വെള്ളറട ; അമ്മയെയും മകനേയും വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വെള്ളറട ചുണ്ടിൽ വേങ്കിലിവിള ആര്യപ്പള്ളി വീട്ടിൽ മേരി (70), മകൻ ജോണ്‍ (40) എന്നിവരെയാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മാതാവിന്റെ മൃതദേഹം കട്ടിലിലും മകന്റെ മൃതദേഹം സമീപത്തെ മുറിയിലെ തറയിലുമാണ് കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതമൂലം ജീവനൊടുക്കിയതാകാമെന്ന് കരുതുന്നതായി പോലീസ് അറിയിച്ചു. സമീപവാസിയായ യുവാവ് പുലർച്ചെ പുറത്തിറങ്ങിയപ്പോൾ മേരിയുടെ വീടിന്റെ ജനാലയിലൂടെ തീകത്തുന്നതായി കണ്ടു. ഉടൻ സമീപത്തു താമസിക്കുന്ന വാർഡ് മെംബറെ വിവരം അറിയിച്ചു. ഇദ്ദേഹമാണ് വിവരം പോലീസിനെ അറിയിച്ചത്. ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് വീടിനുള്ളിൽ കടന്ന് തീയണക്കുകയായിരുന്നു.
പൊലീസ് എത്തിയപ്പോഴേക്കും അമ്മയും മകനും മരിച്ചിരുന്നു. മകന്റെ കാല് മേശയുടെ കാലുമായും അമ്മയുടെ കാല് കട്ടിലിന്റെ കാലുമായും വൈദ്യുതി കമ്പികള്‍കൊണ്ട് ബന്ധിപ്പിച്ച നിലയിലായിരുന്നു എന്നും കടബാധ്യതയാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ മൊഴി നല്‍കിയിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
പൊലീസ് മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിന്‍സന്റ്, ബെര്ണദാസ്, ശാന്തി, റാണി, കുമാരി, ക്രിസ്തുരാജന് എന്നിവര്‍ മേരിയുടെ മറ്റ് മക്കളാണ്. മരുമക്കൾ: രവി, ബാബു, ജോണ്സലാം, സബിത.
Post Your Comments