KeralaLatest News

തലയിൽ പൂട ഉണ്ടെന്നു പറഞ്ഞപ്പോൾ അറിയാതെ തലയിൽ തപ്പി നോക്കിയ കള്ളന്റെ കഥ ഓര്‍മ്മ വരുന്നു: തോമസ് ഐസക്കിന് മറുപടിയായി10 പോയിന്റ്സ് ചൂണ്ടിക്കാട്ടി വിശ്വരാജ്

വിശ്വരാജ് വിശ്വ

പ്രിയപ്പെട്ട തോമസ് ഐസക്ക് ,

കള്ളന്റെ തലയിൽ പൂട ഉണ്ടെന്നു പറഞ്ഞപ്പോൾ അറിയാതെ തലയിൽ തപ്പി നോക്കിയ കള്ളന്റെ കഥയൊക്കെ ശരിക്കും നിരീക്ഷണ പാടവം ഉള്ള നമ്മുടെ പൂർവ്വികരുടെ സംഭാവന ആണ്.. അല്ലെങ്കിൽ ഇത് പോലെ ഉള്ള ലൈവ് ഉദാഹരണങ്ങൾ കാണാൻ നമുക്ക് ഇപ്പോഴും സാധിക്കുമോ ?

/// Will not give a Single Penny to those opposing “Vikas” (Development) . /// എന്ന് പ്രധാനമന്ത്രി പറഞ്ഞതിൽ , സംസ്ഥാനങ്ങൾക്ക് ഇനി പണം കൊടുക്കില്ല എന്ന് എവിടെയാണ് സഖാവ് വായിച്ചത്..?? നാടിൻറെ വികസനത്തിന് , വികസന പദ്ധതികൾക്ക് എതിര് നിൽക്കുന്നവർക്ക് നയാ പൈസ അനുവദിക്കില്ല എന്നല്ലേ പ്രധാനമന്ത്രി മോഡി പറഞ്ഞതിന്റെ മലയാള പരിഭാഷ… അങ്ങനെ ആണെന്ന് സഖാവിനും അറിയാം… പക്ഷെ തലയിൽ അറിയാതെ പൂട തപ്പിയതിനും, “എന്നെ ആണ്, എന്നെ തന്നെ ആണ്, എന്നെ മാത്രം ആണ്” എന്നൊക്കെ മോദിയുടെ വികസന വിരുദ്ധരെ കുറിച്ചുള്ള പ്രസ്താവന കേട്ടപ്പോൾ സഖാവിനു തോന്നാനും ചില കാരണങ്ങൾ ഉണ്ടെന്നു സഖാവിനും അറിയാം.. അത് എന്തായിരിക്കും.. ???

പാലം മുതൽ എക്സ്പ്രസ്സ് ഹൈവേ വരെ , ട്രാക്ടർ മുതൽ കമ്പ്യൂട്ടർ വരെ, ഇങ്ങനെ ജനനന്മക്ക് ഉതകുന്ന നിരവധി നിരവധി വികസന സംരംഭങ്ങൾ മുന്നിൽ നിന്ന് തടസ്സം സൃഷ്ടിച്ചു ഒരു ജന സമൂഹത്തിന്റെ, ഒരു നാടിൻറെ പുരോഗമനം ഇല്ലാതാക്കിയ ഒരേ ഒരു പ്രസ്ഥാനം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ആണെന്ന് ഇവിടെ ഉള്ള മനുഷ്യർക്ക് മാത്രമല്ല ചെമ്പിനും ചേറിനും വരെ അറിയാം.. അതാണ് സഖാവിന്റെ രോഷപ്രകടനത്തിന്റെ മൂലകാരണവും. ഈ 21 നൂറ്റാണ്ടിൽ ഇന്ത്യ ചൊവ്വയിലേക്ക് പര്യവേഷണ വാഹനം അയച്ചു കഴിഞ്ഞ അവസരത്തിൽ പോലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജന വിരുദ്ധ, പുരോഗമന വിരുദ്ധ , വികസന വിരുദ്ധ നിലപാടുകൾക്ക് യാതൊരു മാറ്റവും ഇല്ല എന്നത് ശ്രദ്ധേയമാണ്.. കേന്ദ്ര സർക്കാർ നൽകിയ ഫണ്ടിൽ 40% ഉപയോഗിക്കാതെ പാഴാക്കിയ കേരള സർക്കാർ വികസനത്തെ പറ്റി പറയുമ്പോൾ രോഷം കൊള്ളുന്നത് പരിഹാസ്യമാണ്.. അതിൽ ചിലതു നമുക്ക് നോക്കാം…

1. കാസർഗോഡ് ജില്ലയിൽ കേന്ദ്ര സർക്കാർ അനുവദിച്ച 200 മെഗാവാട്ട് ഉല്പാദന ശേഷി ഉള്ള കേരളത്തിലെ ഏക സോളാർ പാർക്ക് സംസ്ഥാന സർക്കാർ പാഴാക്കി എന്ന് മാത്രമല്ല 70 കോടി മുടക്കി ആ സോളാർ പാർക്കിനു വേണ്ടി മാത്രം നിർമ്മിച്ച സബ്‌സ്റ്റേഷൻ അതോടെ ഒരു പ്രയോജനമില്ലാത്ത ആയി.. കാസർഗോഡ് നിന്ന് ഹരിതോർജ്ജ ഇടനാഴി വഴി വൈദ്യുതി മെയിൻ ഗ്രിഡിലേക്ക് കൊണ്ട് പോകാൻ 1200 കോടി രൂപയുടെ സബ്‌സിഡി ആണ് കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നത്… അതും ഇതോടെ പാഴായി പോയി. എന്നാൽ ഗുജറാത്തും ആന്ധ്രായും അതെ സമയം കേന്ദ്ര സഹായത്തോടെ 4000 മെഗാവാട്ട് സോളാർ പ്ലാന്റ് ആണ് സ്ഥാപിക്കാൻ പോകുന്നത് എന്നറിയുമ്പോൾ 200 മെഗാവാട്ട് പ്ലാന്റ് പോലും സ്ഥാപിക്കാൻ സാധിക്കാത്ത നമ്മുടെ സംസ്ഥാന സർക്കാരിനെ നമ്മൾ എന്ത് ചെയ്യണം.. തോമസ് ഐസക്കിന് ദേഷ്യം വരും സ്വാഭാവികം ..

2. 2014 – 15 വർഷത്തെ കേന്ദ്ര നികുതി വിഹിതം കേരളത്തിന് ലഭിച്ചത് 7926 കോടി രൂപയും കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതമായി ലഭിച്ചത് 3916 കോടി രൂപയാണ്. 2015 – 16 വർഷം കേന്ദ്ര നികുതി വിഹിതം വർദ്ധിച്ചു 12690 കോടി രൂപ ആയി കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതം ഏതാണ്ട് കഴിഞ്ഞ വർഷത്തെ അതെ തുക,3558 കോടി രൂപ നില നിർത്തുകയും ചെയ്തു . അതായത് 2015 -16 ൽ മൊത്തം കേന്ദ്ര സഹായം 11843 കോടി രൂപയും 2015 -16 ൽ 16248 കോടി രൂപയും ആയിരുന്നു.. കേന്ദ്ര വിഹിതം സംസ്ഥാനത്തിന്റെ അവകാശം ആണ്. സമ്മതിച്ചു പക്ഷെ കേന്ദ്ര സർക്കാർ നൽകുന്ന കോടികൾ യഥാവിധി വികസന പ്രവർത്തനങ്ങൾ നടത്തി ജനങ്ങളിലേക്ക് എത്തിക്കുക എന്നത് ആരുടെ കടമ ആണ്.. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ പൂർണ്ണ പരാജയം ആയിരുന്നു എന്ന് CAG – കൺട്രോളർ ഓഫ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട് തന്നെ പറയുന്നു. കേന്ദ്രസർക്കാർ സംസ്ഥാനത്തിന്റെ വികസനത്തിന് നൽകിയ ഫണ്ടിന്റെ 40% തുകയും കേരള സർക്കാർ പാഴാക്കിയപ്പോൾ 80% നു മുകളിൽ ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾ കേന്ദ്ര ഫണ്ട് വിനിയോഗിച്ചു എന്നും CAG റിപ്പോർട്ട് പറയുന്നു… ശരിയാണ് തോമസ് ഐസക്കിന് ദേഷ്യം വരും. സ്വാഭാവികം…(ഈ ഫണ്ട് എങ്ങനെ ഒക്കെ പാഴാക്കി എന്ന് താഴെ പറയാൻ ശ്രമിക്കാം ).

3. മൂന്നു ബൃഹത് പദ്ധതികൾക്കായി കേന്ദ്ര സർക്കാർ മൂന്നാം വർഷം കേരളത്തിന് ചോദിക്കാതെ തന്നെ നൽകിയത് 1000 കോടിയുടെ പ്രത്യേക വികസ പദ്ധതികൾ ആണ്. വിവിധ പദ്ധതികള്‍ക്കായി 1000 കോടി രൂപയാണ് പ്രാഥമിക ഘട്ടത്തില്‍ അനുവദിക്കുക. പ്ലാസ്റ്റിക്ക് ഇൻസ്റ്റിറ്റിയൂട്ട് , പ്ലാസ്റ്റിക്ക് പാർക്ക് , ഫാർമ പാർക്ക് എന്നിവക്കാണ് 1000 കോടി അനുവദിച്ചത്. പ്ലാസ്റ്റിക് വ്യവസായം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ക്ക് സ്ഥാപിക്കുന്നത്. ആരോഗ്യ, കാര്‍ഷിക, വ്യോമയാന മേഖലകളിലടക്കം പ്ലാസ്റ്റിക്ക്ആവശ്യകത വര്‍ധിച്ച സാഹചര്യത്തിലാണിത്. കേരളം വൈദ്യശാസ്ത്ര ഹബ്ബായി വളരുന്ന പശ്ചാത്തലത്തില്‍ ഫാര്‍മ പാര്‍ക്ക് ഈ മേലഖയുടെ വളര്‍ച്ചക്ക് സഹായകമാകും. മരുന്നുകളുടെ ഉദ്പാദനം, വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ നിര്‍മ്മാണം എന്നിവയടങ്ങുന്ന വിവിധ സ്ഥാപനങ്ങളാണ് ഫാര്‍മ പാര്‍ക്കില്‍ ഉള്‍പ്പെടുന്നത്. ഈ പദ്ധതികൾ എവിടെ വരെ എത്തി എന്ന് തോമസ് ഐസക്കിനോട് ചോദിച്ചാൽ അദ്ദേഹത്തിന് ദേഷ്യം വരും. സ്വാഭാവികം..

4. റെയിൽപാത പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, പുതിയ സര്‍വീസുകള്‍ എന്നിങ്ങനെ വിവിധോദ്ദേശ്യ പദ്ധതികള്‍ക്കായി കേരളവും റെയില്‍വേയും തമ്മില്‍ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇത് സംസ്ഥാനത്തിന് ഏറെ ഉപകാരപ്പെടും. ഫാക്ടിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ 1000 കോടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു. 2008 മുതല്‍ ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും എ.കെ. ആന്റണി മുതല്‍ ശശി തരൂര്‍വരെ 8 കേന്ദ്ര മന്ത്രിമാർ ഉണ്ടായിരുന്നിട്ടും ഇത് അവഗണിക്കപ്പെടുകയായിരുന്നു.

5. കേരളത്തിലെ റോഡ് വികസനത്തിന് കേന്ദ്ര സർക്കാർ ചരിത്രത്തിൽ ആദ്യമായി ഏറ്റവും കൂടുതൽ തുക വകയിരുത്തുന്നു. 20000 കോടി രൂപ ആണ് കേരളത്തിലെ ദേശീയ പാത അടക്കം ഉള്ള റോഡുകൾക്ക് ആയി കേന്ദ്ര സർക്കാർ ലഭ്യമാക്കുന്നത്. വിഴിഞ്ഞം തുറമുഖ പദ്ധതിയും , നദികൾ ബന്ധിപ്പിച്ചു ദേശീയ ജലപാത ഉണ്ടാക്കുമ്പോൾ അതിൽ കേരളത്തിലെ 8 നദികളെയും ഉൾപ്പെടുത്തി ആണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനവും കേരളത്തിന്റെ 4 ഇരട്ടി വലുപ്പവും ഉള്ള മഹാരാഷ്ട്രയ്ക്കു 50000 കോടി മാത്രമേ റോഡ് വികസനത്തിന് നൽകുന്നുള്ളൂ എന്ന് അറിയുമ്പോൾ നിങ്ങൾക്ക് ഒരു താരതമ്യം നടത്താൻ കഴിയും, കേരളത്തിനെ കേന്ദ്ര സർക്കാർ തഴുകുകയാണോ അതോ .തഴയുകയാണോ എന്ന്. ഇത് ചോദിച്ചാൽ തോമസ് ഐസക്കിന് ദേഷ്യം വരും സ്വാഭാവികം .

6 . ഭക്ഷ്യ സുരക്ഷ പദ്ധതിയും, ഭക്ഷ്യ ഭദ്രത പദ്ധതികളും പ്രകാരം കേന്ദ്ര സർക്കാർ അനുവദിച്ച 14.50 ലക്ഷം ടണ് അരി മുൻ്ഗണന പട്ടിക പോലും സമയത്തു നല്കാൻ കേരള സംസ്ഥാന സർക്കാർ തയ്യാറാകാത്തത് കൊണ്ട് കേരളത്തിന് നഷ്ടപ്പെടുമായിരുന്നു.. എന്നാൽ ധൃതിപ്പെട്ടു കേരളം സർക്കാർ തയ്യാറാക്കി നൽകിയ കരട് മുൻഗണന പട്ടിക പോലും കേന്ദ്ര സർക്കാർ അംഗീകരിച്ചു കുറഞ്ഞ നിരക്കിൽ വളരെ പെട്ടെന്ന് കേരളത്തിന് 14.5 ലക്ഷം ടണ് അരി ലഭ്യമാക്കുകയായിരുന്നു… പാവപ്പെട്ട മലയാളികൾക്ക് അരി കൊടുക്കാൻ തയ്യാറായി കേന്ദ്ര സർക്കാർ നിൽക്കുമ്പോൾ കേവലം മുന്ഗണന പട്ടിക തയ്യാറാക്കി കൊടുക്കാൻ എന്ത് തടസ്സം ആണ് കേരള സർക്കാരിന് ഉണ്ടായിരുന്നത് ?? ശരിയാണ് വികസനത്തെ പറ്റി പറഞ്ഞാൽ തോമസ് ഐസക്കിന് ദേഷ്യം വരും സ്വാഭാവികം…

7. തൊഴിലുറപ്പ് പദ്ധതി പ്രകാരം കൂലി കൊടുക്കുന്നതിലെ അപാകത പരിഹരിക്കണം, തട്ടിപ്പ് കണ്ടെത്തി തടയണം, കൂലി നേരിട്ട് തൊഴിലാളികൾക്ക് അക്കൗണ്ട് വഴി ഓൺലൈൻ പേയ്മെന്റ് ആക്കണം എന്ന കേന്ദ്ര സർക്കാരിന്റെ നല്ല നിർദേശങ്ങൾ ധാർഷ്ട്യം നിമിത്തം കേരള സർക്കാർ അംഗീകരിക്കാത്തത് കൊണ്ട് 14.3 ലക്ഷം തൊഴിൽ ഉറപ്പ് തൊഴിലാളികൾക്ക് 6 മാസം കൂലി കിട്ടിയില്ല.. അക്കൗണ്ടുകൾ ഓപ്പൺ ചെയ്ത മുറക്ക് ഉടനടി 740 കോടി രൂപ കുടിശ്ശിക അടക്കം തൊഴിലാളികളുടെ അക്കൗണ്ടുകളിൽ നൽകി മോഡി സർക്കാർ അതിവേഗത്തിൽ അഴിമതി ഇല്ലാത്ത ഭരണം എങ്ങനെ നടത്തണം എന്ന് കേരളത്തിന് കാട്ടി കൊടുത്തു. ഇത് പറഞ്ഞാൽ തോമസ് ഐസക് സാറിന് ദേഷ്യം വരും.. സ്വാഭാവികം.

8. എല്ലാവർക്കും 2022 ഓടെ വീട് എന്ന ലക്ഷ്യം വച്ച് പ്രധാനമന്ത്രി ആവാസ് യോജന എന്ന സ്വപ്ന കേന്ദ്ര പദ്ധതി പ്രകാരം വീട് ഇല്ലാത്ത പാവപ്പെട്ടവർക്ക് വീട് വച്ച് നൽകാൻ വേണ്ടി കേരളം ലക്ഷ്യമിട്ടത് 32559 വീടുകൾ ആയിരുന്നു. എന്നാൽ കേരള സർക്കാർ വീട് ലഭ്യമാക്കേണ്ട ഗുണഭോക്താക്കളെയും അവർക്ക് 2 സെന്റ് ഭൂമിയും ലഭ്യമാക്കാത്തത് കൊണ്ട് ഇത് വരെ പൂർത്തിയായത് 313 വീടുകൾ!!! മാത്രമാണ്. കേരള സർക്കാർ പാവപ്പെട്ട മലയാളികളെ പരിഹസിച്ചു കൊണ്ട് അട്ടിമറിച്ചത് കേന്ദ്ര സർക്കാർ പദ്ധതിയിലെ 32200 വീടുകൾ ആണ്.. വികസനം എന്ന് കേൾക്കുമ്പോൾ ഐസക് സഖാവിനു ദേഷ്യം വരും.. നമുക്കറിയാം..

9 . സംസ്ഥാനത്തു വിതരണം ചെയ്യാൻ ഉള്ള അരി വിഹിതം അതാത് മാസത്തിനു ഒരു മാസം മുന്നേ FCI ൽ നിന്ന് റേഷനിങ് കോൺട്രോളിങ് ഉത്തരവ് പ്രകാരം കൈപ്പറ്റണം.. കഴിഞ്ഞ ഫെബ്രുവരി മാസം സമയത്തു കേരളത്തിന്റെ അരി വിഹിതം എടുക്കാത്തത് കൊണ്ട് സംസ്ഥാനത്തിന് നഷ്ടപ്പെട്ടത് 1200 ടണ് അരിയാണ് .. കേന്ദ്ര സർക്കാർ നൽകുന്ന അരി വിഹിതം പാവപ്പെട്ടവന്റെ വീടുകളിൽ സമയത്തു എത്തിക്കാൻ പോലും സാധിക്കാത്ത കേരള സർക്കാരിന് വികസനത്തെ പറ്റി ഒക്കെ കേൾക്കുമ്പോൾ ദേഷ്യം വരും.. തോമസ് ഐസക് സാറിന് ദേഷ്യം വരും.. അറിയാം…

10 . സ്വച്ഛ്‌ ഭാരത് പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ കേരളത്തിലെ നഗരങ്ങളിലെ ശുചിത്വ പദ്ധതിക്ക് നൽകിയത് 505 കോടി രൂപയാണ്. അതിൽ കേരളം ഇത് വരെ ശുചിത്വ പദ്ധതികൾക്കായി ചിലവഴിച്ചത് 51 കോടി രൂപ മാത്രമാണ്.. അതായത് കേവലം 10% മാത്രം.. ഇതിന്റെ കൂടെ കൂട്ടി വായിക്കേണ്ട ഒരു കണക്കു കൂടി ഉണ്ട്.. ശുചിത്വമില്ലായ്മ മൂലം വൃത്തിയില്ലായ്മ മൂലം ഉണ്ടാകുന്ന ഡെങ്കി പണി കേസുകൾ രാജ്യത്തു ആകമാനം റിപ്പോർട്ട് ചെയ്യപ്പെട്ടത് 18000 നു മുകളിൽ ആണ്.. അതിൽ 9000 ഡെങ്കി പനി രോഗികൾ കേരളത്തിൽ നിന്ന് മാത്രമാണ്. അതായത് 130 കോടി ജനങ്ങൾ ഉള്ള ഇന്ത്യ രാജ്യത്തു റിപ്പോർട്ട് ചെയ്ത ഡെങ്കി പനി കേസുകളിൽ 50% രോഗികൾ കേവലം 3 കോടി ജനങ്ങൾ ഉള്ള നമ്മുടെ കൊച്ചു കേരളത്തിൽ ആണ്… ഡെങ്കി പനിയുടെ മൂല കാരണം ശുചിത്വമില്ലായ്മ ആണെന്ന് അറിയാമല്ലോ.. സ്വച്ഛ്‌ ഭാരത് പദ്ധതിക്ക് വേണ്ടിയുള്ള ഫണ്ട് 10% മാത്രം ഉപയോഗിച്ച കേരളം പക്ഷെ പ്രതീക്ഷ നിലനിർത്തി പനി മരണത്തിൽ റെക്കോർഡ് ഭേദിച്ച് 600 മരണം രേഖപ്പെടുത്തി .600 പേരുടെ മരണം, അവരുടെ ജീവനു ആര് മറുപടി പറയണം എന്ന് കേരള സർക്കാറിനു അറിയില്ല. ശരിയാണ് വികസനം എന്ന് കേന്ദ്ര സർക്കാർ പറയുമ്പോൾ തോമസ് ഐസക്കിന് ദേഷ്യം വരുന്നത് സ്വാഭാവികം അല്ലെ. ദേഷ്യം വരും സഖാവെ നന്നായി ദേഷ്യം വരും.

തലയിൽ പൂട തപ്പുന്നതും, എന്നെ ആണോ, എന്നെ തന്നെ ആണോ എന്നൊക്കെ വെറുതെ തോന്നുന്നതും നാളിതു വരെ സർക്കാർ എന്ന നിലക്ക് ചെയ്ത കാര്യങ്ങളും, ചെയ്യേണ്ടി ഇരുന്ന കാര്യങ്ങളെ കുറിച്ചും ബോധ്യം ഉള്ളത് കൊണ്ടാണ് എന്ന് സാധാരണക്കാരനായ മലയാളിക്ക് മനസ്സിലാവുന്ന ദിവസം ബംഗാളിലെ പോലെ കേരളത്തിലെ ജനവും സഖാക്കളെ അടിച്ചു ഇറക്കും ഇവിടെ നിന്നും. അതിനു വലിയ താമസം കാണുന്നില്ല. ദേഷ്യം വരും. ദേഷ്യം വരണം സഖാവെ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button