തിരുവനന്തപുരം : കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെയും കേന്ദ്രതിരഞ്ഞെടുപ്പ് അതോറിറ്റിയുടെയും ശാസനയ്ക്കു പിന്നാലെ കെപിസിസി ജനറല്‍ ബോഡി പട്ടിക പുതുക്കി. കേന്ദ്രനേതൃത്വം എത്രയുംവേഗം ഇതിന് അംഗീകാരം നല്‍കുമെന്നാണു സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷ.
വനിതാ, പട്ടികജാതി-വര്‍ഗ പ്രാതിനിധ്യം മെച്ചപ്പെടുത്തിയുള്ളതാണു പുതിയ പട്ടിക. ഇരു ഗ്രൂപ്പുകള്‍ക്കും പുറത്തുള്ള പ്രമുഖ നേതാക്കളും എംപിമാരും നടത്തിയ സമ്മര്‍ദവും ഫലം കണ്ടു. അവര്‍ നിര്‍ദേശിച്ച ചിലരും പട്ടികയില്‍ ഇടംപിടിച്ചു.
പട്ടിക അഴിച്ചുപണിയുന്നതോടെ നേരത്തേ നിര്‍ദേശിക്കപ്പെട്ട മുപ്പതോളം പേര്‍ പുറത്താകും. 70 വയസ്സ് കഴിഞ്ഞവരാണ് ഇവരിലേറെയും. രാത്രി വൈകിയും ഇതു സംബന്ധിച്ച കൂടിയാലോചനകള്‍ ഗ്രൂപ്പുകളും നേതാക്കളും തമ്മില്‍ നടന്നു.
വനിതാ പ്രാതിനിധ്യം പത്തു ശതമാനമായിട്ടെങ്കിലും ഉയരും. നിലവില്‍ 14 വനിതകളാണ് ഉണ്ടായിരുന്നത്. മഹിളാ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റുമാരില്‍ പ്രധാനികളെയടക്കം പുതുതായി ഉള്‍പ്പെടുത്തും. ഒരു ജില്ലയില്‍ നിന്നു രണ്ടു വനിതയെങ്കിലും ഉണ്ടാകണമെന്ന കാഴ്ചപ്പാടോടെയാണു മാറ്റം. മുന്‍പട്ടികയില്‍ ചില ജില്ലകളില്‍ നിന്നു വനിതകള്‍ ഇല്ലായിരുന്നു. പട്ടികവിഭാഗത്തില്‍പ്പെട്ട പതിനഞ്ചോളം പേരും വരും. പട്ടികയില്‍ നിന്നു പുറത്തായെന്ന പരാതി ഉയര്‍ത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താനെയും ഉള്‍പ്പെടുത്താന്‍ ധാരണയായി.
കെ.സി.വേണുഗോപാല്‍, വി.എം.സുധീരന്‍, പി.സി.ചാക്കോ, കെ.വി.തോമസ്, കൊടിക്കുന്നില്‍ സുരേഷ്, എം.ഐ.ഷാനവാസ്, എം.കെ.രാഘവന്‍ തുടങ്ങിയവരുടെ അടുത്ത അനുയായികളെയും ഉള്‍പ്പെടുത്തി. എല്ലാം ഗ്രൂപ്പുകള്‍ വീതംവച്ചുവെന്നും തങ്ങളെ തഴഞ്ഞുവെന്നുമുള്ള ഇവരുടെ പരാതിയാണ് ആത്യന്തികമായി പട്ടികയില്‍ മാറ്റംവരുത്തുന്നതിനു കാരണമായത്. ഉറ്റ അനുയായികളെ ഒഴിവാക്കേണ്ടിവന്നതില്‍ എ-ഐ വിഭാഗങ്ങള്‍ അതൃപ്തിയിലാണ്.
Post Your Comments