
ബോസ്റ്റൻ: മുൻ അമേരിക്കന്‍ പ്രസിഡന്റ് ജോൺ.എഫ്.കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ടുള്ള രഹസ്യരേഖകൾ ലോകത്തിനു മുന്നിലേക്ക്. ഒക്ടോബർ 26നു അരനൂറ്റാണ്ടിലേറെ കാലത്തെ നിഗൂഢത കാത്തുവച്ചിരിക്കുന്ന രേഖകളെല്ലാം പുറത്തുവിടുമെന്ന് ട്രംപ് ശനിയാഴ്ച ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എന്നാൽ പ്രസിഡന്റിന് ഇക്കാര്യത്തിൽ അവസാന നിമിഷത്തിൽ പിന്മാറാനും അവകാശമുണ്ട്. ഏകദേശം അഞ്ചു ലക്ഷത്തിലേറെ പേജുണ്ട് നാഷനൽ ആർക്കൈവ്സിൽ സൂക്ഷിച്ചിരിക്കുന്ന മൊത്തം രേഖകൾക്ക്.
ലീ ഹാർവി ഓസ്വാൾഡ് എന്നയാളുടെ വെടിയേറ്റ് ടെക്‌സസിലെ ഡാലസിൽ 1963 നവംബർ 22ന് ഉച്ചയ്‌ക്കു 12.30നാണ് കെന്നഡി കൊല്ലപ്പെടുന്നത്. സംഭവസ്‌ഥലത്തിനു സമീപമുള്ള ഒരു കെട്ടിടത്തിലെ ആറാം നിലയിൽ പ്രവർത്തിക്കുന്ന സ്‌കൂൾ ബുക്ക് ഡിപ്പോയിലെ ജോലിക്കാരനായിരുന്നു ഇരുപത്തിനാലുകാരനായ ഓസ്വാൾഡ്. കെന്നഡിയുടെ നേരെ ആ കെട്ടിടത്തിൽ നിന്നാണു വെടിവച്ചതും. തുടർന്ന് മണിക്കൂറുകൾക്കകം ഓസ്വാൾഡ് ജാക്ക് റൂബി എന്ന നിശാക്ലബ് ഉടമയുടെ വെടിയേറ്റു മരിച്ചു. പൊലീസ് അറസ്റ്റു ചെയ്ത് കൈയാമം വച്ചു കൊണ്ടുപോകുമ്പോൾ, എല്ലാവരും നോക്കിനിൽക്കെയായിരുന്നു കൊലപാതകം.
സാധാരണക്കാരനായ ഓസ്വാൾഡ് എന്തിനാണ് കെന്നഡിയെ കൊലപ്പെടുത്തുന്നത് എന്നതായിരുന്നു അന്നുയർന്ന പ്രധാന ചോദ്യം. സംഭവത്തിനു തൊട്ടുപിന്നാലെ ഓസ്വോൾഡ് കൊല്ലപ്പെട്ടതും സംഭവത്തിലെ നിഗൂഢത ശക്തമാകാൻ കാരണമായി. ജാക്ക്റൂബി പിന്നീട് ജയിലിൽ വച്ചു കാൻസർ ബാധിച്ചു മരിച്ചു.
Post Your Comments