മനസിനക്കരെ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ലഭിച്ച നായികയാണ് നയന്‍താര. സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ നയന്‍താര ഇന്ന് കോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന നായികമാരില്‍ ഒരാള്‍ കൂടിയാണ്. നയന്‍താരയില്‍ താന്‍ രണ്ട് തവണ വീണുപോയെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറയുന്നു. സത്യന്‍ അന്തിക്കാടിന്റെ ‘ആത്മാവിന്റെ അടിക്കുറിപ്പുകള്‍’ എന്ന പുസ്തകത്തിലാണ് ഇക്കാര്യം സത്യന്‍ വിശദീകരിക്കുന്നത്.
തന്റെ വീഴ്ചയെക്കുറിച്ച് സത്യന്‍ പറയുന്നതിഒങ്ങനെ…”
മനസ്സിനക്കരെ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയ്ക്ക്. കൊച്ചുത്രേസ്യയായി ഷീലയെയും ചാക്കോമാപ്പിളയായി ഇന്നസെന്റിനെയും മകനായി ജയറാമിനെയുമൊക്കെ നിശ്ചയിച്ചിരുന്നെങ്കിലും ഗൗരി എന്ന കഥാപാത്രത്തിന് ആളെ കിട്ടിയിട്ടില്ല. ഷീല മുഖ്യ ആകര്‍ഷണമായതുകൊണ്ട് ചെറുപ്പക്കാരിയായ നായിക പുതുമുഖം മതിയെന്നു തീരുമാനിച്ചു.
കഥാപാത്രത്തിനും മനസ്സിനും ഇണങ്ങിയ ആളെ കണ്ടെത്തിയില്ല, ദൈവം കൈവിടില്ല എന്ന വിശ്വാസത്തില്‍ രണ്ടും കല്‍പിച്ച് ഷൂട്ടിങ് തുടങ്ങി. കൊച്ചുത്രേസ്യയുടെ വീടാണ് പ്രധാന ലൊക്കേഷന്‍ അവിടേക്ക് ഗൗരി അധികം വരുന്നില്ല. ആ രംഗങ്ങള്‍ ചിത്രീകരിച്ചു കഴിയുമ്ബോഴേക്കും നല്ലൊരു കുട്ടിയെ കിട്ടും എന്ന പ്രതീക്ഷയിലായിരുന്നു നിര്‍മാതാവ് സുബൈറും ഞാനും രഞ്ജന്‍ പ്രമോദുമൊക്കെ. പലരേയും കണ്ടു. ശരിയാവുന്നില്ല. ജയറാമിന്റെ സുഹൃത്ത് തമിഴ്നാട്ടുകാരനായ എഡിറ്റര്‍ മോഹന്‍ എന്ന നിര്‍മാതാവ് ജയറാമിനെ വിളിച്ചു പറഞ്ഞു.
നല്ലൊരു കുട്ടിയുണ്ട്. എന്റെ തെലുങ്കു സിനിമയില്‍ അഭിനയിച്ചു. വളരെ ഹോംലിയായ പെണ്‍കുട്ടി. അപാരമായ ടാലന്റാണ്. മലയാളിയായതു കൊണ്ട് ഭാഷയും പ്രശ്നമല്ല. സിനിമയുടെ സിഡി കൊറിയര്‍ ചെയ്യാം. കണ്ടുനോക്കി ഇഷ്ടപ്പെട്ടാല്‍ നിങ്ങള്‍ക്കു വേണ്ടി അവരോടു ഞാന്‍ സംസാരിക്കാം. ഇതുവരെ സിനിമയില്‍ മുഖം കാണിക്കാത്ത ആളാകണം എന്നായിരുന്നു ആഗ്രഹം. സാരമില്ല, തെലുങ്കിലല്ലേ അഭിനയിച്ചത്. മലയാളികള്‍ കണ്ടിട്ടില്ലല്ലോ. സിഡി അയപ്പിക്കാനൊന്നും നേരമില്ല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു മണ്ണാര്‍ക്കാട് പറഞ്ഞു. മദ്രാസില്‍ നിന്ന് സിഡിയുമായി ഇന്നത്തെ ട്രെയിനില്‍ത്തന്നെ പുറപ്പെടാന്‍ എന്റെ സുഹൃത്ത് അഗസ്റ്റിനോടു പറയാം.
അഗസ്റ്റിന്‍ കൊണ്ടു വന്ന സിഡി കാണാന്‍ മുറിയില്‍ പ്രേമത്തിന് ടിക്കറ്റു വാങ്ങാന്‍ നില്ക്കുന്നവരെപ്പോലുള്ള തിരക്ക്. നായികയെ തിരഞ്ഞെടുക്കുകയല്ലേ? യൂണിറ്റു മുഴുവന്‍ ഹാജരുണ്ട്. ശരിയാവണേ എന്ന പ്രാര്‍ഥനയോടെ തെലുങ്കു സിനിമയുടെ സിഡി ഇട്ടു. നായിക രംഗപ്രവേശം ചെയ്തതോടെ മുറിയിലാകെ കൂട്ടച്ചിരി. അത് നമ്മുടെ അസിന്‍ ആയിരുന്നു. ഏകദേശം ഇതുപോലൊരു സാഹചര്യത്തില്‍ എറണാകുളത്തുനിന്ന് ഞാന്‍ നിര്‍ബന്ധിച്ച് പിടിച്ചുകൊണ്ടുവന്ന് ക്യാമറയ്ക്കു മുന്നില്‍ നിര്‍ത്തിയ അസിന്‍. ജയറാം എഡിറ്റര്‍ മോഹനനെ വിളിച്ചു പറഞ്ഞു. അസിനെ അവതരിപ്പിച്ച സംവിധായകനു വേണ്ടിയാണ് പുതുമുഖത്തെ അന്വേഷിക്കുന്നത്.
അല്ലെങ്കിലും അസിനെ കിട്ടില്ല. അവര്‍ അഭിനയിക്കുന്ന പുതിയ തമിഴ്പടം തുടങ്ങി. പുതുമുഖത്തിനു വേണ്ടി വാശിപിടിക്കണ്ട. പഴയ ആരെയെങ്കിലും നോക്കാം എന്നുതന്നെ ഒടുവില്‍ തീരുമാനിച്ചു. ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ ആരോ കൊണ്ടുവന്ന വനിതാമാസിക വെറുതേ മറിച്ചുനോക്കുകയായിരുന്നു. ഒരു പേജില്‍ എന്റെ കണ്ണൊന്ന് ഉടക്കി. അതില്‍ ശലഭസുന്ദരിയായി ആരെയും ആകര്‍ഷിക്കുന്ന ഒരു പെണ്‍കുട്ടിയുടെ മുഖം. ഒരു സ്വര്‍ണക്കടയുടെ പരസ്യമാണ്. ക്യാമറാമാന്‍ അഴകപ്പനെ ഞാനാ ഫോട്ടോ കാണിച്ചു. കൊള്ളാം എന്ന് ആദ്യപ്രതികരണം. പിന്നെ ആ പ്രസിദ്ധീകരണത്തിന്റെ എഡിറ്ററെ വിളിക്കുന്നു, എഡിറ്റര്‍ ആ ചിത്രമെടുത്ത ഫോട്ടോഗ്രാഫറെ വിളിക്കുന്നു, ഫോട്ടോഗ്രാഫര്‍ പരസ്യ ഏജന്‍സിയെ വിളിച്ച് നമ്പര്‍ എടുക്കുന്നു വന്നുവന്ന് അത് നയന്‍താരയിലേക്ക് എത്തുന്നു. അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ നയന്‍താരയോടു പറഞ്ഞു. അന്നത്തെ പരസ്യത്തിലെ ശലഭസുന്ദരിയിലാണ് ഞാന്‍ വീണുപോയത്. എന്റെ ഭാഗ്യം എന്നു പറഞ്ഞു നയന്‍താര.
രണ്ടാമത്തെ വീഴ്ച പക്ഷേ തികച്ചും വ്യത്യസ്തമായിരുന്നു, അല്പം വേദനിപ്പിക്കുന്നതും. മനസ്സിനക്കരെ പുറത്തിറങ്ങി ഒന്നുരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ്. നയന്‍താര തമിഴിലും തെലുങ്കിലും നിറഞ്ഞ സാന്നിധ്യമായിത്തുടങ്ങിയ കാലം. നയന്‍താരയുടെ മുഖചിത്രമുള്ള മാസികകള്‍പോലും യുവാക്കള്‍ നെഞ്ചോടു ചേര്‍ത്തുതുടങ്ങിയ കാലം. പുതിയ സിനിമയുടെ കഥ ആലോചിക്കാന്‍ വേണ്ടി ഞാന്‍ അപ്പോഴും ഷൊറണൂര്‍ റെസ്റ്റ്ഹൗസിലുണ്ട്. കഥയുണ്ടാവണം, കഥയ്ക്കു പറ്റിയ അഭിനേതാക്കളെ കിട്ടണം വികെഎന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഓള്‍ഡ് ചങ്കരന്‍ സ്റ്റില്‍ഓണ്‍ ദ കോക്കനട്ട് ട്രീ. നല്ല വേനല്‍ക്കാലമാണ്. ഭാരതപ്പുഴ മെലിഞ്ഞുമെലിഞ്ഞ് വെറുമൊരു തോടായി മാറുന്ന മെയ്മാസം. സൂര്യനുദിക്കും മുന്‍പേ നട്ടുച്ചയായോ എന്നു തോന്നിപ്പിച്ച ചൂടുള്ള ഒരു പ്രഭാതം. റെസ്റ്റ്ഹൗസിന്റെ ചുമതലയുള്ള ഉണ്ണി വന്നു പറഞ്ഞു. കുളിയും പല്ലുതേപ്പുമൊക്കെ വേഗം കഴിച്ചോളൂ. മുകളില്‍ എന്തോ റിപ്പയര്‍ നടക്കുന്നുണ്ട്. വെള്ളം ഇപ്പൊ നില്ക്കും.
ഞാന്‍ തിരക്കുപിടിച്ച് കുളിക്കാനുള്ള ഒരുക്കം തുടങ്ങി. ഷൊറണൂര്‍ റെസ്റ്റ്ഹൗസില്‍ പോയിട്ടുള്ളവര്‍ക്കറിയാം ബാത്റൂം വിശാലമാണ്. വേണമെങ്കില്‍ ഒരു ബെഡ്റൂമാക്കാവുന്ന വലുപ്പം. മൂന്നു ബക്കറ്റുകളുണ്ട്. ആദ്യം അവയില്‍ വെള്ളം നിറച്ചതിനു ശേഷം മതി കുളി എന്നു തീരുമാനിച്ചു. ഇല്ലെങ്കില്‍ പകുതിക്കു വെച്ച് വെള്ളം തീര്‍ന്നുപോയാലോ! സന്മനസ്സുള്ളവര്‍ക്ക് സമാധാനത്തില്‍ സോപ്പും തേച്ച് കുളിക്കാന്‍ പറ്റാതെ നിന്നുപോയ ഗോപാലകൃഷ്ണപ്പണിക്കരെ ഓര്‍മവന്നു. രണ്ടു ബക്കറ്റുകള്‍ നിറഞ്ഞു. മൂന്നാമത്തെ ബക്കറ്റില്‍ വെള്ളം വീണുതുടങ്ങിയപ്പോള്‍ ഒരു തോര്‍ത്തുമുണ്ടും ചുറ്റി ഇനി കുളിക്കാം എന്ന തയ്യാറെടുപ്പോടെ ഞാന്‍ നിന്നു. അപ്പോള്‍ മൊബൈല്‍ റിങ് ചെയ്യുന്നു. ഈ മൊബൈല്‍ ഫോണിനുള്ള കുഴപ്പം എന്താണെന്നോ? ഓഫ് ചെയ്തോ, സൈലന്റാക്കിയോ വെച്ചാല്‍ നമ്മളതു ശ്രദ്ധിക്കുകയേയില്ല. റിങ് ചെയ്താല്‍ എടുത്തില്ലെങ്കിലും ആരാണ് വിളിക്കുന്നത് എന്നറിയണം. ഇല്ലെങ്കില്‍ ഒരു അസ്വസ്ഥതയാണ്.
ഞാന്‍ ഉടുത്ത തോര്‍ത്തുമുണ്ടോടെ മുറിയില്‍ വന്ന് ഫോണെടുത്തു. അപ്പുറത്ത് നയന്‍താരയാണ്. കുറെ നാളുകള്‍ക്കു ശേഷമാണ് നയന്‍താര വിളിക്കുന്നത്. പറയാന്‍ വിശേഷങ്ങള്‍ ഒരുപാടുണ്ടായിരുന്നു. തെലുങ്കില്‍ പുറത്തിറങ്ങിയ സിനിമ സൂപ്പര്‍ ഹിറ്റായതും തമിഴ് ആരാധകരുടെ സ്നേഹവും ചേട്ടന് കുഞ്ഞ് ജനിച്ചതും ആ കുഞ്ഞിനെ കാണാന്‍ ദുബായിയില്‍ പോയി വന്നതുമെല്ലാം. എനിക്കും സന്തോഷമായി. സംസാരത്തിനിടയിലാണ് ഞാന്‍ ശ്രദ്ധിച്ചത്.
ബാത്റൂമില്‍ നിന്ന് ബക്കറ്റ് നിറഞ്ഞ് വെള്ളം ഒഴുകിപ്പോകുന്ന ശബ്ദം. പെട്ടെന്ന് പൈപ്പ് ഓഫാക്കാനായി ഞാന്‍ ബാത്റൂമിലേക്കോടി. അകത്ത് കാലെടുത്തുവെച്ചതേയുള്ളൂ, ഒരു സ്കൈറ്റിംഗ് അഭ്യാസിയെപ്പോലെ തെന്നിയൊരു പോക്കാണ്. മലര്‍ന്നടിച്ചു ഞാന്‍ വീണു. ബക്കറ്റു നിറഞ്ഞ് ബാത്റൂം മുഴുവന്‍ വെള്ളം ഒഴുകിപ്പടര്‍ന്നിരുന്നു. ഫോണ്‍ അപ്പോഴും ചെവിയില്‍ ത്തന്നെയുണ്ട്. എന്താ സാര്‍ ഒരു ശബ്ദം കേട്ടത്? നയന്‍താരയുടെ ചോദ്യം. ഏയ്, ഒന്നുമില്ല. നയന്‍താര പറഞ്ഞോളൂ. വീണു എന്നു പറയാനൊരു ചമ്മല്‍. നയന്‍താര വിളിക്കുന്നത് ചെന്നൈയിലെ ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ നിന്നാണ്. നമ്മളിവിടെ സര്‍ക്കാര്‍ റെസ്റ്റ്ഹൗസിലെ പുരാതനമായ ബാത്റൂമില്‍ ഒരു നാടന്‍ തോര്‍ത്തും ചുറ്റി വീണുകിടക്കുകയാണെന്ന് അവരറിഞ്ഞിട്ട് പ്രത്യേകിച്ചു കാര്യമൊന്നുമില്ലല്ലോ. നയന്‍താരയുടെ പുതിയ തമിഴ് സിനിമ അന്ന് ആരംഭിക്കുകയാണ്. ക്യാമറയുടെ മുന്നിലേക്ക് പോകും മുന്‍പ് അനുഗ്രഹം വാങ്ങാനാണ് വിളിക്കുന്നത്. ഞാന്‍ പറഞ്ഞു. നയന്‍താരയ്ക്ക് ഇനി തുടങ്ങാന്‍ പോകുന്ന എല്ലാ സിനിമകള്‍ക്കുമുള്ള അനുഗ്രഹം ഞാനിതാ ഒരുമിച്ചു ഡെപ്പോസിറ്റ് ചെയ്യുന്നു. ആവശ്യമുള്ളപ്പോള്‍ എടിഎം കൗണ്ടറില്‍ നിന്നെടുക്കുംപോലെ എപ്പോള്‍ വേണമെങ്കിലും എടുക്കാം. നയന്‍താര ചിരിച്ചു.
എനിക്കു ചിരി വന്നില്ല. നടുവൊടിഞ്ഞോ, തല പൊട്ടിയോ എന്നൊന്നും ഞാന്‍ നോക്കിയിട്ടില്ലല്ലോ. ആ കിടന്ന കിടപ്പില്‍ എല്ലാ ഭാവുകങ്ങളും നേര്‍ന്നു സംസാരം നിര്‍ത്തിയപ്പോള്‍ ഫോണ്‍ ഓഫ് ചെയ്ത് കുറച്ചു നേരംകൂടി അങ്ങനെത്തന്നെ ഞാന്‍ കിടന്നു. പിന്നെ കൈയും കാലുമൊക്കെ അനക്കിനോക്കി. തലയൊന്നു കുടഞ്ഞുനോക്കി. പതുക്കെ എഴുന്നേറ്റു. ഭാഗ്യവാനാണെന്ന് പലരും പറയുന്നതു സത്യമാണെന്നെനിക്കു ബോധ്യമായി. ഒന്നും പറ്റിയിട്ടില്ല. രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. അപ്പോള്‍ മനസ്സില്‍ ചിരിവന്നു. നയന്‍താരയില്‍ ഞാന്‍ ശരിക്കും വീണുപോയിരിക്കുന്നു’
( ആത്മാവിന്റെ അടിക്കുറിപ്പുകള്‍; മാതൃഭൂമി ബുക്സ്)
Post Your Comments