Latest NewsKeralaNews

ഒരുപാട് നാളത്തെ കാത്തിരുപ്പിന് ശേഷം തുണിക്കടകളില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് ഇനി സന്തോഷിക്കാം

കൊച്ചി : തുണിക്കടകളില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് സന്തോഷ വാര്‍ത്ത. കേരള ഷോപ്പ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്ടിലെ പുതിയ ഭേദഗതികള്‍ നടപ്പാകുന്നതോടെ തുണിക്കടകളിലെയും മറ്റും പെണ്‍കുട്ടികള്‍ക്ക് ധൈര്യമായി ഇനി ഇരിക്കാം. ഭേദഗതി നിര്‍ദേശങ്ങള്‍ തൊഴില്‍വകുപ്പ് സംസ്ഥാനസര്‍ക്കാരിന് സമര്‍പ്പിച്ചു. ഇവ നിയമവകുപ്പിന്റെ പരിഗണനയ്ക്കായി നല്‍കിയിട്ടുണ്ടെന്ന് തൊഴില്‍മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അതിനുശേഷം നിയമസഭ പരിഗണിക്കും. അധികം വൈകാതെ ഭേദഗതികള്‍ക്ക് അനുമതിയാകുമെന്ന് അധികൃതര്‍ പറഞ്ഞു. സ്ത്രീകളുടെ ജോലിസമയത്തില്‍ മാറ്റമുള്‍പ്പെടെയുള്ള ഭേദഗതികളാണ് വിഭാവനം ചെയ്യുന്നത്. സ്ത്രീകള്‍ക്ക് സുരക്ഷിതമായ ജോലിസാഹചര്യം ഉറപ്പുവരുത്താന്‍ തൊഴിലുടമയ്ക്ക് ബാധ്യതയുണ്ടെന്നും ഇതില്‍ വ്യക്തമാക്കുന്നു. വിഭാവനം ചെയ്യുന്ന പ്രധാനമാറ്റങ്ങളിലൊന്ന് സ്ത്രീകളുടെ ജോലിസമയമാണ്.

രാത്രി ഏഴുമണിവരെ സ്ത്രീകളെ ജോലിക്ക് നിയോഗിക്കാനാണ് നേരത്തേ അനുമതിയുണ്ടായിരുന്നത്. ഇത് ഒന്‍പതുമണിയാക്കി നീട്ടാനാണ് നീക്കം. ഇരിക്കാനുള്ള അനുമതിയാണ് മറ്റൊരു പ്രധാന ഭേദഗതി. ദിവസം മുഴുവന്‍ നിന്ന് ജോലിചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്ന് വ്യാപാരസ്ഥാപനങ്ങളിലെ വില്‍പ്പന വിഭാഗത്തിലുള്ള ജീവനക്കാര്‍ ഏറെനാളായി ആവശ്യപ്പെട്ടുവരികയായിരുന്നു. സ്ത്രീകളെ രാത്രിഷിഫ്റ്റില്‍ ഒറ്റയ്ക്ക് ജോലിക്ക് നിയോഗിക്കരുത്. കൂട്ടമായിവേണം ഇവരുടെ ജോലിസമയം ക്രമീകരിക്കാന്‍.

ജോലിസ്ഥലത്തുനിന്നും സുരക്ഷിതമായ യാത്രാസൗകര്യം ഒരുക്കണം. ആവശ്യമെങ്കില്‍ താമസസൗകര്യവും നല്‍കണം. മിനിമം വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും കര്‍ശനനടപടികളുണ്ടാകും. മിനിമംവേതനം നല്‍കാത്ത സാഹചര്യങ്ങളില്‍ പരാതിയുയര്‍ന്നാല്‍ ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍മാര്‍ക്ക് ഇടപെടാം. പണം ലഭിക്കാനുള്ള സാഹചര്യങ്ങളില്‍ റവന്യൂ റിക്കവറിവഴി അത് വാങ്ങി നല്‍കാനും കഴിയും. ഇത്തരം സാഹചര്യങ്ങളില്‍ ഈടാക്കുന്ന പിഴ ചുരുങ്ങിയത് ഒരുലക്ഷം രൂപയും കൂടിയ തുക അഞ്ചുലക്ഷം രൂപയുമായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button