തിരുവനന്തപുരം: വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിന്‍റെ പുസ്തക രചന ചട്ടവിരുദ്ധമെന്ന് അന്വേഷണറിപ്പോര്‍ട്ട്. ക്രിമിനല്‍ കേസെടുക്കാവുന്ന ചട്ടലംഘനങ്ങള്‍ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോഴെ’ന്ന ആത്മകഥയിലുണ്ടെന്ന് മൂന്നംഗ സമിതിയുടെ കണ്ടെത്തല്‍. ആത്മകഥയിലെ ചട്ടലംഘനങ്ങള്‍ പരിശോധിച്ച സമിതി ഇന്ന് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കും .
അഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് അധ്യക്ഷനും നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ്, പിആര്‍ഡി ഡയറക്ടര്‍ കെ.അമ്പാടി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് .സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട കേന്ദ്ര നിയമവും കേരള പൊലീസ് ആക്ടുമെല്ലാം പുസ്തകത്തില്‍ ലംഘിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍ക്കാര്‍ അനുമതിയില്ലാതെ എഴുതിയ പുസ്തകത്തില്‍ പല സ്ഥലങ്ങളിലും ചട്ടലംഘമുണ്ടെന്ന് മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയപ്പോഴാണ് പുസ്തകം പരിശോധിക്കാന്‍ മുന്നംഗ സമിതിയെ ചുമതലപ്പെടുത്തിയത്.
മുന്‍മന്ത്രി കെ.ബാബുവടക്കമുള്ളവര്‍ക്കെതിരെ പുസ്തകത്തില്‍ ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ സമിതി ചൂണ്ടിക്കാട്ടുന്നു. പുസ്തകത്തിലെ 50 പേജുകളില്‍ ചട്ടവിരുദ്ധമായ കാര്യങ്ങളുണ്ടെന്നാണ് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്വേഷണം തുടരുകയും കോടതിയുടെ പരിഗണനയിലുള്ളതുമായ പാറ്റൂര്‍,ബാര്‍ കോഴക്കേസുകളെക്കുറിച്ച് പുസ്തകത്തില്‍ പറയുന്നുണ്ട്. കേസുകളില്‍ അന്തിമവിധി വരാത്ത സാഹചര്യത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ അനുചിതമായെന്ന് റിപ്പോര്‍ട്ട് പറയുന്നു.
Post Your Comments