ജിദ്ദ: സൗദിയുടെ പുതിയ കിരീടാവകാശി ചരിത്രം തന്നെ പൊളിച്ചെഴുതുകയാണ്. സൗദിയിലെ കര്‍ശനമായ മത നിയന്ത്രണങ്ങളില്‍ ആയവ് വരുത്തുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ ലോകത്തിന് മുഴുവന്‍ മുന്പില് നടക്കാന്‍ ഒരു പദ്ധതിയും രാജകുമാരന് പ്രഖ്യാപിച്ചു.
ഭാവിയെ മുന്നില്‍ക്കണ്ടുള്ള മെഗാസിറ്റിയാണ് സൗദി അറേബ്യ പ്രഖ്യാപിച്ച ലോകോത്തര പദ്ധതി. 500 ബില്യണ്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന ഈ മെഗാസിറ്റി പദ്ധതി സൗദിയില്‍ മാത്രമൊതുങ്ങുന്നതല്ല. റെഡ്സീയുടെ തീരത്തായി, ഈജിപ്തിലേക്കും ജോര്‍ദാനിലേക്കും വ്യാപിച്ചുകിടക്കുന്നതാവും നീം എന്ന് പേരിട്ടിട്ടുള്ള ഈ സ്വപ്ന പദ്ധതി. കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.
ഡ്രോണുകളും റോബോട്ടുകളും ഡ്രൈവറില്ലാത്ത കാറുകളുമൊക്കെയാകും മെഗാസിറ്റിയിലുണ്ടാവുകയെന്നും സൂചിപ്പിച്ചു. പൂര്‍ണമായും പ്രകൃതിജന്യമായ ഊര്‍ജത്തെ ആശ്രയിച്ചാകും മെഗാസിറ്റി നിലകൊള്ളുക. കാറ്റില്‍നിന്നും സൗരോര്ജത്തില്നിന്നുമുള്ള വൈദ്യതിയാകും ഇവിടെ ഉപയോഗിക്കുക. നിലവില്‍ ഉപയോഗശൂന്യമായി കിടക്കുന്ന 25500 ചതുരശ്ര കിലോമീറ്റര്‍ സ്ഥലമാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്. ഈജിപ്തിനെയും സൗദിയെയും ബന്ധിപ്പിക്കുന്ന നിര്‍ദിഷ്ട സല്മാന് രാജാവ് പാലം ഇതിലൂടെയാകും കടന്നുപോവുക. ബയോടെക്നോളജി, ഡിജിറ്റല്‍ സയന്‍സ്, അഡ്വാന്‍സ്ഡ് മാനുഫാക്ചറിങ് ടെക്നോളജി എന്നിവയാകും ഇവിടുത്തെ പ്രധാന വ്യവസായ കേന്ദ്രങ്ങളെന്നും രാജകുമാരന് പ്രഖ്യാപിച്ചു.
മൂന്നുരാജ്യങ്ങളിലായി പരന്നുകിടക്കുന്ന ആദ്യ സ്വകാര്യ സംരഭമായി ഇതുമാറുമെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് പറഞ്ഞു. സൗദി അറേബ്യയുടെ പൊതുഖജനാവായ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടില്‍നിന്നാകും ഇതിന് തുക കണ്ടെത്തുക. ലോകത്തെ ഏറ്റവും തന്ത്രപ്രധാനമേഖലകളിലൊന്നിലാകും നീം സ്ഥിതി ചെയ്യുകയെന്ന് പബ്ലിസ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്നുവെന്നതാണ് ഈ മേഖലയുടെ പ്രധാന്യം.
റിയാദില്‍ നടന്ന നിക്ഷേപക സമ്മേളനത്തിലാണ് രാജകുമാരന് ഈ പദ്ധതി പ്രഖ്യാപിച്ചത്. വ്യവസായ ലോകത്തെ പ്രമുഖരെല്ലാം ഒത്തുകൂടിയ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് എന്ന സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
Post Your Comments