Latest NewsNewsInternational

ഗര്‍ഭനിരോധനത്തിന് ഉറ ഉപയോഗിയ്ക്കുന്നത് പാപം : വന്ധ്യംകരണം നടത്താന്‍ നിര്‍ബന്ധിതരായി സര്‍ക്കാര്‍

 

ധാക്ക: ഗര്‍ഭനിരോധനത്തിന് ഉറ ഉപയോഗിയ്ക്കുന്നത് പാപമാണെന്ന് വിശ്വസിക്കുന്നവരാണ് റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍. ഇക്കാരണത്താല്‍ ഇവരുടെ ഇടയില്‍ വര്‍ദ്ധിച്ചു വരുന്ന ഗര്‍ഭധാരണം തടയാന്‍ ബംഗ്ലാദേശില്‍ പദ്ധതി ഒരുങ്ങുന്നു. തിങ്ങിനിറഞ്ഞ റോഹിംഗ്യന്‍ അഭയാര്‍ഥിക്യാമ്പുകളില്‍ വന്ധ്യംകരണം നടപ്പാക്കാനാണ് ബംഗ്ലാദേശ് സര്‍ക്കാറിന്റെ പദ്ധതി. ജനനനിയന്ത്രണത്തിന് നടപ്പാക്കിയ പദ്ധതികളെല്ലാം പരാജയപ്പെട്ടതോടെയാണ് ഇത്. ഗര്‍ഭനിരോധനം പാപമാണെന്ന് വിശ്വസിക്കുന്നതിനാല്‍ ആരും ഗര്‍ഭനിരോധന ഉറകള്‍ ഉയോഗിക്കാത്തതിനെ തുടര്‍ന്നാണ് വന്ധ്യംകരണത്തിന് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്.

സ്വയം തയ്യാറാകുന്നവരെ മാത്രമേ വന്ധ്യംകരണത്തിന് വിധേയരാക്കൂവെന്നാണ് ഔദ്യോഗിക വിശദീകരണം. ക്യാമ്പുകളില്‍ ഇപ്പോള്‍ 20,000 ഗര്‍ഭിണികളുണ്ട്. മൂന്നുമാസത്തിനിടെ 600 പ്രസവങ്ങളും നടന്നതായി അധികൃതര്‍ പറയുന്നു. ആവശ്യത്തിന് ഭക്ഷണവും വെള്ളവും ആരോഗ്യപരിചരണവും ഇല്ലാതെ ഏറ്റവും മോശം സാഹചര്യങ്ങളിലാണ് ഇവര്‍ കഴിയുന്നത്. കുടുംബാസൂത്രണം നടപ്പാക്കിയില്ലെങ്കില്‍ ഇവര്‍ക്ക് ആവശ്യമായ സേവനം എത്തിക്കാനാവില്ലെന്നാണ് ബംഗ്ലാദേശ് കരുതുന്നത്.

കോക്‌സ് ബസാറിലാണ് റോഹിംഗ്യന്‍ ക്യാമ്പുകളുള്ളത്. അഭയാര്‍ഥികള്‍ക്കിടയില്‍ ജനന നിയന്ത്രണത്തെക്കുറിച്ച് വേണ്ടത്ര ബോധവത്കരണം നടന്നിട്ടില്ലെന്ന് ജില്ലാ കുടുംബാസൂത്രണവിഭാഗം മേധാവി പിന്റു കാന്തി ഭട്ടാചാര്യ പറഞ്ഞു. ബംഗ്ലാദേശ് സര്‍ക്കാര്‍ അഭയാര്‍ഥികള്‍ക്ക് ഗര്‍ഭനിരോധന ഉറ വിതരണം ചെയ്തിരുന്നു. എന്നാല്‍, ഉറ ഉപയോഗിക്കാന്‍ റോഹിംഗ്യകള്‍ തയ്യാറാവുന്നുമില്ല. ഇതേത്തുടര്‍ന്നാണ് ക്യാമ്പുകളിലെ പുരുഷന്മാരെയും സ്ത്രീകളെയും വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കാന്‍ കുടുംബാസൂത്രണ വകുപ്പ് സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. എന്നാല്‍, ഇത് നടത്താന്‍ ബംഗ്ലാദേശ് അധികൃതര്‍ ഏറെ കടമ്പകള്‍ കടക്കേണ്ടിവരും.

ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് വിശ്വാസത്തിന് എതിരാണെന്നാണ് റോഹിംഗ്യകള്‍ പറയുന്നു. ദിവസേന ഭക്ഷണത്തിനും വെള്ളത്തിനുംവേണ്ടി പോരാട്ടം നടത്തേണ്ടിവരുമ്പോള്‍ വലിയ കുടുംബങ്ങളായതിനാലാണ് തങ്ങള്‍ രക്ഷപ്പെടുന്നതെന്നാണ് അവര്‍ പറയുന്നത്. അധികൃതര്‍ വിതരണം ചെയ്യുന്ന സഹായങ്ങള്‍ വാങ്ങാന്‍ കുട്ടികളെയാണ് അയക്കുന്നത്.

ഗര്‍ഭനിരോധനം പാപമാണെന്ന് കരുതുന്ന സ്ത്രീകളാണ് ക്യാമ്പില്‍ കൂടുതലുമെന്ന് അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബാസൂത്രണപ്രവര്‍ത്തക ഫര്‍ഹാന സുല്‍ത്താന പറയുന്നു. മ്യാന്‍മാറിലെ റാഖിന്‍ പ്രവിശ്യയില്‍ ഭൂസ്വത്തുണ്ടെന്നും കൂടുതല്‍ കുട്ടികള്‍ വേണമെന്നും ഭര്‍ത്താവ് പറഞ്ഞതായി ഏഴ് കുട്ടികളുടെ അമ്മ സബൂറ പറയുന്നു. അഭയാര്‍ഥി ക്യാമ്പുകളിലെല്ലാം വലിയ കുടുംബങ്ങളാണ്. പലര്‍ക്കും ഒന്നിലേറെ ഭാര്യമാരുണ്ട്. ചില കുടുംബങ്ങളില്‍ 19 കുട്ടികള്‍ വരെയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button