![](/wp-content/uploads/2017/10/Perinthalmanna.jpg)
പെരിന്തല്‍മണ്ണ•പത്തുവര്‍ഷമായി തരിശായി കിടന്നിരുന്ന കരിങ്കറ പാടത്തെ 40 ഏക്കര്‍ സ്ഥലത്ത് നഗരസഭയുടെ ജീവനം ശുചിത്വസുന്ദര ജൈവനഗരം പദ്ധതിക്ക് കീഴില്‍ നടത്തുന്ന രണ്ടാംഘട്ട ജൈവനെല്‍ക്കൃഷിക്ക് ആവേശത്തോടെ ഞാറ് നട്ട് തുടക്കം കുറിച്ചു. ഇതോടൊപ്പം തന്നെ കക്കൂത്ത് 35 ഏക്കറിലും മാനത്ത്മംഗലത്ത് 25 ഏക്കറിലും കൃഷിയിറക്കും.
കഴിഞ്ഞവര്‍ഷം മാനത്ത്മംഗലത്ത് 15 ഏക്കറില്‍ ജൈവനെല്‍ക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നഗരസഭാ കൗണ്‍സിലര്‍മാരും ജീവനക്കാരുംചേര്‍ന്ന് കൃഷിയിറക്കി കൊയ്തത് നൂറുമേനി വിളവ്. ഈ വിളവില്‍ കര്‍ഷക്ക് പാട്ടം നല്‍കിയ ശേഷം ബാക്കി വന്ന നെല്ല് ജീവനം ബ്രാന്‍ഡില്‍ ജൈവ അരിയാക്കിയപ്പോള്‍ ലഭിച്ച ഒന്‍പത് ടണ്‍ അരി വിപണിയിലെത്തിച്ച് ലഭിച്ച 2.50 ലക്ഷം ലാഭം സാന്ത്വനം പദ്ധതിയിലേക്ക് നല്‍കിയിരുന്നു. 80 ഏക്കര്‍ സ്ഥലത്തുമാത്രം മുന്‍പ് നെല്‍ക്കൃഷിയുണ്ടായിരുന്ന നഗരസഭയില്‍ നിലവില്‍ 250 ഏക്കറായി ഉയര്‍ന്നപ്പോള്‍ ഈവര്‍ഷം 350 ഏക്കറിലേക്ക് വ്യാപിപ്പിക്കുന്നതിനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
സാന്ത്വനംപദ്ധതിക്ക് കഴിഞ്ഞതവണ കൃഷിയില്‍നിന്നുണ്ടായ ലാഭവിഹിതം, കൃഷിയുടെ പ്രാഥമിക മൂലധനമായി സമാഹരിച്ചാണ് നൂറേക്കര്‍ കൃഷിനടത്തുന്നത്. ഇതില്‍നിന്ന് വരുന്ന ആദായം മുഴുവനായും സാന്ത്വനത്തിന്റെ ഫണ്ടിലേക്ക് നല്‍കും. ഞാറുനടീല്‍ നഗരസഭാധ്യക്ഷന്‍ എം. മുഹമ്മദ്‌സലീം നിര്‍വഹിച്ചു. ഉപാധ്യക്ഷ നിഷി അനില്‍രാജ് അധ്യക്ഷത വഹിച്ചു. കെ.സി. മൊയ്തീന്‍കുട്ടി, താമരത്ത് ഉസ്മാന്‍, കിഴിശ്ശേരി വാപ്പു, സദാനന്ദന്‍, എലിസബത്ത്, ടി. കൃഷ്ണന്‍, ചേരിയില്‍ സത്താര്‍, കൃഷി ഓഫീസര്‍ മാരിയത്ത് കിബ്ത്തിയ തുടങ്ങിയവര്‍ സംസാരിച്ചു.
Post Your Comments