ന്യൂഡല്‍ഹി: ആഗ്രയിലെ ഫത്തേപ്പുര്‍ സിക്രിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡുകാരായ രണ്ടുപേര്‍ ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് സഞ്ചാരികള്‍ക്ക് ഇന്ത്യ സുരക്ഷിതമല്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ആഗ്രയില്‍ നടന്നതുപോലുള്ള സംഭവങ്ങള്‍ ഇന്ത്യയില്‍ അപൂര്‍വമായി മാത്രം നടക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിതമായ സ്ഥലമാണ് ഇന്ത്യ. തുടര്‍ച്ചയായി വെടിവെപ്പ് നടക്കുന്ന യുഎസിലും ഭീകരാക്രമണങ്ങള്‍ നടക്കുന്ന യൂറോപ്പിലും അതിന്റെ പേരില്‍ വിനോദസഞ്ചാരികള്‍ പോകാതിരിക്കുന്നുണ്ടോയെന്നും കണ്ണന്താനം ചോദിച്ചു.
അതേസമയം, ആക്രമണത്തിനിരയായ സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശികളുടെ ആരോഗ്യത്തില്‍ ആശങ്കയുണ്ടെന്ന് സ്വിസ് എംബസി വ്യക്തമാക്കി. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ ഇവര്‍ക്കു നീതി ഉറപ്പാക്കുമെന്ന വിശ്വാസമുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ എംബസി അറിയിച്ചു. സംഭവത്തിന് പിന്നാലെ, പൂര്‍ണ പിന്തുണയുമായി രംഗത്തുവന്ന ഇന്ത്യന്‍ അധികൃതര്‍ക്കും ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും എംബസി നന്ദി അറിയിച്ചു.
Post Your Comments