ന്യൂഡൽഹി: ഇന്ത്യയെ വെട്ടിലാക്കുന്ന മറ്റൊരു പദ്ധതിയുമായി ചൈന. ചൈനയിലെ സ്വയംഭരണ പ്രദേശമായ ഷിൻജിയാങ് പ്രവിശ്യയിൽ ബ്രഹ്മപുത്ര നദിയിൽനിന്നുള്ള ജലം എത്തിക്കാനുള്ള പദ്ധതിയാണ് തയാറായി വരുന്നത്. 1000 കിലോമീറ്റർ നീളത്തിൽ ചൈനയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലൂടെ ടണൽ നിർമിച്ച് വെള്ളം കടത്തുകയാണ് ലക്ഷ്യം. ഏറ്റവും ചിലവു കുറഞ്ഞ രീതിയിൽ മികച്ച ടണൽ നിർമ്മിക്കുകയാണ് ചൈനയെന്നും ചൈനീസ് മാധ്യമം റിപ്പോർട്ടു ചെയ്യുന്നു.
ഓഗസ്റ്റിൽ ചൈന യുന്നാൻ പ്രവിശ്യയിൽ 600 കിലോമീറ്റർ നീളമുള്ള ടണലിന്റെ നിർമാണത്തിന് തുടക്കം കുറിച്ചിരുന്നു. എൻജീനിയർമാർ ഈ ടണലിലൂടെ ടിബറ്റിലെ യാർലുങ് ടിസാങ്പോയിൽനിന്ന് ഷിൻജിയാങ്ങിലേക്ക് എങ്ങനെ ജലമെത്തിക്കാമെന്ന് പഠിച്ചുവരികയാണെന്ന് ചൈനീസ് മാധ്യമമായ സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ടു ചെയ്തു. യാർലുങ് ടിസാങ്പോ ടിബറ്റിൽനിന്ന് ഉത്ഭവിക്കുന്ന ബ്രഹ്മപുത്രയുടെ ചൈനയിലെ പേരാണ്.
ഷിൻജിയാങ്ങിനെ പുതിയ പദ്ധതിയിലൂടെ കാലിഫോർണിയയ്ക്കു സമാനമായി മാറ്റാമെന്ന് ചൈനയുടെ ജിയോളജിക്കൽ എൻജീനിയർ പറയുന്നു. യുന്നാനിലെ ടണൽ നിർമാണം പുതിയ ടണൽ നിർമിക്കുന്നതിനു വേണ്ടിയുള്ള പരിശീലനം മാത്രമായിരുന്നുവെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. ബ്രഹ്മപുത്രയെ ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ ചൈന പൊതുജനങ്ങൾക്കു മുന്നിൽ ഒരിക്കലും ചർച്ച ചെയ്തിരുന്നില്ല. ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളെയും ബംഗ്ലദേശിനെയും മോശമായി ബാധിക്കുന്ന ഒരു പദ്ധതിയാണിത്. ഇവിടെനിന്നും ചൈന ജലമെടുക്കുന്നത് ബ്രഹ്മപുത്രയിലെ ജലനിരപ്പു കുറയുന്നതിനു കാരണമാകുമെന്നാണ് വിലയിരുത്തൽ.
Post Your Comments