഇവര്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്. പുതിയതായി വാങ്ങിയ കാറിലാണ് ഇവര്‍ ഭക്ഷണം വാങ്ങാന്‍ ഇറങ്ങിയത്. പിന്നെ അവര്‍ വീട്ടിലേയ്ക്ക് തിരികെ ചെന്നിട്ടില്ല.
കാര്‍ സഹിതം ദമ്പതികളെ കാണാതായി ആറുമാസം പിന്നിട്ടിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ദമ്പതികളെ കണ്ടെത്താന്‍ കൊച്ചി ആസ്ഥാനമായ സ്വകാര്യ ഡിറ്റക്ടീവ് സംഘം വരുന്നത്. വെള്ളത്തിനടിയില്‍ ഉപയോഗിക്കാവുന്ന അത്യാധുനിക തിരച്ചില്‍ യന്ത്രം അടക്കമുള്ള സംവിധാനങ്ങളുമായാണ് ഇന്റര്‍ ഡൈവ് സംഘമെത്തുന്നത്. ഇതിനു മുന്നോടിയായി അന്വേഷണ സംഘത്തെ വിപുലീകരിച്ചു.
അന്വേഷണം ഹൈറേഞ്ചിലേക്ക്
കാണാതാകുന്നതിന്റെ തലേന്ന് ഹാഷിം പീരുമേട്ടിലേക്കു യാത്ര നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. ബന്ധുക്കളും വീട്ടുകാരും യാത്രയെപ്പറ്റി ചോദിച്ചപ്പോള്‍ കോട്ടയത്തു തന്നെ ഉണ്ടായിരുന്നെന്നാണ് ഹാഷിം പറഞ്ഞിരുന്നത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനും പരിശോധിച്ചപ്പോള്‍ ഹാഷിം പീരുമേട്ടിലെത്തിയതായി തെളിഞ്ഞു. ഹാഷിം എന്തിനു കളവു പറഞ്ഞു എന്നതിന്റെ ഉത്തരം തേടിയാണ് പൊലീസ് ഹൈറേഞ്ചിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.
കഴിഞ്ഞ ദിവസം ഹൈറേഞ്ച് മേഖലയില്‍ 40 അംഗ പൊലീസ് സംഘം പരിശോധന നടത്തിയിരുന്നു. ഇടുക്കിയിലെ മത്തായിക്കൊക്ക, വളഞ്ഞാങ്ങാനം, മുറിഞ്ഞപുഴ, കൊടികുത്തി, പീര്‍മുഹമ്മദ് ഖബര്‍സ്ഥാന്‍, പുല്ലുപാറ, ഏദന്‍ മൗണ്ട്, ബോയ്സ് എസ്റ്റേറ്റ്, പാഞ്ചാലിമേട്, പത്തുമല എസ്റ്റേറ്റ് എന്നിവിടങ്ങളിലെ പരിശോധനയിലും കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ല.
ആത്മഹത്യാ സാധ്യത തള്ളാതെ പൊലീസ്
ഹാഷിമും ഭാര്യയും പലതവണ ആത്മഹത്യാ പ്രവണത കാണിച്ചിട്ടുള്ളവരാണെന്നു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. വിഷാദരോഗത്തിനും ഇവര്‍ ചികില്‍സ തേടിയിരുന്നു. മൊബൈല്‍ ഫോണ്‍, പഴ്‌സ് തുടങ്ങി എല്ലാ വ്യക്തിപരമായ സാധനങ്ങളും വീട്ടില്‍ ഉപേക്ഷിച്ചാണ് ഇരുവരും പോയത്. ഇവര്‍ക്കു ശത്രുക്കളാരും ഇല്ലെന്നുള്ളതും അന്വേഷണത്തില്‍ വ്യക്തമായി. ആഴമുള്ള കൊക്കയിലേക്കോ ജലാശയങ്ങളിലേക്കോ വാഹനം ഓടിച്ചിറക്കി ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല.
അന്വേഷണം ജില്ലാ പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖിന്റെ മേല്‍നോട്ടത്തില്‍
ഡിവൈഎസ്പി സഖറിയ മാത്യു, കോട്ടയം വെസ്റ്റ് സിഐ നിര്‍മല്‍ ബോസ് എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണ സംഘത്തിലേക്ക് ഈസ്റ്റ് സിഐ സാജു വര്‍ഗീസിനെയും പാമ്പാടി സിഐ യു. ശ്രീജിത്തിനെയും ഉള്‍പ്പെടുത്തി. കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളെ കൂടാതെ മറ്റു സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഹാഷിമിന്റെ പുതിയ കാര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നും സംഘം പരിശോധിക്കുന്നുണ്ട്.
പൊലീസ് നിഗമനം
ഹാഷിമും ഭാര്യ ഹബീബയും ആഴമുള്ള ജലാശയത്തിലേക്കോ കൊക്കയിലേക്കോ വീണിട്ടുണ്ടെങ്കില്‍ ജീവിച്ചിരിക്കാനുള്ള സാധ്യതയില്ല. കാര്‍ വെള്ളത്തില്‍ പതിച്ചതിന്റെ ശക്തിയില്‍ ചെളിയില്‍ പൂണ്ടുപോയിട്ടുണ്ടാവാം. അങ്ങനെയെങ്കില്‍ കാറും യാത്രക്കാരെയും പുറത്തേക്കു കാണണമെന്നില്ല. ഇതു സ്ഥിരീകരിക്കാന്‍ കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ട്. മറിച്ച് ഇവര്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ വീട്ടുകാരുമായി ബന്ധപ്പെടേണ്ട സമയം കഴിഞ്ഞു. മാനസികനില തെറ്റിയ അവസ്ഥയില്‍ ഏതെങ്കിലും സംരക്ഷണ കേന്ദ്രങ്ങളില്‍ ഇവരുണ്ടാകുമോ എന്നതും അന്വേഷണ വിഷയമാണ്.
ഇതുവരെ ചോദ്യം ചെയ്തത് – 75 പേരെ പരിശോധിച്ച സിസിടിവി ഹാര്‍ഡ് ഡിസ്‌കുകള്‍ – 39 ഹൈറേഞ്ചില്‍ അന്വേഷിച്ച സ്ഥലങ്ങള്‍ – 10
കാണാതായ ദമ്പതികളെ കണ്ടെത്താന്‍ എല്ലാവിധ സംവിധാനങ്ങളും പൊലീസ് ഉപയോഗിക്കുന്നുണ്ട്. പരിശോധന നടക്കുന്ന ഓരോ സ്ഥലത്തെയും ദൃശ്യങ്ങള്‍ വിഡിയോയില്‍ പകര്‍ത്തി തുടര്‍പരിശോധനയും അന്വേഷണവും നടക്കുന്നുണ്ട്. അന്വേഷണ സംഘം വിപുലീകരിച്ചതോടെ കൂടുതല്‍ ശക്തമായ തിരച്ചിലും അന്വേഷണവും പഴുതില്ലാതെ നടക്കും.
Post Your Comments